കുടുംബ ബിസിനസുകള്‍ക്ക് ഒരു ദുബായ് മാതൃക

Update:2018-04-03 18:58 IST

രാജ്യത്തെ റീറ്റെയ്ല്‍ വിപണന മേഖലയാകെ കൈയടക്കിയിരിക്കുന്നത് ഫാമിലി ബിസിനസ് സംരംഭങ്ങളാണ്. നമ്മുടെ സംരംഭകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുകയെന്നത് വളരെയേറെ ബുദ്ധിമുട്ടുള്ളൊരു കാര്യമാണ്. എങ്കിലും ആഗോളതലത്തില്‍ നോക്കിയാല്‍ ഇന്ത്യയിലെ ഫാമിലി ബിസിനസ് സംരംഭകരാണ് ഈ മേഖലയില്‍ ഏറ്റവും സമര്‍ത്ഥരായിട്ടുള്ളവര്‍.

വാള്‍മാര്‍ട്ടിന്റെ സ്ഥാപകനായ സാം വാള്‍ട്ടണ്‍ ചെറിയൊരു ഗ്രോസറി ഷോപ്പില്‍ നിന്നാണ് സംരംഭം തുടങ്ങിയത്. അതിബുദ്ധിമാനായിരുന്നില്ലെങ്കിലും സംരംഭത്തെ വളര്‍ത്തണമെന്ന തീവ്രമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ എല്ലാ ദിവസവും അടുത്തുള്ള വമ്പന്‍ ഷോപ്പായ കെമാര്‍ട്ടില്‍ പോയി അവിടെ അവര്‍ എന്താണ് പുതിയതായി ചെയ്യുന്നതെന്ന് നോക്കുമായിരുന്നു. ഒരിക്കല്‍ അബദ്ധത്തില്‍ സ്‌റ്റോറിനുള്ളില്‍ അകപ്പെട്ടുപോയ സാം വാള്‍ട്ടണ്‍ ഒരു രാത്രി മുഴുവന്‍ കെമാര്‍ട്ടിലെ സംവിധാനങ്ങളൊക്കെ നിരീക്ഷിക്കാനും പഠിക്കാനുമാണ് ചെലവഴിച്ചത്. നമ്മുടെ ഫാമിലി ബിസിനസ് സംരംഭകരും ഇതുപോലെ തൊട്ടടുത്ത ഷോപ്പില്‍ എന്തൊക്കെ സംഭവിക്കുന്നുണ്ടെന്ന് പഠിക്കുന്നവരാണ്.

എന്നാല്‍ നമ്മുടെ റീറ്റെയ്ല്‍ സംരംഭകര്‍ അവര്‍ക്ക് ലഭ്യമായ സാധ്യതകളൊക്കെ പ്രയോജനപ്പെടുത്തുന്നുണ്ടോ? ആമസോണിനെക്കുറിച്ച് നമ്മള്‍ സംസാരിക്കുമെങ്കിലും എന്തുകൊണ്ടാണ് അതുപോലുള്ള പുത്തന്‍ മാതൃകകള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കാത്തത്? ബിസിനസില്‍ മുന്നേറണമെന്ന് നമ്മള്‍ എല്ലായ്‌പ്പോഴും പറയാറുണ്ടെങ്കിലും എന്തൊക്കെയോ ചില ഘടകങ്ങള്‍ നമ്മെ പിന്നോട്ട് വലിക്കുന്നുവെന്നതാണ് വാസ്തവം.

മികച്ചൊരു ഫാമിലി ബിസിനസ് മാതൃക

വാള്‍മാര്‍ട്ടിനെയും ആമസോണിനെയും തല്‍ക്കാലം മറക്കാം. പകരം നമ്മുടെ കണ്‍മുന്നില്‍ അതിവേഗം വളര്‍ന്ന് വികസിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും മികച്ചൊരു ഫാമിലി ബിസിനസ് മാതൃകയായ ദുബായ്‌യിലെ അല്‍ മക്തൂം ഫാമിലിയെ ഒന്ന് പരിശോധിക്കാം. 1833ല്‍ ഷേക്ക് മക്തൂം ബിന്‍ അദ്ദേഹത്തിന്റെ ശക്തരായ 900 ആളുകളുമായി അബുദാബിയില്‍ നിന്നും ദുബായ് ക്രീക്കിലെത്തുന്നതോടെയാണ് രണ്ട് നൂറ്റാണ്ടുകള്‍ നീളുന്ന ദുബായ്‌യുടെ അത്ഭുതകരമായ കഥ ആരംഭിക്കുന്നത്. ധാതുക്കളോ കാടോ പുഴയോ വെള്ളമോ ഒന്നുമില്ലാത്തൊരു പ്രദേശം. ആകെ ഉണ്ടായിരുന്നതാകട്ടെ കൊടും ചൂടും ചുറ്റിനും മണലാരണ്യവും മാത്രം. ഇതുപയോഗിച്ച് അവര്‍ എന്ത് ചെയ്തുവെന്നതാണ് നമ്മുടെ ഫാമിലി ബിസിനസ് സംരംഭകര്‍ മനസിലാക്കേണ്ടത്.

