നിങ്ങള്‍ക്ക് ഡിപ്രഷന്‍ ഉണ്ടോ? തിരിച്ചറിയാം, തിരികെ വരാം ജീവിതത്തിലേക്ക്; ശാസ്ത്രീയമായ വഴികളിതാ

Update: 2020-06-17 11:19 GMT

പ്രശസ്തിയിലും സമ്പന്നതയിലും നിന്നിട്ടുപോലും എന്തുകൊണ്ടാണ് ആളുകള്‍ വിഷാദത്തിന്റെ പിടിയിലേക്ക് വീണുപോകുന്നത്. രാത്രി വരെ പുഞ്ചിരിച്ച് കൊണ്ട് സംസാരിച്ചയാള്‍ക്ക് എങ്ങനെ പിറ്റേന്ന് രാവിലത്തെ ഒരു ആത്മഹത്യാവാര്‍ത്തയായി മാറാന്‍ കഴിയും. ഏതൊരു വ്യക്തിയും അവരറിയാത്ത ചിന്താ ധാരകളും പേറിയാണ് നടക്കുന്നത്. ഈ ചിന്തകളുടെ ബാലന്‍സ് തെറ്റുമ്പോള്‍, അല്ലെങ്കില്‍ ഒറ്റപ്പെട്ടെന്നു തോന്നുന്ന ഒരു നിമിഷത്തില്‍ ജീവിതം അവസാനിപ്പിച്ചു കളയുന്നവരാണ് പലരും. വിഷാദത്തിന്റെ മഞ്ഞകലര്‍ന്ന പൂക്കളാകാം ആരുമറിയാതെ അവരുടെ പുഞ്ചിരിയുടെ വസന്തത്തില്‍ വിരിഞ്ഞതത്രയും. എങ്ങനെയാണ് വിഷാദം ഇത്രമേല്‍ ആളുകളുടെ മനസ്സില്‍ വേരിറങ്ങുന്നത്. പെട്ടെന്നുള്ള മൂഡ് സ്വിംഗ്‌സ്, പെട്ടന്നുള്ള ദേഷ്യം, സങ്കടം, ഒറ്റപ്പെടല്‍, മടുപ്പ്, ഉറക്കമില്ലായ്മ, കൂടുതല്‍ ഉറക്കം, മരണഭയം ഉള്‍പ്പെടെയുള്ള ഭയങ്ങള്‍ അങ്ങനെ വിഷാദത്തിന്റെ പല നിറങ്ങളാണ് പലരിലും. അതിന്റെ അങ്ങേ തലമാണ് ആത്മഹത്യാപ്രവണത. ലോക്ഡൗണ്‍ കൂടെയായതോടെ വിഷാദത്തിന് പലര്‍ക്കും പുതിയ കാരണവുമായി. വിഷാദത്തിന്റെ പല മുഖങ്ങളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പിന്നീട് എങ്ങനെയാണ് വിഷാദത്തില്‍ നിന്നു പുറത്തു കടക്കുകയെന്നതും.ഇതാ സ്വയം തിരിച്ചറിയാം. കുടഞ്ഞെറിയാം വിഷാദത്തെ.

സംഘര്‍ഷത്തെ തിരിച്ചറിയുക

കോര്‍പ്പറേറ്റ്‌സ്, അഭിനേതാക്കള്‍, സംവിധായകര്‍, വിദ്യാര്‍ത്ഥികള്‍, സാധാരണക്കാര്‍ അങ്ങനെ വിഷാദം കടന്നു കൂടാന്‍ ആര്‍ക്കും എപ്പോഴും സാധ്യതകളുണ്ട്. ഏതൊരു വ്യക്തിയും സാധാരണ മനുഷ്യരാണ് എന്ന തിരിച്ചറിവാണ് വേണ്ടത്. മറ്റുള്ളവയെല്ലാം മനുഷ്യര്‍ കൈകാര്യം ചെയ്യുന്ന റോളുകളാണ്. തിരിച്ചറിവാണ് വേണ്ടത്. മാനുഷികമായ വികാരങ്ങളെ, സിംപിള്‍ ആയി പറഞ്ഞാല്‍ വ്യക്തിപരമായി മനസ്സിന് സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളെ തിരിച്ചറിയാതെ, സമൂഹം ആവശ്യപ്പെടുന്ന തരത്തില്‍ പെരുമാറുകയും ചെയ്യേണ്ടി വരുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്‌നം. അതാണ് ഒരു വ്യക്തി പോലും അറിയാതെ അയാള്‍ക്ക് പലപ്പോഴും സമ്മര്‍ദ്ദമായി വരുന്നത്. ഉള്ളില്‍ ഇത്തരം അടിച്ചമര്‍ത്തലുകള്‍ ഉണ്ടോ എന്നത് അവനവനിലേക്ക് നോക്കിയാല്‍ കണ്ടെത്താവുന്നതാണ്.

