പച്ചവെളിച്ചം കെടാതെ കാത്ത് വിപണി, വമ്പന്‍ മുന്നേറ്റവുമായി വണ്ടര്‍ലാ, ഹൊനാസയും കുതിപ്പില്‍

വിലക്ക് നീങ്ങിയ റിലയന്‍സ് പവര്‍ 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടില്‍

Update:2024-12-04 18:02 IST

ദിവസം മുഴുവന്‍ നീണ്ടു നിന്ന കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 110 പോയിന്റ് ഉയര്‍ന്ന് 80,956.33ലും നിഫ്റ്റി 10.30 പോയിന്റിന്റെ നേരിയ നേട്ടത്തോടെ 24,467.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സൗത്ത് കൊറിയന്‍ പ്രശ്‌നങ്ങള്‍ ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രകടനത്തിനിടയാക്കിയെങ്കിലും ഇന്ത്യന്‍ വിപണിക്ക് പിടിച്ചു നില്‍ക്കാനായി. ഫെഡ് ചെയര്‍മാന്റെ പ്രസംഗമായിരിക്കും ഇനി വിപണിയെ ഉടന്‍ ബാധിക്കുക. റിസര്‍വ് ബാങ്കിന്റെ പണനയപ്രഖ്യാപനം പുറത്തു വരാനിരിക്കെ ഇന്ത്യന്‍ നിക്ഷേപകര്‍ ജാഗ്രതയിലായതാണ് കഴിഞ്ഞ ദിവസത്തെ നേട്ടക്കുതിപ്പ് തുടരുന്നതില്‍ നിന്ന് വിപണിയെ പിന്‍വലിച്ചത്.
ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി എന്നിവയടക്കമുള്ള വമ്പന്‍ ഓഹരികള്‍ കാര്യമായ താഴ്ചയിലാണ്.

വിവിധ സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.89 ശതമാനവും നേട്ടത്തിലാണ് അവസാനിപ്പിച്ചത്. പി.എസ്.യു ബാങ്ക്, റിയല്‍റ്റി സൂചികകള്‍ രണ്ട് ശതമാനത്തിലധികം ഉയര്‍ന്ന് വിപണികള്‍ക്ക് കരുത്ത് പകര്‍ന്നു.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

തുടര്‍ച്ചയായ രണ്ടാമത്തെ വ്യാപാര സെഷനിലാണ് പി.എസ്.യു ബാങ്ക് സൂചിക മുന്നേറ്റത്തിലാകുന്നത്. 2.25 ശതമാനം ഉയര്‍ന്ന സൂചിക മൂന്ന് മാസത്തെ ഉയരത്തിലെത്തി. റിസര്‍വ് ബാങ്കിന്റെ ഭാഗത്തു നിന്ന് അനുകൂലമായ പണനയ നീക്കമുണ്ടാകുമെന്നതാണ് സൂചികയെ ഉയര്‍ത്തിയത്.
ബാങ്കിംഗ് സംവിധാനത്തിലേക്ക് കൂടുതല്‍ ലിക്വിഡിറ്റി കൊണ്ടു വരാനും വായ്പകള്‍ ത്വരിതപ്പെടുത്താനും ക്യാഷ് റിസര്‍വ് റേഷ്യോ വെട്ടിക്കുറയ്ക്കുമെന്നാണ് കരുതുന്നത്. ഇത് സാമ്പത്തിക സ്ഥാപനങ്ങളുടെ ലാഭക്ഷമത ഉയരാനും ഗുണം ചെയ്യും. ജി.ഡി.പി വളര്‍ച്ച ഏഴ് ത്രൈമസത്തിലെ കുറഞ്ഞ തലത്തിലെത്തിയിക്കുന്നതു മൂലം സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ശുഭാപ്തിവിശ്വാസം ഉടലെടുത്തിരിക്കുന്നത്.