അല്‍ മക്തൂം ഫാമിലിയോട് താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ സംരംഭകര്‍ എത്രമാത്രം ഹ്രസ്വവീക്ഷണമുള്ളവരാണെന്ന് മനസിലാകുക. ദുബായ്‌യുടെ മുന്നേറ്റത്തില്‍ ലോകത്തുള്ള ഒരു രാജ്യത്തിനും അവരുമായി കിടപിടക്കാനാകില്ലെന്നതാണ് വാസ്തവം. 1833 മുതല്‍ ഇന്നേവരെ ആറ് തലമുറകളും 11 വ്യത്യസ്ത ലീഡര്‍മാരുമാണ് ദുബായ്‌യിലുണ്ടായത്. ഒരു ഫാമിലി ബിസിനസ് മൂന്ന് തലമുറ പിന്നിടുന്നതോടെ തകര്‍ന്നടിയുമെന്ന വിശ്വാസമാണ് ഇതിലൂടെ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. 1949ല്‍ ജനിച്ച ഇപ്പോഴത്തെ ഷേക്ക് മുഹമ്മദ് 47-ാമത്തെ വയസിലാണ് രാജാവായത്. അന്നേവരെ തനിക്ക് അധികാരം തന്നില്ലെന്ന് അദ്ദേഹം ആരോടും പരാതിപ്പെട്ടിട്ടില്ല.

എന്നാല്‍ ഇവിടെയോ, 27 വയസായിട്ടും ബിസിനസിന്റെ ചുമതല പിതാവ് തനിക്ക് വിട്ടുതരുന്നില്ലെന്ന് നമ്മുടെ യുവ തലമുറ പരിതപിക്കുന്നു. അതേസമയം പിതാവ് ബിസിനസ് നടത്തിക്കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുകയായിരുന്നു ഷേക്ക് മുഹമ്മദ്. ഇങ്ങനെയായിരിക്കണം ഫാമിലി ബിസിനസിന്റെ പ്രവര്‍ത്തനം. 200 വര്‍ഷത്തിനിടെ ആറ് തലമുറകള്‍ക്കിടയില്‍ ഒരു തര്‍ക്കമോ വഴക്കോ ആ കുടുംബത്തില്‍ ഉണ്ടായിട്ടില്ലെന്നതാണ് നമ്മള്‍ പഠിക്കേണ്ട മറ്റൊരു സുപ്രധാന വസ്തുത.

ആവേശോജ്ജ്വലമായ പടയോട്ടം

എങ്ങനെയാണ് അല്‍ മക്തൂം ഫാമിലി ബിസിനസില്‍ മുന്നേറിയത്? 2000ത്തില്‍ ലോകത്തെ ഉയരം കൂടിയ ഒരു കെട്ടിടം നിര്‍മിക്കാന്‍ ദുബായ് തയാറെടുത്തു. 90 നിലകളുള്ള ഒരു പദ്ധതിയാണ് ഷേക്ക് മുഹമ്മദിന് മുന്നിലെത്തിയത്. അതുകണ്ട അദ്ദേഹം ഒരു നിമിഷം പോലും ആലോചിക്കാതെ അതിനെ വീണ്ടും മെച്ചപ്പെടുത്താനാണ് നിര്‍ദേശിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തെക്കാള്‍ 40 ശതമാനം അധികം ഉയരമുള്ള ഒരു കെട്ടിടത്തിന്റെ പ്ലാന്‍ ഷേക്കിന്റെ മുന്നിലെത്തുകയും അത് അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. ആകാശത്തേക്ക് കുത്തനെ ഒരു കിലോമീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഒരു കെട്ടിടം-ബുര്‍ജ് ഖലീഫ. മതിയായ റോഡുകളോ കുടിവെള്ളമോ ഇല്ലാതിരുന്ന ഒരു സ്ഥലത്താണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇത്തരമൊരു ചിന്തയുണ്ടായത്. അതാണ് ഡ്രീം. ഫാമിലി ബിസിനസുകള്‍ക്ക് ഉണ്ടാകേണ്ട ഒരു സുപ്രധാന ഘടകമാണത്.

