ഹൃദ്രോഗത്തിന് കാരണം ആര്‍ട്ടിഫിഷ്യല്‍ ട്രാന്‍സ്ഫാറ്റ്; കേരളത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പരിശോധന കര്‍ശനമാക്കുന്നു

Update: 2019-10-31 12:08 GMT

വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ട്രാന്‍സ്ഫാറ്റ് അഥവാ പൂരിത കൊഴുപ്പ് നിയന്ത്രിക്കാന്‍ സംസ്ഥാന തല ശ്രമങ്ങള്‍ നവംബര്‍ ഒന്ന് മുതല്‍ ശക്തമാക്കുന്നു. ഹൃദയധമനികള്‍ക്കുണ്ടാകുന്ന അസുഖത്തിന്റെ പ്രധാനകാരണമായി ആര്‍ട്ടിഫിഷ്യല്‍ ട്രാന്‍സ്ഫാറ്റ് ഒഴിവാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ട്രാന്‍സ്ഫാറ്റിന് തടയിടാന്‍ ശ്രമം ശക്തമാകുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ഗവണ്‍മെന്റ് അനലറ്റിക്കല്‍ ലബോറട്ടറികളില്‍ ഭക്ഷ്യവസ്തുക്കളിലെ ട്രാന്‍സ്ഫാറ്റ് അളവ് പരിശോധിക്കും.

അനുവദനീയമായ അളവില്‍ കൂടുതല്‍ ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ഹൃദ്രോഗത്തിനു പുറമെ ഇന്‍ഫ്‌ളമേഷന്‍ കൂട്ടുകയും ഇന്‍സുലിന്‍ പ്രതിരോധം, കുടവയര്‍ ഇവയ്ക്കു കാരണമാകുകയും ചെയ്യും. മാര്‍ഗരിന്‍, പീനട്ട് ബട്ടര്‍, ക്രീം, അജിനോമോട്ടോ, വനസ്പതി, ബ്രെഡ് സ്‌പ്രെഡ് ഇവയിലെല്ലാമുള്ള ട്രാന്‍സ്ഫാറ്റുകള്‍ ആരോഗ്യത്തിനു ദോഷകരമാണ്.

ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലും ആര്‍ട്ടിഫിഷ്യല്‍ ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും കൃത്രിമമായ ഉപയോഗത്തിനാണ് നിയന്ത്രണം വരുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്എസ്എസ്‌ഐ) 2022 ഓടെ ഭക്ഷണപദാര്‍ത്ഥങ്ങളിലെ പൂരിത കൊഴുപ്പ് പൂര്‍ണമായും നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ്.

Similar News