കുടുംബ ബിസിനസ് സുസ്ഥിരതയും പുതുമയുമാകണം എന്നും ലക്ഷ്യം

Update:2018-11-21 14:25 IST

25 വര്‍ഷത്തേയ്ക്ക് വേണ്ട ബിസിനസ് തന്ത്രങ്ങള്‍ പ്ലാന്‍ ചെയ്യുക,

ബിസിനസിന്റെ എല്ലാ രംഗങ്ങളിലും പുതുമ കൊണ്ടുവരുക, കഴിവുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുക... ഒരു കുടുംബ ബിസിനസിനെ പല തലമുറകള്‍ക്കപ്പുറം നിലനിര്‍ത്താനും വിജയിപ്പിക്കാനും ഇനി ഇതുപോലുള്ള ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത് കുടുംബ ബിസിനസ് രംഗത്ത് രാജ്യാന്തര തലത്തില്‍ പേരെടുത്ത മയൂര്‍ ടി ദലാല്‍ ആണ്. ന്യൂയോര്‍ക്കിലെ ദലാല്‍ കാപ്പിറ്റല്‍ അഡൈ്വസേഴ്‌സിന്റെയും ഓക്‌സ്‌ഫോഡ് ഗ്രൂപ്പ് ഓഫ് ലേക്ക് സക്‌സസിന്റെയും വെല്‍ത്ത് കോച്ചും സിഇഒയുമായ മയൂര്‍ ടി ദലാലു മായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

കുടുംബ ബിസിനസുകളുടെ പൊതുവായ ഗുണങ്ങളും പോരായ്മകളും എന്തെല്ലാമാണ്?

നിങ്ങള്‍ ജോലി ചെയ്യുന്ന സമയവും നിങ്ങളുടെ ലക്ഷ്യങ്ങളും സ്വയം തീരുമാനിക്കാനും റിസ്‌ക് എടുക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ ഗുണം. ഒരു കുടുംബാംഗം മാത്രമാണ് ബിസിനസ് വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നതെങ്കില്‍ മറ്റുളളവര്‍ അലംഭാവികളും വെറും പിന്തുണക്കാരുമായി മാറുന്നതാണ് ഒരു പോരായ്മ. ഇത് ബിസിനസിന്റെ കരുത്ത് കുറയ്ക്കും, സുസ്ഥിരത ഇല്ലാതാക്കും. ആരോടും ഉത്തരം നല്‍കാന്‍ ബാധ്യസ്ഥമല്ല എന്നതും ചുമതലാബോധം ഇല്ലാത്തതും മികച്ച ബിസിനസ് സംവിധാനത്തിന്റെ അഭാവവുമാണ് കുടുംബ ബിസിനസുകളുടെ മറ്റു ദോഷങ്ങള്‍. ബിസിനസിന്റെ വളര്‍ച്ചയെയും ഉയര്‍ച്ചയെയും ഇത് സാരമായി ബാധിക്കും.

മൂല്യാധിഷ്ഠിതമായ പിന്തുടര്‍ച്ച സ്വത്ത് കൈമാറ്റവും ആസൂത്രണം ചെയ്യുന്നതിന്റെ പ്രാധാന്യം എന്താണ്? സാമ്പത്തികമായ യാഥാര്‍ഥ്യങ്ങളേക്കാള്‍ ബന്ധങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ എങ്ങനെ കഴിയും?

വാല്യൂ ബേസ്ഡ് സക്‌സഷന്‍ ആന്‍ഡ് വെല്‍ത്ത് ട്രാന്‍സ്ഫര്‍ പ്ലാനിംഗ് എന്ന ആശയം, കുടുംബങ്ങളെയും കുടുംബ ബിസിനസുകളെയും തലമുറകളോളം നിലനിര്‍ത്താന്‍ വേണ്ട അറിവ്, മൂല്യങ്ങള്‍, പാരമ്പര്യം, ജീവിതാനുഭവം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ്. ബിസിനസിന്റെ ലക്ഷ്യത്തെയും ഗ്രൂപ്പിന്റെയും കുടുംബത്തിന്റെയും മാനേജ്‌മെന്റിനും വളര്‍ച്ചയ്ക്കും വേണ്ട ദിശാബോധത്തെയും കുറിച്ച് ഉടമകള്‍ക്കും എല്ലാ ഗുണഭോക്താക്കള്‍ക്കും വ്യക്തത ലഭിക്കാന്‍ ഇത് സഹായിക്കും. ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടാകാന്‍ ബന്ധങ്ങള്‍ വേണം, ഒരു മികച്ച ജീവിതശൈലി സ്വന്തമാക്കാന്‍ സഹായിക്കുന്നത് നമ്മുടെ സാമ്പത്തിക സ്ഥിതിയാണ്.

അടുത്ത തലമുറയിലേക്ക് മൂല്യങ്ങള്‍ കൈമാറുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ്?

ആശയവിനിമയത്തില്‍ സംഭവിക്കുന്ന തടസം. തുറന്ന മനസോടെ കാര്യങ്ങള്‍ കേള്‍ക്കാനുള്ള കഴിവില്ലായ്മ.

മാറുന്ന സാങ്കേതിക വിദ്യയും സോഷ്യല്‍ മീഡിയയും കാരണം പുതിയ തലമുറക്കാരുടെ ശ്രദ്ധക്കുറവ്.