നമ്മുടെ ഫാമിലി ബിസിനസ് സംരംഭകര്‍ ഇനിയും സ്വപ്‌നം കാണാന്‍ പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ അടുത്ത തലമുറക്ക് കൈമാറാനാകുന്ന ഏറ്റവും വലിയൊരു സ്വത്താണിത്.

ദുബായ്‌യില്‍ സൂര്യനും മണലും കടലും മാത്രമേയുള്ളൂ. അതിനാല്‍ കടലിലേക്ക് തീരം വ്യാപിപ്പിച്ചുകൊണ്ട് ഒരു കൃത്രിമദ്വീപ് നിര്‍മിക്കാന്‍ അവര്‍ തീരുമാനിച്ചു. ശാസ്ത്രീയമായി ഇത്തരം ദ്വീപുകള്‍ വൃത്താകൃതിയില്‍ ആയിരിക്കുമെന്നതിനാല്‍ അത്തരമൊരു പ്ലാനാണ് ഷേക്കിന് മുന്നിലെത്തിയത്. എന്നാല്‍ അതില്‍ നമ്മുടേതായ ഒരു അടയാളം വേണമെന്നും അതിനാല്‍ പാം ട്രീയുടെ ആകൃതിയില്‍ അത് നിര്‍മിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. അതോടെ പാംജുമൈറ യാഥാര്‍ത്ഥ്യമായി. 2010ല്‍ അവര്‍ ദുബായ് മാള്‍ ആരംഭിച്ചു. 90 മില്യണ്‍ ആളുകളാണ് പ്രതിവര്‍ഷം അവിടം സന്ദര്‍ശിക്കുന്നത്. ഇന്നത് ലോകത്തെ ഏറ്റവും അധികം സന്ദര്‍ശകരുള്ള ഒരു ഷോപ്പിംഗ് കേന്ദ്രമാണ്.

ലോകത്തെ ഏറ്റവും വലിയ ഡ്രൈവര്‍ലസ് മെട്രോ ദുബായ്‌യിലാണുള്ളത്. ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടും അവിടെത്തന്നെയാണ്. ഓരോ വര്‍ഷവും 80 മില്യണ്‍ ട്രാഫിക് കൈകാര്യം ചെയ്യുന്ന എയര്‍പോര്‍ട്ട് അവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ചെറുതായിക്കഴിഞ്ഞതിനാല്‍ അതിന്റെ ഇരട്ടി ശേഷിയുള്ള മറ്റൊരു എയര്‍പോര്‍ട്ടും അവര്‍ സജ്ജമാക്കിക്കഴിഞ്ഞു. ലോകത്തെ പൂക്കളുടെ തലസ്ഥാനം ഹോളണ്ടാണ്. എന്നാല്‍ ഏറ്റവും അധികം കണക്ടിവിറ്റിയുള്ള നഗരമായതിനാല്‍ ഫ്‌ളവര്‍ ബിസിനസിലും ദുബായ് മുന്നിലെത്തിക്കഴിഞ്ഞു. ഗതാഗത രംഗത്ത് ഏറ്റവും പുതിയ ഹൈപ്പര്‍ ലൂപ്പ് സംവിധാനം സജ്ജമാക്കുന്നതിന് പുറമേ 2020ല്‍ ചൊവ്വയിലേക്ക് ഒരു സംഘത്തെ അയക്കാന്‍ തയാറെടുക്കുകയാണ് ദുബായ്. എന്താണ് ഇതിലൂടെ ദുബായ് നല്‍കുന്ന സന്ദേശം? ഒരു കാലത്ത് ലോക സംസ്‌ക്കാരത്തില്‍ അറേബ്യന്‍ സംസ്‌ക്കാരം വലിയൊരു പങ്ക് വഹിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അതിനവര്‍ വീണ്ടും സജ്ജരാണെന്നര്‍ത്ഥം. കൂടാതെ എല്ലാ അറബ് രാജ്യങ്ങള്‍ക്കുമുള്ള ഒരു സന്ദേശവും അതിലടങ്ങിയിട്ടുണ്ട് - We are no less.