സന്തോഷത്തിന്റെ ഗ്രാഫ്

മുമ്പുണ്ടായിരുന്ന നമ്മളില്‍ നിന്ന് ഇപ്പോള്‍ നമ്മള്‍ എത്ര മാറി. എത്ര സങ്കടമുള്ള വ്യക്തിയാണ്, സന്തോഷം എത്രത്തോളം ജീവിതത്തില്‍ നിന്നും കുറഞ്ഞു എന്നൊക്കെ സ്വയം പരിശോധിക്കണം. ചിലര്‍ പറയാറുണ്ട് 'പണ്ട് ഞാന്‍ ഭയങ്കര സന്തോഷവാനായിരുന്നു'', ''ഇപ്പോള്‍ തീരെ ഉറക്കമില്ല'', ''പണ്ട് മദ്യപിക്കാറില്ലായിരുന്നു, ഇപ്പോള്‍ മദ്യമില്ലാതെ ഉറങ്ങാന്‍ കഴിയില്ല'' എന്നൊക്കെ. ഇത്തരം വാചകങ്ങള്‍ അല്ലെങ്കില്‍ ഇത്തരം ചിന്തകള്‍ മനസ്സിലേക്ക് വരുന്നെങ്കില്‍ നിങ്ങളുടെ സന്തോഷത്തിന്റെ ഗ്രാഫ് സ്വയം ചെക്ക് ചെയ്യേണ്ടിയിരിക്കുന്നു. ഒരു കാരണമില്ലാതെയും നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ദേഷ്യം, സങ്കടം എന്നിവയൊക്കെ വരുന്നുവെങ്കില്‍ ഉടന്‍ തന്നെ ഒരു നല്ല മാനസിക രോഗ വിദഗ്ധനെ സമീപിക്കുക. ബിപിയോ, ഷുഗറോ, തൈറോയ്‌ഡോ പോലെ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ തന്നെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കും പിന്നിലെന്ന് തിരിച്ചറിയുക.

ഒരു 'W'രണ്ട് 'H'

'ഡബ്ല്യുഎച്ച് സ്‌ക്വയര്‍' അഥവാ നിങ്ങളെ കീഴ്‌പെടുത്തുന്ന ആ മൂന്നു തരം നിരാശകള്‍ അത് കണ്ടെത്തണം. പ്രത്യേകിച്ച് ബിസിനസുകാര്‍ തിരിച്ചറിയേണ്ട W, H എന്നത് എന്താണെന്നു നോക്കാം. Worthlessness ആണ് ഒന്നാമത്തേത്. ചെയ്യുന്നതെല്ലാം പരാജയപ്പെടുന്നു, ബിസിനസില്‍ നഷ്ടം മാത്രം സംഭവിക്കുന്നു, എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നലുകള്‍ പിന്തുടരുന്നതാണ് പൊതുവെ Worthlessness എന്നത്. ഇത് തുടക്കത്തിലേ തിരിച്ചറിയുക എന്നത് പ്രധാനമാണ്. രണ്ടാമത്തേത് Hopelessness ആണ്. കൊറോണയാണ്, ഇന്നോ നാളോ കഴിയുമെന്ന് തോന്നുന്നില്ല, എനിക്കൊരു പ്രതീക്ഷയുമില്ല, ജീവിതം മടുത്തു എന്ന ചിന്തകളൊക്കെ അത്തരത്തിലുള്ളതാണ്. ഇത്തരക്കാരോട്, നിങ്ങള്‍ പോലും അറിയാതെ നിങ്ങള്‍ വിഷാദത്തിന്റെ ആ 'എച്ച്' മറികടക്കാന്‍ പാടുപെടുകയാണ്.

