ജോലിയും ജീവിതവും ബാലന്‍സ് ചെയ്യാന്‍ ഈ മാര്‍ഗങ്ങള്‍

Update:2019-09-24 12:51 IST

എത്ര റിലാക്‌സിംഗ് ടെക്‌നിക്കുകള്‍ പരീക്ഷിച്ചാലും മാറ്റാന്‍ കഴിയാത്ത സ്‌ട്രെസ് ആണ് പലരുടെയും പ്രശ്‌നം. ജോലിസ്ഥലത്തെ ടെന്‍ഷന്‍ വീട്ടിലേക്കും കൂട്ടിക്കൊണ്ടുപോകുന്നവരുടെ എണ്ണം ചെറുതല്ല. ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെ ഗ്രസിക്കുക മാത്രമല്ല , കുടുംബ ജീവിതത്തിന്റെ മൊത്തം ബാലന്‍സ് തകര്‍ക്കുന്നതിനും തൊഴിലിടത്തില്‍ വെച്ച് നാം തന്നെ വളര്‍ത്തിയെടുത്ത 'മനോഭാരം' കാരണമാകുന്നു. ചെറിയ പ്രശ്‌നങ്ങളെ വലിയവയാക്കി മാറ്റുന്നതിന് നാം തന്നെ ഉത്തരവാദി. ഇവിടെയാണ് തൊഴില്‍പരമായ സംതൃപ്തി ഉറപ്പാക്കുന്ന ഒക്കുപ്പേഷണല്‍ വെല്‍നെസ്സിന്റെ (occupational wellness) പ്രസക്തി. ജോലി സ്ഥലത്തെ സ്ട്രസ്സിനെ ലഘൂകരിച്ചും, ഒപ്പം ജോലി ചെയ്യുന്നവരുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്തും നമ്മുടെ കരിയര്‍ ഒരു സുഖാനുഭവമാക്കുക. ജോലിഭാരം എന്ന പ്രശ്‌നം തൊഴിലിടത്ത് വെച്ചുതന്നെ പരിഹരിക്കുക. നമ്മുടെ ഒഴിവു സമയ ആനന്ദങ്ങളെയും കുടുംബ സുഖത്തെയും ബാധിക്കാത്ത രീതിയില്‍ , തൊഴിലും വീടും തമ്മില്‍ അരോഗ്യകരമായ ഒരു ബന്ധത്തിന്റേതായ സമതുലിതാവസ്ഥ (ബാലന്‍സ്) നേടിയെടുത്ത് ജീവിത സൌഖ്യം നിലനിര്‍ത്തലാണ് 'ഒക്കുപ്പേഷണല്‍ വെല്‍നസ്സ്'. തൊഴില്‍ ഒരു ഭാരമായി കാണാതെയുള്ള പോസിറ്റീവ് സമീപനമാണ് ഈ 'വെല്‍നസ്സി'ലേക്കുള്ള വഴി.

ഒരു ദിവസത്തിന്റെ വലിയ ഒരു ഭാഗം നമ്മള്‍ ജോലിയിലോ, ജോലി സ്ഥലത്തോ ആയിരിക്കും. അതുകൊണ്ടു തന്നെ നമ്മുടെ പെഴ്‌സനാലിറ്റിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് തൊഴിലിടമായിരിക്കും. സാവധാനം തൊഴിലിടത്തിലെ പ്രശനങ്ങളും പിരിമുറുക്കങ്ങളും നമ്മുടെ വ്യക്തി-കുടുംബ-സമൂഹ ജീവിതങ്ങളിലേക്ക് പകരുന്നുവെന്നതാണ് ദുരന്തം. ഇവിടെ തൊഴിലിനെ നമ്മുടെ എതിരാളിയായി കാണാതെ സുഹൃത്തായി കണ്ടുനോക്കൂ. നമുക്കിഷ്ടമുള്ളതും നമ്മുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാമ്പത്തിക ഭദ്രത ലഭിക്കുന്നതുമായ ജോലി ലഭിക്കാനും ആ ജോലിയില്‍ ക്രിയാത്മകമായി ഇടപെട്ട് സന്തുഷ്ടമായി മുന്നോട്ട് പോകാനും, നമ്മള്‍ നേടിയെടുത്ത ഒക്കുപ്പേഷണല്‍ വെല്‍നസ് നമ്മെ സഹായിക്കുന്നു.

ഏതൊരു ജോലിയോടുമുള്ള പോസിറ്റീവ് മനോഭാവമാണ് ആ ജോലിയിലുള്ള നമ്മുടെ വളര്‍ച്ചയെ പ്രധാനമായും സ്വാധീനിക്കുന്നത്. അത് നമ്മുടെ ജോലിയിതര കാര്യങ്ങളിലും പ്രതിഫലിക്കും. ഈ പൊസിറ്റീവ് മനോഭാവമാണ് ഒക്കുപ്പേഷണല്‍ വെല്‍നസിലൂടെ നമ്മള്‍ നേടാന്‍ ശ്രമിക്കുന്നത്.

ഒക്കുപ്പേഷണല്‍ വെല്‍നസ് നേടാന്‍

  • നമ്മള്‍ക്ക് സന്തോഷം നല്‍കുന്ന ജോലികള്‍ തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കുക
  • സാമ്പത്തിക അളവുകോലില്‍ മാത്രം ജോലി തിരഞ്ഞെടുക്കാതിരിക്കുക
  • സഹപ്രവര്‍ത്തകരുമായി തുറന്ന മനസ്സോടെ ഇടപെടുക
  • പ്രശ്‌നങ്ങളെ ക്രിയാത്മകമായി സമീപിക്കുകയും പരിഹരിക്കുകയും ചെയ്യുക
  • വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക
  • 'കരിയര്‍ ഗോളുകള്‍' സെറ്റ് ചെയ്യുക. അത് നേടാന്‍ പരിശ്രമിക്കുക. നേട്ടത്തിന്റെ പൂര്‍ണതയില്‍ മനസ്സു തുറന്ന് ആനന്ദിക്കുക.
  • ഇങ്ങനെ ചെറിയ ചെറിയ പ്രായോഗിക വഴികളിലൂടെ നമുക്ക് മനോഹരമാക്കാം നമ്മുടെ ജോലിയും ജീവിതവും ബന്ധങ്ങളും.

Similar News