'വിജയം നിലനിര്‍ത്താന്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മതി'

Update:2018-11-29 10:00 IST

'ആരാണ് പറഞ്ഞത് ഞങ്ങളുടെ നാട്ടില്‍ ബിസിനസ് പച്ചപിടിക്കില്ലെന്ന്? ഗമയോടെ ഇങ്ങനെ ലോകത്തോട് ചോദിക്കാന്‍ മലയാളികള്‍ക്ക് ധൈര്യം നല്‍കുന്ന സ്ഥാപനം. അച്ഛന്റെ സ്വപ്‌നത്തിന് നാളെയുടെ വിഷന്‍ നല്‍കി മകന്‍ പണിതുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം.

1986 വരെ ഒരു ഓഫീസും മൂന്ന് ജീവനക്കാരും ആയിരത്തിനു താഴെ ഉപഭോക്താക്കളും മാത്രം ഉണ്ടായിരുന്ന മണപ്പുറത്തിന്റെ ഇന്നത്തെ ശാഖകളുടെ എണ്ണം 4199, ജീവനക്കാര്‍ 24886.

വി.പി നന്ദകുമാര്‍ എന്ന വിഷനറിയുടെ നേതൃത്വത്തില്‍ മണപ്പുറത്തിന്റെ ബിസിനസ് ലോകം സ്വര്‍ണ വായ്പകള്‍ക്കപ്പുറമുള്ള വിപണികളിലേക്ക് വിശാലമാകുമ്പോള്‍ മൂന്നാമത്തെ തലമുറയും ഈ മേഖലയില്‍ സജീവമാകുന്നു. മൈക്രോ ഫിനാന്‍സ്, എസ്എംഇ, വീട് വാഹന വായ്പകള്‍ എന്നിങ്ങനെ പല രംഗങ്ങളില്‍ മുന്‍ നിരയിലാണ് മണപ്പുറം. ഫാമിലി ബിസിനസ് എന്നതിനപ്പുറം പ്രൊഫഷണല്‍ മികവുള്ള ഒരു ബിസിനസ് ഗ്രൂപ്പായി മാറിയ മണപ്പുറത്തിന്റെ വിജയ രഹസ്യവും നേതൃത്വത്തിന്റെ വ്യത്യസ്തത തന്നെ.

'ഒരു ബിസിനസ് സ്ഥാപനത്തിന്റെ വിജയവും വളര്‍ച്ചയും അതിന്റെ ലീഡറിന്റെ നേതൃത്വ മികവിനെ ആശ്രയിച്ചിരിക്കും. ഫാമിലി ബിസിനസില്‍ പുതിയ ലീഡറെ തെരഞ്ഞെടുക്കുമ്പോഴാണ് പലപ്പോഴും പാളിച്ചകള്‍ സംഭവിക്കുന്നത്,' വി.പി നന്ദകുമാര്‍ പറയുന്നു. 'ബിസിനസിലുള്ള കുടുംബാംഗങ്ങള്‍ക്ക് ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ ഇല്ലെങ്കില്‍ പ്രൊഫഷണലായ ഒരാളെ ആ സ്ഥാനത്ത് കൊണ്ടുവരികയാണ് നല്ലത്. അത് പുറത്ത് നിന്നുള്ള ഒരാളാകാം, പ്രൊഫഷണല്‍ മാനേജര്‍മാരില്‍ ഒരാളാകാം. പക്ഷെ, അങ്ങനെ ഒരാള്‍ കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ എത്തുമ്പോള്‍ ആ ലീഡര്‍ഷിപ്പ് അംഗീകരിക്കുകയാണ് വേണ്ടത്.'

ഓണര്‍ഷിപ്പ്, മാനേജ്‌മെന്റ്...രണ്ടും തമ്മില്‍ അകലം വേണം.

ഇന്ത്യയിലെ പല ബിസിനസ് കുടുംബങ്ങളിലും വിള്ളലുകള്‍ ഉണ്ടാകുന്നത് ഉടമസ്ഥതയും പ്രൊഫഷണലായ മാനേജ്‌മെന്റും തമ്മില്‍ കൂടിച്ചേരുമ്പോഴാണ്. ഇവ തമ്മില്‍ കൃത്യമായ അകലം സൂക്ഷിച്ചാല്‍ വളരെയേറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

ഫാമിലി ട്രസ്റ്റാണ് പരിഹാരം

ഇന്ത്യയിലെ പല പ്രമുഖ കുടുംബ ബിസിനസുകളും പിന്തുടരുന്ന രീതിയാണിത്. കുടുംബാംഗങ്ങളും പുറമെ നിന്നുള്ള പ്രശസ്തരായ വ്യക്തികളും ഉള്‍പ്പെടുന്ന ട്രസ്റ്റിനാണ് ബിസിനസിന്റെ പ്രധാന കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം. പല അധികാരത്തര്‍ക്കങ്ങളും ഒഴിവാക്കാന്‍ കഴിയും എന്നതാണ് ഈ രീതിയുടെ മേന്മ. നേതൃസ്ഥാനത്തുള്ളയാള്‍ക്ക് കഴിവ് പോരാ എന്ന് തോന്നിയാല്‍ മറ്റൊരാളെ തെരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കും. ബിസിനസ് ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കുന്നതാണ് ഈ രീതി.

