ഭക്ഷണത്തിലൂടെ ലോകം ചുറ്റാം! 20ലേറെ രാജ്യങ്ങളിലെ സ്വാദിഷ്ട വിഭവങ്ങളുമായി റോസ്റ്റൗണ്‍ കൊച്ചിയില്‍
കേരളത്തിന് പുറമേ ദക്ഷിണേന്ത്യയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും ഉടന്‍
പുതുതലമുറയുടെ ഭക്ഷണാസ്വാദനം അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നേറുന്നതാണ് ഇന്നത്തെ കാഴ്ച. ചൈനീസും തായ് ഫുഡ്ഡുമൊക്കെ കടന്ന് അറബിക്കും ഇറ്റാലിയനും ടര്‍ക്കിഷുമെല്ലാം അവരുടെ മെന്യുവില്‍ ഇടംപിടിച്ചിരിക്കുന്നു. 20ലേറെ രാജ്യങ്ങളിലെ സ്വാദിഷ്ട വിഭവങ്ങളുടെ, വൈവിദ്ധ്യമാര്‍ന്ന മെന്യുവുമായി റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ റെസ്‌റ്റോറന്റ് കൊച്ചി ഇടപ്പള്ളിയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. 2019ല്‍ തൃശൂരില്‍ തുടക്കമായ റോസ്റ്റൗണിന്റെ പുതിയ റെസ്റ്റോറന്റാണ് ഇടപ്പള്ളിയില്‍ തുറന്നത്.
ടര്‍ക്കി, മൊറോക്കോ, ജോര്‍ജിയ, കെനിയ, മെക്‌സിക്കോ, വിയറ്റ്‌നാം, മൊസാംബിക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കൊതിയൂറും ഭക്ഷണ വൈവിദ്ധ്യങ്ങള്‍ റോസ്റ്റൗണിന്റെ മെന്യൂവിലുണ്ട്. ഇത്രയധികം രാജ്യങ്ങളിലെ ഭക്ഷണങ്ങള്‍ ആസ്വദിക്കാവുന്ന ഇന്ത്യയിലെ ഏക റെസ്‌റ്റോറന്റാണ് റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ടര്‍ക്കിഷ് പിലാഫ്, ഇറ്റലിയുടെ റിസോറ്റോ, മെക്‌സിക്കോയുടെ ഫ്രഷ് കാച്ച് വെരാക്രൂസ്, അഫ്ഗാനില്‍ നിന്നുള്ള കാബൂളി ഗ്രില്‍, കെനിയയുടെ കുകു പാകാ, ഫിലിപ്പൈന്‍സിന്റെ കപാംപാങ്ങന്‍സിഗിഗ്, സ്‌പെയിനില്‍ നിന്നുള്ള പോട്ട്‌ലക്കി തുടങ്ങി ലോക പ്രശസ്തമായ നിരവധി വിഭവങ്ങള്‍ റോസ്റ്റൗണില്‍ ആസ്വദിക്കാം. വെജിറ്റേറിയന്‍ വിഭവങ്ങളും ആകര്‍ഷണങ്ങളാണ്.
ഒരേസമയം 150 പേര്‍ക്കിരിക്കാവുന്ന സൗകര്യം റെസ്റ്റോറിന്റിലുണ്ട്. സാധാരണ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതിന് പുറമേ മികച്ച ആസ്വാദനം സമ്മാനിക്കുന്ന ഫ്‌ളാറ്റ്-വോക്, ഷെഫ് സ്റ്റുഡിയോ, റൊമാന്റിക് ഏരിയ, മിക്‌സോളജി ബാര്‍, ലൈവ് കിച്ചന്‍ തുടങ്ങിയ ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. ബെര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ചെറിയ യോഗങ്ങള്‍ തുടങ്ങിയവ നടത്താനുള്ള സൗകര്യവുമുണ്ട്.
റോസ്റ്റൗണിലെ ഓരോ ഭക്ഷണവും കഴിക്കുമ്പോള്‍ അതത് രാജ്യങ്ങളിലെത്തിയ അനുഭൂതിയാകും ആസ്വാദകര്‍ക്ക് ലഭിക്കുകയെന്ന് റോസ്റ്റൗണിന്റെ ഉടമസ്ഥൃ കമ്പനിയായ തൃശൂരിലെ ഫ്യൂച്ചര്‍ ഫുഡ്‌സിന്റെ സെലബ്രിറ്റി ഷെഫ് മുഹമ്മദ് സിദ്ദിക്ക് പറഞ്ഞു. രണ്ടുവര്‍ഷമെടുത്താണ് റോസ്റ്റൗണിലെ മെന്യൂ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ നഗരങ്ങളിലേക്ക്
2030ഓടെ അഖിലേന്ത്യാതലത്തിലേക്കും മിഡില്‍ ഈസ്റ്റിലേക്കും സാന്നിദ്ധ്യം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫ്യൂച്ചര്‍ ഫുഡ്‌സിന്റെ മാതൃകമ്പനിയായ എ.ജി ആന്‍ഡ് എസ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബിജു ജോര്‍ജ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ജ് ജോഷി, മെന്റര്‍ അരവിന്ദ് എന്നിവര്‍ പറഞ്ഞു. 2025നകം കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ദക്ഷിണേന്ത്യയിലെ മെട്രോ നഗരങ്ങളാണ് അടുത്ത പ്രധാനലക്ഷ്യം. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സാന്നിദ്ധ്യമറിയിക്കും. എ, ബി ശ്രേണികളിലാകും റെസ്റ്റോറന്റുകള്‍ സജ്ജമാക്കുക. കൊച്ചിയിലേത് എ ശ്രേണിയാണ്. ബി ശ്രേണിയില്‍ 60-80 സീറ്റുകളാകുമുണ്ടാവുകയെന്ന് അരവിന്ദ് വ്യക്തമാക്കി.
വലിയ ലക്ഷ്യങ്ങള്‍
2025നകം ദക്ഷിണേന്ത്യയില്‍ 10-15 ശാഖകള്‍ തുറക്കും. ഇതിന് 70 കോടി രൂപ നിക്ഷേപം വിലയിരുത്തുന്നു. 2030ഓടെ അഖിലേന്ത്യാതലത്തിലേക്കും മിഡില്‍ ഈസ്റ്റിലേക്കും വളര്‍ന്ന് ശാഖകള്‍ 30-40 ആക്കും. ഇതിന് ഉന്നമിടുന്ന നിക്ഷേപം 200 കോടിയോളം രൂപയാണ്.
കമ്പനി നേരിട്ട് നടത്തുന്നതിന് പുറമേ ഫ്രാഞ്ചൈസിയായും പുതിയ റെസ്റ്റോറന്റുകൾ തുറക്കും. ഒറ്റയ്ക്ക് നിലകൊള്ളുന്ന റെസ്റ്റോറന്റ് എന്നതിന് പുറമേ മാളുകള്‍, 5-സ്റ്റാര്‍ ഹോട്ടലുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളും ഇതിലുണ്ടാകും. ഫ്രാഞ്ചൈസി ശാഖകളുടെ മാനേജ്‌മെന്റ് റോസ്റ്റൗണ്‍ തന്നെ നിര്‍വഹിക്കും. കൊച്ചിയിലെ റെസ്‌റ്റോറന്റില്‍ നിലവില്‍ പ്രതിദിനം ശരാശരി 4 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എ.ജി ആൻഡ് എസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോഷി ജോർജിന്റെ സാക്ഷാത്കാരമാണ് റോസ്റ്റൗൺ.