ഓഹരി വിപണിയുടെ തകര്‍ച്ച ലോകാവസാനമല്ല!

Update:2018-10-15 16:55 IST

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതില്‍ 90 ശതമാനത്തോളം കമ്പനികളും ഈ വര്‍ഷം അവരുടെ ഉയര്‍ച്ചയില്‍ നിന്ന് ഇരുപത് ശതമാനമെങ്കിലും താഴേയ്ക്ക് വന്നിട്ടുണ്ട് ഇതുവരെ. ഒരു ശരാശരി നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വിപണിയില്‍ കുറഞ്ഞത് 40 മുതല്‍ 50 ശതമാനം വരെ തിരുത്തല്‍ നടന്നിട്ടുണ്ട്. ഇരുപത് ശതമാനത്തിലേറെയാണ് വീഴ്ചയെങ്കില്‍ അത് ബെയര്‍ മാര്‍ക്കറ്റ് കാലമായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍, ഓഹരികളുടെ തൊണ്ണൂറു ശതമാനവും ഇപ്പോള്‍ ബെയര്‍ മാര്‍ക്കറ്റിലാണ്. പോര്‍ട്ട്ഫോളിയോകളില്‍ രക്തച്ചൊരിച്ചില്‍ തുടരുന്നു. നിക്ഷേപരംഗത്തെ തുടക്കക്കാര്‍ക്ക് ഇതൊരു പേടിസ്വപ്നമായി തോന്നാം. കാരണം, ഓഹരി വില കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്, അടുത്തെങ്ങും ഉയരുന്ന ലക്ഷണവും കാണുന്നില്ല!

പക്ഷെ, നിക്ഷേപകര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ഇതുപോലെ പരിഭ്രാന്തിയുണ്ടാക്കുന്ന സാഹചര്യങ്ങളും തിരുത്തലുകളും തകര്‍ച്ചകളും ഇതിനു മുന്‍പ് ഒട്ടേറെ പ്രാവശ്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഓരോ തവണയും വിപണി തിരിച്ചു കയറിയിട്ടുമുണ്ട്. അതുകൊണ്ട്, ഇത് ലോകാവസാനമല്ല. തികച്ചും സ്വാഭാവികമായി മാര്‍ക്കറ്റിലുണ്ടാകുന്ന വിഭ്രാന്തി മാത്രം. ഇത്തരം ഓരോ ചാക്രിക പ്രവര്‍ത്തനങ്ങളും നിക്ഷേപകര്‍ക്ക് പുതിയ പാഠങ്ങളാണ്.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ നമ്മളെ ശരിക്കും പ്രോത്സാഹിപ്പിച്ചു വഷളാക്കി. കാരണം, അത്ര മികച്ചതായിരുന്നു റിട്ടേണുകള്‍. ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ഇപ്പോള്‍ തന്നെ പണം നഷ്ടപ്പെട്ടിട്ടുണ്ട്, ഈ സമയത്ത് ഓഹരികള്‍ വിറ്റഴിച്ചാല്‍ അത് കൂടുതല്‍ നഷ്ടമാണുണ്ടാക്കുക. വിപണിയില്‍ ഒരാള്‍ക്കും എപ്പോഴും സ്മാര്‍ട്ട് ആകാന്‍ കഴിയില്ല. സാമര്‍ത്ഥ്യത്തെക്കാളേറെ സ്വഭാവവിശേഷങ്ങളാണ് ഇവിടെ പ്രയോജനപ്പെടുക.

ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ വിപണി എല്ലാവരെയും വിഡ്ഢികളാക്കാറുണ്ട്. മൂലധന സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന, ഉയര്‍ന്ന പിഇ റേഷ്യോ ഗുണമേന്മയെക്കൊണ്ട് ന്യായീകരിക്കുന്ന പലരും മൂന്ന് നാല് വര്‍ഷം മുന്‍പ് വിപണിയില്‍ ബെയറിഷ് ആയിരുന്നു.

അവര്‍ക്ക് കഴിഞ്ഞുപോയ റാലിയില്‍ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, ഏതാനും ആഴ്ചകള്‍ക്ക് മുന്‍പുവരെ അവരെല്ലാം മികച്ച നിലയിലുമായിരുന്നു. യാഥാസ്ഥിതികതയും മൂലധന സംരക്ഷണവും ഉള്‍പ്പെടെയുള്ള അവരുടെ പ്രവര്‍ത്തന ശൈലി ബ്ലൂ ചിപ്പ് ഓഹരികളുടെ വിറ്റഴിക്കല്‍ തുടങ്ങുന്നതിനു മുന്‍പ് ഉള്ള എട്ട് മാസം വരെ നന്നായി നടക്കുകയും ചെയ്തു. എല്ലാ രീതികള്‍ക്കും, എല്ലാ തന്ത്രങ്ങള്‍ക്കും ഒരു കാലയളവുണ്ട്. വിപണി ചാക്രികമാണ്. കമ്പനികള്‍ പോലും ഇത്തരം ആവൃത്തികളിലൂടെ കടന്നുപോകാറുണ്ട്.