ബിസിനസ് കുടുംബത്തില്‍ തന്നെ

കുടുംബാംഗങ്ങള്‍ മാത്രം നേതൃസ്ഥാനത്തുള്ള പല ബിസിനസുകളും ഇന്ത്യയിലുണ്ട്. ഇവയില്‍ പലതിലും പ്രശ്‌നമുണ്ടാകുന്നത് പുതിയ തലമുറ രംഗത്തെത്തുമ്പോഴാണ്. ഇവര്‍ക്ക് മറ്റു കുടുംബാംഗങ്ങളുമായുണ്ടാകുന്ന അസ്വസ്ഥതകള്‍ ബിസിനസിനെ ബാധിക്കും. ഒരാള്‍ക്ക് ലഭിക്കുന്ന അധികാരം ചോദ്യം ചെയ്യാന്‍ പലരുമുണ്ടാകും. ഒരാള്‍ക്ക് മാത്രം ഉയര്‍ന്ന പദവി ലഭിക്കുന്നത് അംഗീകരിക്കാനും പലര്‍ക്കും കഴിയില്ല. ബിസിനസില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ എപ്പോഴും ഒബ്ജക്റ്റിവ് ആകേണ്ടതുണ്ട്. കുടുംബാംഗങ്ങള്‍ ലീഡറുടെ റോളില്‍ തുടരുമ്പോള്‍ പലപ്പോഴും ഇത് സാധ്യമാകാതെ വരുന്നു.

മണപ്പുറം മോഡല്‍

വളരെ പ്രൊഫഷണലായ സിസ്റ്റമുള്ള ഒരു കുടുംബ ബിസിനസ് ആയി എന്നും മണപ്പുറം തുടരണം എന്നതാണ് എന്റെ പ്ലാന്‍. കുടുംബാംഗങ്ങള്‍ക്ക് എന്നും ഇതിന്റെ ഭാഗമാകാം, ബിസിനസ് ലീഡര്‍മാരായില്ലെങ്കിലും അവര്‍ക്ക് ബോര്‍ഡില്‍ സ്ഥാനമുണ്ടാകും.

പ്രശ്‌നങ്ങള്‍ എവിടെയുമുണ്ടാകാം

റിലയന്‍സ് കുടുംബത്തിലായാലും ചെറുകിട സംരംഭത്തിലായാലും പ്രശ്‌നങ്ങള്‍ എവിടെയുമുണ്ടാകും. അവ എങ്ങനെ നേരിടുന്നു എന്നതാണ് പ്രധാനം. കുടുംബ ബിസിനസുകള്‍ എപ്പോഴും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. അവയില്‍ പിളര്‍പ്പുണ്ടായാല്‍ ബിസിനസിന്റെ ദീര്‍ഘകാല വളര്‍ച്ചയെയാണ് അത് ബാധിക്കുക.

കുടുംബ ബിസിനസ് ആണെങ്കിലും അല്ലെങ്കിലും വിജയം നിലനിര്‍ത്താന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക: 1) പ്രൊഫഷണലിസം, 2) സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗം, 3) ജീവനക്കാരുടെ ശാക്തീകരണം.

മുരുഗപ്പ നല്‍കുന്ന പാഠങ്ങള്‍

നാലാമത്തെ തലമുറയാണ് ഇപ്പോള്‍ മുരുഗപ്പയിലുള്ളത്. ഇരുപത്തെട്ടു കമ്പനികളുള്ള ഈ ഗ്രൂപ്പില്‍ അറുപതോളം കുടുംബാംഗങ്ങള്‍ തന്നെയുണ്ട്. വളരെ ശാസ്ത്രീയ

മായി തയ്യാറാക്കിയ ഒരു ചാര്‍ട്ടര്‍ അനുസരിച്ചാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ബിസിനസില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം കുടുംബാംഗങ്ങള്‍ക്ക് കൃത്യമായി നല്‍കും, അധികം വരുന്നത് ബിസിനസില്‍ നിക്ഷേപിക്കും. അംഗങ്ങള്‍ കൂടുന്നതനുസരിച്ച് ഇവരുടെ വരുമാനം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

ടാറ്റ എന്ന വിജയം

ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ നിയന്ത്രണം ട്രസ്റ്റിനാണ്. ആരാണ് പുതിയ ചെയര്‍മാന്‍ എന്ന് തീരുമാനിക്കുന്നത് ട്രസ്റ്റികളാണ്. ഇനി കുറഞ്ഞത് അഞ്ച് തലമുറയെങ്കിലും വിജയകരമായി നിലനില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുന്നതും അതുകൊണ്ടാണ്. ഉടമസ്ഥത ഉള്ളതുകൊണ്ടുമാത്രം ആരും ലീഡറാകില്ല, അവര്‍ക്ക് കഴിവുണ്ട് എന്ന് ട്രസ്റ്റിന് ബോധ്യമാകണം.

എന്ത് പ്രശ്‌നമുണ്ടായാലും ബിസിനസ് നിലനില്‍ക്കണോ അതോ കുടുംബം നിലനില്‍ക്കണോ എന്ന് എല്ലാവരും ചിന്തിക്കുകയാണ് വേണ്ടത്. ബിസിനസ് നിലനില്‍

ക്കണം, അതിലൂടെ കുടുംബവും എന്ന് മനസിലാക്കിയാല്‍ തീരും എല്ലാ പ്രശ്‌നങ്ങളും.

Similar News