നേട്ടത്തിലേറിയവര്‍

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് ഇന്ന് ഒമ്പത് ശതമാനത്തോളം മുന്നേറ്റവുമായി നിഫ്റ്റി 200ന്റെ നേട്ട പട്ടികയില്‍ ഇടം പിടിച്ചത്.

മാമഎര്‍ത്തിന്റെ മാതൃസ്ഥാപനമായ ഹൊനാസ കണ്‍സ്യൂമറിന്റെ ഓഹരി വില ഇന്ന് 10 ശതമാനം ഉയര്‍ന്ന് അപ്പര്‍സര്‍ക്യൂട്ടിലെത്തി. കമ്പനിയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായ വരുണ്‍ അലഗ് 4.5 കോടി രൂപ വില വരുന്ന ഓഹരികള്‍ സ്വന്തമാക്കിയത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതാണ് ഓഹരിയില്‍ മുന്നേറ്റമുണ്ടാക്കിയത്‌

അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലാണ്. ഓഹരി വില 41.07 രൂപയിലെത്തി. കമ്പനിയെ പുനരുപയോഗ ഊര്‍ജ ഉത്പാദന കരാറുകളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സെസി) പിന്‍വലിച്ചതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. കമ്പനിയെ വിലക്കുന്നതിന് ഡല്‍ഹി ഹൈകോര്‍ട്ട് കഴിഞ്ഞയാഴ്ച സ്‌റ്റേ നല്‍കിയതിന് പിന്നാലെയാണ് സെസിയുടെ തീരുമാനം. ജൂണില്‍ സെസി നടത്തിയ ടെണ്ടറില്‍ അനില്‍ അംബാനി കമ്പനികള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

നഷ്ടത്തിലായവര്‍

അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, ഭാരതി എയര്‍ടെല്‍, സിപ്ല, സംവര്‍ധന മദേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എന്നിവയാണ് വീഴ്ചയ്ക്ക് ചുക്കാന്‍ പിടിച്ചത്.

കുതിച്ചു കയറി വണ്ടര്‍ലാ

കേരള ഓഹരികളില്‍ ഇന്ന് നേട്ടക്കുതിപ്പ് കാഴ്ചവച്ചത് പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ലാ ഹോളിഡേയ്‌സാണ്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് വഴി 600 കോടി രൂപ സമാഹരിച്ചതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. 15 ശതമാനത്തോളം ഉയര്‍ന്ന ഓഹരി വില വ്യാപാരാന്ത്യത്തില്‍  7 ശതമാനത്തിലേക്ക് കുറഞ്ഞു.
ധനലക്ഷ്മി ബാങ്ക് ഇന്ന് 13 ശതമാനത്തോളം നേട്ടത്തിലാണ്. പ്രൈവറ്റ് ബാങ്ക് ഓഹരികളിലുണ്ടായ മുന്നേറ്റമാണ് ഈ ഓഹരിയിലും നേട്ടമുണ്ടാക്കിയത്. ഫെഡറല്‍ ബാങ്ക് 2.28 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് അഞ്ച് ശതമാനവും ഉയര്‍ന്നു. അതേസമയം, സി.എസ്.ബി. ബാങ്ക് നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കേരള ഓഹരികളുടെ പ്രകടനം

സെല്ല സ്‌പേസ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, യൂണിമറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയും നാല് ശതമാനത്തിലധികം നേട്ടത്തിലാണ്.
സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട കേരള ഓഹരി. 5.95 ശതമാനം ഇടിവിലാണ് ഓഹരി. 4.54 ശതമാനം ഇടിവുമായി പോപ്പീസ് കെയര്‍ തൊട്ടു പിന്നിലുണ്ട്. തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ട് തൊട്ടിരുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്ന് നേരിയ നഷ്ടത്തിലായി. കല്യാണ്‍ ജുവലേഴ്‌സ്, കേരള ആയുര്‍വേദ, വി-ഗാര്‍ഡ് ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.
Tags:    

Similar News