യുവതലമുറക്ക് കരുത്തേകുക

2008ല്‍ ആഗോള പ്രതിസന്ധി കാരണം ദുബായ്‌യുടെ കഥ അവസാനിച്ചുവെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം വിധിയെഴുതി. 2009ല്‍ ലോകമൊട്ടാകെ നിശ്ചലമായപ്പോഴും ബുര്‍ജ് ഖലീഫയുടെ നിര്‍മാണം അനുസ്യൂതം തുടരുകയും തൊട്ടടുത്ത വര്‍ഷം അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടുകയുമുണ്ടായി. അവര്‍ നിക്ഷേപത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബിസിനസില്‍ നിന്നും പണം പുറത്തേക്ക് എടുത്ത് ഭൂമി വാങ്ങുന്നതിനെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കുന്നത്. അങ്ങനെ പണം മറിക്കാതിരുന്നെങ്കില്‍ ബിസിനസിനെ എത്രമടങ്ങ് വര്‍ധിപ്പിക്കാമെന്ന് അവര്‍ ചിന്തിക്കുന്നതേയില്ല.

മികച്ച ബിസിനസുകാര്‍ ബിസിനസിന്റെ നേതൃത്വവും ഉത്തരവാദിത്വവും സ്വയം ഏറ്റെടുക്കും. പ്രതിസന്ധികളുണ്ടാകുമ്പോള്‍ അതെന്റെ തീരുമാനമായിരുന്നെന്ന് അയാള്‍ പറയും. മറിച്ച് നേട്ടങ്ങളുണ്ടാകുമ്പോള്‍ അത് ടീമിന്റെ മികവ് കൊണ്ടാണെന്ന് പറഞ്ഞ് മുന്നോട്ട് പോകാന്‍ അവരെ പ്രോല്‍സാഹിപ്പിക്കും. നമ്മുടെ പിതാമഹന്മാര്‍ ഇങ്ങനെയായിരുന്നു. പക്ഷെ ഫാമിലി ബിസിനസിലെ ഇന്നത്തെ പുതിയ തലമുറ പുതുതായി എന്തെങ്കിലും ചെയ്യാനൊരുങ്ങുമ്പോള്‍ അതീവ സുരക്ഷിതത്വ ബോധം കാരണം അവരെ തടയുകയാണ് ചെയ്യുന്നത്.

ഷേക്ക് മുഹമ്മദ് എന്ത് സംസാരിച്ചാലും അദ്ദേഹത്തിന്റെ പിതാവിനെ പരാമര്‍ശിക്കും. ഷേക്ക് റഷീദും അതുപോലെ തന്നെ. എന്താണതിന് കാരണം? നമ്മുടെ കുടുംബവും ജീവിതവുമൊക്കെ ദുബായ്‌യാണ്. നമുക്കതിനെ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് എത്തിക്കണമെന്നുള്ള അവരുടെ കാഴ്ചപ്പാടാണ് അതിലൂടെ വ്യക്തമാക്കപ്പെടുന്നത്. നിങ്ങളുടെ ഫാമിലിക്ക് ഒരു പേരും പാരമ്പര്യവും ഉണ്ടെങ്കില്‍, അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദേശിക്കുന്നുണ്ടെങ്കില്‍ ഫാമിലിയെക്കുറിച്ച് അത്രത്തോളം ആത്മവിശ്വാസവും അഭിമാനവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ബിസിനസ് ചെയ്യുമ്പോള്‍ അല്‍പ്പം പണം നഷ്ടപ്പെട്ടാല്‍ അതില്‍ ഖേദിക്കുകയോ പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് മടിക്കുകയോ പാടില്ല. ഇത്തരം ഗുണഗണങ്ങളാണ് അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്‍കേണ്ടത്. അതാണ് ഫാമിലി ബിസിനസിന് മാത്രം അവകാശപ്പെടാനാകുന്ന പാരമ്പര്യവും പൈതൃകവും. അതിനാല്‍ ലോകത്തെ കീഴടക്കിക്കൊണ്ടുള്ള ഒരു മുന്നേറ്റം നടത്താന്‍ ബിസിനസ് ഫാമിലികള്‍ തയ്യാറെടുത്തേ മതിയാകൂ. അതോടൊപ്പം നമ്മുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ ഫാമിലി ബിസിനസുകള്‍ നിര്‍ണ്ണായകമായൊരു ചാലകശക്തിയാകുമെന്നതില്‍ തര്‍ക്കമില്ല.