നമ്മുടെ ജിഡിപി ഉയരുകയാണ്, ഉല്‍പ്പാദന മേഖല വളരുന്നു, കാര്‍ഷികരംഗം വലിയ പ്രശ്നമില്ലാതെ പോകുന്നു, കെട്ടിട നിര്‍മാണ മേഖല മികച്ച നിലയിലാണ്, വ്യവസായ വളര്‍ച്ചയും നല്ല രീതിയില്‍, നാണയപ്പെരുപ്പം നാല് ശതമാനം എന്ന കുറഞ്ഞ നിരക്കില്‍ നില്‍ക്കുന്നു. സാമ്പത്തിക മേഖലയില്‍ ഇങ്ങനെ ഒരുപാട് മികച്ച കാര്യങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ഓഹരി വിപണി വീണു?

കാരണങ്ങളിലല്ല കാര്യം

വിപണിയില്‍ ഉയര്‍ച്ചയും താഴ്ചയും സാധാരണമാണ്. 2008ല്‍ നിക്ഷേപ രംഗത്തുണ്ടായിരുന്നവര്‍ വിപണിയുടെ ഏറ്റവും ഭയാനകമായ വശങ്ങള്‍ കണ്ടവരാണ്. മാര്‍ക്കറ്റില്‍ ആശങ്കയുള്ളപ്പോള്‍ നിങ്ങളോട് പലരും പറയും, ഇത് ഇനി കൂടുതല്‍ മോശമാകാന്‍ പോകുകയാണ് എന്ന്. എന്നാല്‍ അത്തരം അഭിപ്രായ

ങ്ങളോ അല്ലെങ്കില്‍ വിപണിയുടെ വീഴ്ചയ്ക്ക് കാരണമായ ഘടകങ്ങളോ പ്രധാനമല്ല. ഒരു കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത്!

സ്റ്റോക്കുകള്‍ ഈട് നല്‍കി പണം കടം വാങ്ങുന്ന ധാരാളം ആളുകള്‍ വിപണിയിലുണ്ട്. വില താഴുമ്പോള്‍ അവര്‍ക്ക് മാര്‍ജിന്‍ കോള്‍ കിട്ടും, ഈ ഓഹരികള്‍ ഫൈനാന്‍ഷ്യറോ ബ്രോക്കറോ വില്‍ക്കുകയും ചെയ്യും. വിലയോ മറ്റ് കാര്യങ്ങളോ പരിഗണിക്കാതെയാണ് ഈ വില്‍പ്പന. ആഗ്രഹമുണ്ടായിട്ടല്ല, പക്ഷെ, വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണ്. ഇവിടെയാണ് വാല്യൂ ഇന്‍വെസ്റ്റര്‍മാര്‍ക്ക് മികച്ച അവസരങ്ങളുണ്ടാകുന്നത്. യഥാര്‍ത്ഥ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇതൊരു ഹ്രസ്വകാല ബുദ്ധിമുട്ട് മാത്രമാണ്. ഈ ചെറിയ കാലഘട്ടവും വളരെ പെട്ടെന്ന് മാറിപ്പോകും.

ഈ വിറ്റൊഴിക്കല്‍ എന്ന് അവസാനിക്കും? ആര്‍ക്കും അത് പ്രവചിക്കാന്‍ കഴിയില്ല. ഭീതിയുടെയും ആശങ്കകളുടെയും ശക്തിയെ അവഗണിക്കാനും സാധ്യമല്ല. പക്ഷെ സമയം നിങ്ങളുടെ കൂടെ ഉണ്ടെങ്കില്‍ - ദീര്‍ഘകാലത്തേയ്ക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് അവസരങ്ങളിലാണ്, അവ പ്രയോജനപ്പെടുത്താനുള്ള മാര്‍ഗങ്ങളിലും.

വില വളരെ താഴ്ന്ന സ്മോള്‍ കാപ്, മിഡ് കാപ് ഓഹരികളില്‍ ഞാന്‍ നല്ല ആകര്‍ഷകമായ വാല്യൂവേഷന്‍ കാണുന്നുണ്ട്, പക്ഷെ, തെരഞ്ഞെടുക്കപ്പെട്ട ചിലതില്‍ മാത്രം.വളരെ വ്യത്യസ്തമായാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. എല്ലായിടത്തും ഡിസ്റപ്ഷനുകള്‍ നടക്കുന്നു. തട്ടിപ്പ് കമ്പനികളുടെ കള്ളങ്ങള്‍ വേഗത്തിലാണ് പുറത്തുവരുന്നത്. സാമ്പത്തിക മേഖലയില്‍ അടിസ്ഥാനപരമായി തന്നെ വന്ന മാറ്റങ്ങളാണ് ഇതിനു കാരണം. നമ്മുടെ സംവിധാനം പൂര്‍ണമായി ശുദ്ധമാക്കാന്‍ അത്രയേറെ ശ്രമങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ തട്ടിപ്പ് കമ്പനികള്‍ ചിലതെങ്കിലും അടച്ചുപൂട്ടപ്പെടും, നിക്ഷേപകര്‍ക്ക് മൂലധന നഷ്ടമുണ്ടാകുകയും ചെയ്യാം.

Similar News