ഗുരുവായൂരിലും തേക്കടിയിലും റിസോര്‍ട്ടുകള്‍; വികസന പദ്ധതികളുമായി സ്റ്റെര്‍ലിംഗ് ഹോളിഡേയ്സ്

Update: 2019-09-12 09:53 GMT

ഹോളിഡേ ബ്രാന്‍ഡായ സ്റ്റെര്‍ലിംഗ് ഹോളിഡേയ്സ് കേരളത്തില്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നു. രാജ്യമൊട്ടാകെ ആറ് റിസോര്‍ട്ടുകള്‍ തുറക്കുന്ന വന്‍വികസനപദ്ധതിയിലെ രണ്ട് റിസോര്‍ട്ടുകള്‍ കേരളത്തിലാണ്. ഇതില്‍ ആദ്യത്തേത് ഗുരുവായൂരില്‍ തുറന്നു. രണ്ടാമത്തേത് ഉടന്‍ തേക്കടിയില്‍ തുറക്കും. തേക്കടിയില്‍ സ്റ്റെര്‍ലിംഗ് ഹോളിഡേയ്സിന്റെ രണ്ടാമത്തെ റിസോര്‍ട്ടാകും ഇത്. ഇതോടെ കേരളത്തിലെ സ്റ്റെര്‍ലിംഗ് ഹോളിഡേസിന്റെ പ്രോപ്പര്‍ട്ടികളുടെ എണ്ണം ആറാകും.

നിലവില്‍ സ്റ്റെര്‍ലിംഗ് ഹോളിഡേയ്സിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 പ്രോപ്പര്‍ട്ടികളുണ്ട്. ആനക്കട്ടി, മൂന്നാര്‍, തേക്കടി, ഗുരുവായൂര്‍, വയനാട് എന്നിവിടങ്ങളിലാണ് കമ്പനിയ്ക്ക് കേരളത്തില്‍ പ്രോപ്പര്‍ട്ടികളുള്ളത്. ആനക്കട്ടിയില്‍ ആദ്യം റിസോര്‍ട്ട് തുറന്ന സ്ഥാപനം സ്റ്റെര്‍ലിംഗ് ഹോളിഡേയ്സായിരുന്നു.

സെപ്റ്റംബര്‍2 -ന് ഗുരുവായൂരില്‍ തുറന്നതോടെ ഗുരുവായൂരില്‍ ഹോട്ടല്‍ തുറക്കുന്ന ആദ്യത്തെ ദേശീയ ഹോട്ടല്‍ ശൃംഖലയും സ്റ്റെര്‍ലിംഗായി. ക്ലാസിക്, പ്രീമിയം കാറ്റഗറികളിലായി മികച്ച സൗകര്യങ്ങളുള്ള 71 മുറികളാണ് സ്റ്റെര്‍ലിംഗ് ഗുരുവായൂരിലുള്ളത്. 300 പേര്‍ക്കുള്ള വിശാലമായ വിവാഹ ഹാളുമുണ്ട്. വിഭവസമൃദ്ധമായ കേരളീയ സദ്യയുള്‍പ്പെടെ കേരളത്തിന്റെ തനതായ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വിളമ്പുന്ന വെജിറ്റേറിയന്‍ റെസ്റ്റോറന്റും ഹോട്ടലിന്റെ ഭാഗമാണ്.

രാജ്യത്തെ പ്രമുഖ സംയോജിത ട്രാവല്‍, ട്രാവല്‍ അനുബന്ധ സാമ്പത്തികസേവനങ്ങള്‍ നല്‍കുന്ന തോമസ് കുക്ക് (ഇന്ത്യ)യുടെ 100% സ്വാതന്ത്ര്യത്തോടെ മാനേജ് ചെയ്യപ്പെടുന്ന ഉപസ്ഥാപനമാണ് സ്റ്റെര്‍ലിംഗ് ഹോളിഡേ റിസോര്‍ട്സ്. 43 ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള രാജ്യാന്തര നിക്ഷേപ, ഇന്‍ഷുറന്‍സ് ഹോള്‍ഡിംഗ് കമ്പനിയായ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ ഭാഗമാണ് തോമസ് കുക്ക് (ഇന്ത്യ).

Similar News