സംരംഭകര്‍ക്ക് നല്‍കുന്ന പാഠം

എന്താണ് നമുക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഫാമിലി ബിസിനസ് സംരംഭകര്‍ തിരിച്ചറിയുകയും അതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണം. മഹത്തായ വമ്പന്‍ കാര്യങ്ങള്‍ ചെയ്യുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. നിങ്ങള്‍ അതില്‍ വിജയിച്ചോ ഇല്ലയോ എന്നത് പ്രസക്തമായ ഒന്നല്ല. ഇതിന് പകരം കോഫിയും പിസയും സൗജന്യമായി കിട്ടുന്ന ഒരു ജോലിക്കായി നിങ്ങള്‍ ഒരിക്കലും ശ്രമിക്കരുത്. നമുക്ക് എല്ലാമുണ്ടെന്നും ഇനി അത്യാഗ്രഹം കാണിക്കരുതെന്നും ഉള്ളതില്‍ സംതൃപ്തരായി കഴിയണമെന്നുമുള്ള തെറ്റായ സന്ദേശങ്ങള്‍ യുവതലമുറയ്ക്ക് ഒരിക്കലും നല്‍കാതിരിക്കാന്‍ മുതിര്‍ന്നവരും ശ്രദ്ധിക്കണം. ബിസിനസില്‍ വലിയ ലക്ഷ്യങ്ങള്‍ ഉണ്ടായിട്ടുമാത്രം കാര്യമില്ല. പകരം നമ്മള്‍ അതിനുള്ളില്‍ അത്യഗാധമായി ഇടപെടണം.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ-ഗവേണന്‍സ് നടപ്പാക്കണമെന്ന് 2012ല്‍ ഷേക്ക് മുഹമ്മദ് നിര്‍ദേശിച്ചു. പദ്ധതി നടപ്പാക്കാന്‍ ഇനിയും രണ്ട് വര്‍ഷമുണ്ടല്ലോ എന്നായി മീറ്റിംഗില്‍ പങ്കെടുത്ത വകുപ്പ് മേധാവികളുടെ ചിന്ത. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഷേക്ക് മുഹമ്മദ് ദുബായ്‌യിലെ ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിലെ റെക്കോഡ് സെക്ഷനിലെത്തി. അവിടെ പേപ്പര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് തിരക്കി. ഉണ്ടെന്ന് മനസിലാക്കിയ ഷേക്ക് കഠിനമായ ദേഷ്യത്തോടെ ചുറ്റും നിന്നവരെ രൂക്ഷമായി നോക്കിക്കൊണ്ട് അവിടെ നിന്നും തിരിച്ചുപോയി. ആറ് മാസം കഴിഞ്ഞ് വീണ്ടും അതേ വിഭാഗത്തിലെത്തിയ ഷേക്ക് അവിടെ പേപ്പര്‍ ഉപയോഗിക്കാത്തതിനാല്‍ അവരെ അഭിനന്ദിച്ച് മടങ്ങി. തന്റെ തീരുമാനം നടപ്പാക്കപ്പെടണമെന്ന തീവ്രമായ അഭിലാഷം അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് നമ്മള്‍ മാതൃകയാക്കേണ്ടത്.

ഭൂമിയിലെ നിക്ഷേപത്തില്‍ നിന്നും എളുപ്പത്തില്‍ പണമുണ്ടാക്കാമെങ്കില്‍ എന്തിനാണ് ബിസിനസില്‍ ഏര്‍പ്പെടുന്നത്? കേരളത്തിലെ ബിസിനസുകാരുടെ ചിന്തയാണിത്. ദുബായ് പോര്‍ട്ട് പൂര്‍ണ്ണതോതില്‍ ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് 1976ല്‍ ഷേക്ക് റഷീദ് പുതിയ ജബല്‍ അലി പോര്‍ട്ടിന്റെ പദ്ധതി പ്രഖ്യാപിച്ചത്. അതിനാല്‍ ഇക്കാര്യത്തിലുള്ള പോരായ്മ ഷേക്ക് മുഹമ്മദ് മുഖേന ഷേക്ക് റഷീദിന് മുന്നിലെത്തി. എന്നാല്‍ ഇപ്പോഴാണ് നിക്ഷേപിക്കുവാന്‍ അനുയോജ്യമായ സമയമെന്നും പിന്നീട് പോര്‍ട്ട് ആവശ്യമുള്ളപ്പോള്‍ ചിലപ്പോള്‍ നമുക്കത് താങ്ങാനാകാതെ വരുമെന്നുമായിരുന്നു

(ധനം റീറ്റെയ്ല്‍ സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2018ല്‍ ദുബായ്‌യിലെ എസ്.പി.ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ്ിലെ ഗ്ലോബല്‍ ഫാമിലി മാനേജ്ഡ് ബിസിനസ് പ്രോഗ്രാം ഡയറക്ടറായ പ്രൊഫ.പരിമള്‍ മര്‍ച്ചന്റ് നടത്തിയ പ്രഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍)

Similar News