അതിസമ്പന്നായി ജീവിച്ചിരുന്ന അറയ്ക്കല്‍ ജോയ് എന്ന ബിസിനസുകാരന്റെ മരണം പോലും ഈ എച്ച് എന്ന വിഷാദത്തില്‍ മഹാ വലയത്തില്‍ വീണു പോയതാകണം. അടുത്തത് Helplessness ആണ്. കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ത്ഥയ്ക്ക് സംഭവിച്ചത് ഈ 'H' അധികമായുള്ള വിഷാദമായിരുന്നു. സഹായം ചോദിക്കാന്‍ മടി, ആരും സഹായിക്കുന്നില്ലെന്ന തോന്നല്‍, ആരെങ്കിലും സഹായിക്കാനുണ്ടായിട്ടുപോലും അതു സഹായമാകില്ല എന്ന തോന്നല്‍ ഇതൊക്കെ നിരന്തരം വേട്ടയാടുന്ന അവസ്ഥയാണിത്. ഇതിനെയെല്ലാം തിരിച്ചറിയാനാകും. അതിനായി യ്വയം ഒരു ടെസ്റ്റ് നടത്തുക. ഡ്രൈവിംഗിലെ എച്ച് പോലെ ഈ രണ്ട് എച്ചുകളും മറികടക്കണം. നിങ്ങള്‍ക്ക് Worthlessness, Hopelessness, Helplessness എന്നിവയില്‍ 10 വീതം മാര്‍ക്കിടുക. അഞ്ചില്‍ താഴെ മാര്‍ക്കുള്ളവര്‍ക്ക് അല്‍പ്പം ആശ്വസിക്കാം. എന്നാല്‍ അഞ്ചോ അതിലധികമോ ആണെങ്കില്‍ ഒരു കണ്‍സള്‍ട്ടന്റിനെ സമീപിക്കുക. പത്തിനോടടുത്താണ് നിങ്ങളുടെ മാര്‍ക്കെങ്കില്‍ ഉടന്‍ തന്നെ സഹായം തേടുക.

ബേസിക്‌സ് താളം തെറ്റല്‍

നേരത്തെ പറഞ്ഞത് വിഷാദം അധികരിക്കുന്ന അവസ്ഥകളില്‍ പ്രകടമാകുന്നതാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ ചില 'ബേസിക്‌' മാറ്റങ്ങള്‍ നമ്മളില്‍ വന്നേക്കാം. ഉറക്ക കുറവ്, ഉറക്ക കൂടുതല്‍, വിശപ്പ് കുറവ്, കൂടുതല്‍, മറവി എന്നിവയൊക്കെ തിരിച്ചറിയുക വളരെ ആവശ്യമാണ്. ലഹരിയുടെ ഉപയോഗം കുറഞ്ഞവരിലേ ഇത്തരം പ്രശ്‌നങ്ങളെ പെട്ടെന്ന് കണ്ടെത്താനാകുകയുള്ളു. ഭക്ഷണം, ഉറക്കം എന്നിവയെല്ലാം കൃത്യനിഷ്ടയോടെ ചെയ്യുന്നവരില്‍ അത് ചെയ്യാതിരിക്കാനുള്ള കാര്യങ്ങള്‍ ബാഹ്യമാണോ ആന്തരികമാണോ എന്നു സ്വയം പരിശോധിക്കുക.

എങ്ങനെയാണ് വിഷാദത്തില്‍ നിന്ന് പുറത്തുകടക്കുക എന്നു നോക്കാം.

ടോക്കിംഗ് ക്യുവര്‍ (Talking Cure)

മനസ്സ് തുറന്നു സംസാരിക്കല്‍ തന്നെയാണ് ആത്യന്തികമായി ഇത്തരം പ്രശ്‌നങ്ങളെ മുളയിലേ നുള്ളാനുള്ള മാര്‍ഗം. സുഹൃത്തുക്കളോടോ പങ്കാളിയോടോ മറ്റു ചിലപ്പോള്‍ ദൈവം എന്ന സങ്കല്‍പ്പത്തോടോ ഒക്കെ മനസ്സു തുറന്നു സംസാരിക്കാന്‍ കഴിയണം. മന:ശാസ്ത്രത്തില്‍ 'ടോക്കിംഗ് ക്യുവര്‍' എന്നു പറയുന്നത് ഇതാണ്. പ്രശ്‌നങ്ങള്‍ ഉള്ളില്‍ ഒതുക്കുന്നതാണ് പല പ്രശ്‌നങ്ങളും തുടങ്ങാനുള്ള കാരണം. ദുംഖങ്ങള്‍ ഉള്ളില്‍ ഒതുക്കിയാല്‍ മറ്റുള്ളവരുടെ മുന്നില്‍ ചിലപ്പോള്‍ പെര്‍ഫെക്റ്റ് ലൈഫ് എന്ന ലേബല്‍ നേടിത്തരും. പക്ഷെ, നിങ്ങളുടെ ലൈഫ് ഒരിക്കലും പെര്‍ഫെക്റ്റ് ആകുകയുമില്ല. ദുരഭിമാനം വെടിഞ്ഞ് സംസാരിക്കാവുന്ന ബന്ധങ്ങള്‍ നിലനിര്‍ത്തണം.

പോസിറ്റീവ് ചിന്തകള്‍

ഡോക്ടര്‍, വക്കീല്‍ എന്നിവരെയൊക്കെ പോലെ സുഹൃത്വലയങ്ങളിലുള്ള മാനസികരോഗ വിദഗ്ധര്‍, കണ്‍സള്‍ട്ടന്റുമാര്‍, കൗണ്‍സിലേഴ്‌സ് എന്നിവരുടെ സഹായം ഇടയ്‌ക്കെങ്കിലും തേടണം. ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ പറ്റുന്ന ഇത്തരം വിദഗ്ധ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നവരെ സുഹൃത്തുക്കളാക്കി സൂക്ഷിക്കുന്നത് ഉപകാരപ്പെടും. ജഡ്ജ് ചെയ്യപ്പെടാതെ തുറന്നു സംസാരിക്കുന്ന നല്ല ഒരു സൗഹൃദം ഉണ്ടാകാന്‍ എപ്പോഴും ശ്രദ്ധിക്കുക. പോസിറ്റീവ് ആയ സംഭാഷണം, ഫിലോസഫിക്കല്‍ പ്രസംഗങ്ങള്‍ കേള്‍ക്കല്‍, ടെഡ് ടോക്‌സ് കേള്‍ക്കല്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ വായിക്കല്‍ പോലുള്ളവ നിങ്ങള്‍ക്ക് ആശ്വാസം പകരും.

സ്‌ട്രെച്ചിംഗും വ്യായാമവും

ഡിപ്രഷനുള്ളവര്‍ക്ക് മെഡിറ്റേഷന്‍ ഒരു പക്ഷെ ഉപകാരപ്പെടില്ല. അതേ സമയം ലാഫിംഗ് തെറപ്പി പോലുള്ളവ ഗുണം ചെയ്യും. എന്നാല്‍ ശരീരത്തിലെ ഓക്‌സിടോസിന്‍, സെറോട്ടോണിന്‍, ഡോപ്പമൈന്‍ തുടങ്ങിയവയുടെ തോത് വര്‍ധിപ്പിക്കാന്‍ സ്‌ട്രെച്ചിംഗ്, വ്യയാമം, കായികാധ്വാനമുള്ള വിനോദങ്ങളുമെല്ലാം നിങ്ങളെ വിഷാദത്തില്‍ നിന്നും രക്ഷിക്കും. മാനസികോല്ലാസം കണ്ടെത്താന്‍ ഡിജിറ്റല്‍ ലോകത്ത് മാത്രം സമയം ചെലവഴിക്കുന്നവരുണ്ട്. എന്നാല്‍ അത് താല്‍ക്കാലിക സന്തോഷം മാത്രമേ നല്‍കുകയുള്ളൂ. ബാഡ്മിന്റണോ നീന്തലോ, നടത്തമോ സ്‌കിപ്പിംഗോ ഒക്കെ ചെയ്തു നോക്കൂ. അലോസരപ്പെടുത്തുന്ന ചിന്തകള്‍ മനസ്സിലേക്ക് വന്നു തുടങ്ങുമ്പോള്‍ തന്നെ നിങ്ങളുടെ ശരീരം നിങ്ങളെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതു കാണാം.

നന്മകള്‍ എഴുതൂ

ഒരു ഡയറിയില്‍ അല്ലെങ്കില്‍ ഒരു നോട്ടുബുക്കില്‍ എന്നും നിങ്ങളുടെ നല്ല വശങ്ങള്‍ എഴുതുക. നിങ്ങള്‍ക്കുള്ള ചെറിയ ചെറിയ ജീവിത സൗകര്യങ്ങള്‍, വിജയങ്ങള്‍, നിങ്ങളുമായി ആരെങ്കിലും നിടത്തിയ അല്ലെങ്കില്‍ നിങ്ങളാരെങ്കിലുമായി നടത്തിയ പോസിറ്റീവ് സംഭാഷണങ്ങള്‍, നിങ്ങളുടെ നന്മകള്‍ എല്ലാം എഴുതി വയ്ക്കുക. ആ 'ഗുഡ് ബുക്ക്' ഇടയ്ക്കിടെ തുറന്നു വായിക്കുന്നതും നല്ലതാണ്. സോഷ്യല്‍മീഡിയ നമ്മുടെ പ്രദര്‍ശനശാലയല്ല. അങ്ങനെ ശീലിച്ചാല്‍ മറ്റുള്ളവര്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങളുമായി താരതമ്യം വരുകയും നിരാശ അനുഭവപ്പെടുകയും ചെയ്യും. എല്ലാത്തിലും മിതത്വം പാലിക്കുക. മറ്റു കാര്യങ്ങളില്‍ ശ്രദ്ധയൂന്നി സോഷ്യല്‍മീഡിയ അഡിക്ഷന്‍ മാറ്റുക. മറ്റുള്ളവര്‍ക്കെന്തുണ്ട് എന്നതല്ല, നമുക്കുള്ളതില്‍ എങ്ങനെ സന്തോഷവാനാകണം എന്നാണ് നമ്മള്‍ തിരിച്ചറിയേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Dr. Vipin Roldant, Perfomance& Business Psychologist, Corporate Trainer/CEO COach (A Mind Behaviour Studio, Cochin: 9744075722)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News