സുസ്ഥിരമായ കുടുംബ ബിസിനസിനെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

  • എല്ലാത്തരം സാമ്പത്തിക സാഹചര്യങ്ങളും കുടുംബത്തിലെ പ്രശ്‌നങ്ങളും വ്യവസായ രംഗത്തെ മാറ്റങ്ങളും ധനകാര്യ വിപത്തുകളും അതിജീവിക്കാന്‍ കഴിയുന്ന ഒരു കുടുംബ ബിസിനസ് ഘടന വേണം.
  • ഓഹരിപങ്കാളികളും താല്‍പ്പരകക്ഷികളും ബിസിനസിന്റെ എല്ലാ ഘട്ടങ്ങളിലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ട സാഹചര്യം സൃഷ്ടിക്കുക
  • ബിസിനസിന്റെ മൂല്യങ്ങളോടും താല്‍പ്പര്യങ്ങളോടും ചേര്‍ന്ന് പോകാന്‍ ഇവരെ സഹായിക്കുന്ന വിപണി തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കുക. ബിസിനസിന്റെ വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണ്.
  • സ്വന്തമായുള്ള കഴിവിന്റെയും സാമ്പത്തിക സ്ഥിതിയുടെയും ഉപയോഗത്തെ വര്‍ധിപ്പിക്കാന്‍ കുടുംബ ബിസിനസുകളെ സഹായിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി നടപ്പില്‍ വരുത്തുക.

പല തലമുറകള്‍ക്കപ്പുറം നിലനില്‍ക്കുന്ന ഒരു ബിസിനസിനെ എങ്ങനെ സൃഷ്ടിച്ച് വിജയിപ്പിക്കാം?

  • 25 വര്‍ഷത്തേയ്ക്ക് വേണ്ട ബിസിനസ് തന്ത്രങ്ങള്‍ പ്ലാന്‍ ചെയ്യുക
  • ബിസിനസിന്റെ എല്ലാ രംഗങ്ങളിലും പുതുമ കൊണ്ടുവരുക, കഴിവുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തുക
  • യുവതലമുറയുടെ പ്രാതിനിധ്യം മികച്ചതാക്കുക, ഉപഭോക്താക്കള്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കാന്‍ പുതിയ വഴികള്‍ സ്വീകരിക്കുക, ഉടമസ്ഥ ചിന്താഗതിയും ലാഭം പങ്കുവയ്ക്കാനുള്ള കാഴ്ചപ്പാടും എല്ലാവരിലും ഉണ്ടാക്കിയെടുക്കുക
  • ഉടമസ്ഥര്‍ക്ക് എല്ലാവര്‍ക്കും പ്രൊഫഷണലായ മെന്ററിംഗ് നല്‍കുക.
  • ബിസിനസിന്റെ ഭാഗമായ ഓരോരുത്തരുടെയും കഴിവുകള്‍ മനസിലാക്കി, അവരുടെ സവിശേഷതകള്‍ ഒരുമിച്ച് ഉപയോഗപ്പെടുത്താനുള്ള സംവിധാനം സൃഷ്ടിക്കുക
  • ചെറിയ കാര്യങ്ങളില്‍ പോലും സുതാര്യത വേണം, എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടാക്കുന്നതാകണം പ്രവര്‍ത്തനരീതികള്‍
  • എല്ലാ തലമുറകളെയും ശാക്തീകരിക്കുന്നതിലും അവര്‍ക്ക് വേണ്ട അറിവ് നല്‍കുന്നതിലും മുന്‍കൈയെടുക്കുന്നതാകണം ബിസിനസ് സംവിധാനം

ബിസിനസിന് തുടക്കം കുറിച്ചവര്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും പ്രൊഫഷണലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പലപ്പോഴും കഴിയാറില്ല. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം?

എല്ലാ മേഖകളിലും ഇന്ന് വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. നിലനില്‍പ്പും വിജയവും വേണമെങ്കില്‍ ബിസിനസ് സാരഥികള്‍ പുതിയ രീതികള്‍ സ്വീകരിക്കാതെ പറ്റില്ല എന്ന സ്ഥിതിയാണ്. ഫാമിലി ബിസിനസിലേക്ക് കണ്‍സള്‍ട്ടന്റുമാരെയും മറ്റ് പ്രൊഫഷനലുകളെയും കൊണ്ടുവരുമ്പോള്‍ അവരുടെ അനുഭവ പരിചയവും മികച്ച പ്രവര്‍ത്തന രീതികളും കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളുമായി പങ്കുവയ്ക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈ ബിസിനസ് കാരണവന്മാര്‍ക്കായി പ്രത്യേക സെമിനാറുകളും മറ്റും നടത്താറുമുണ്ട്.

ഉടമസ്ഥതയും മാനേജ്‌മെന്റും ശരിയായ രീതിയില്‍ ചേര്‍ത്ത് കൊണ്ടുപോയി ബിസിനസ് ഒരു വിജയമാക്കിത്തീര്‍ക്കാന്‍ എന്താണ് ചെയ്യേണ്ടത്?

ജോലികള്‍ വിഭജിച്ച് നല്‍കുന്നത് വഴി ബിസിനസിലുള്ള നിയന്ത്രണം വിട്ടുകൊടുക്കാന്‍ എല്ലാ ബിസിനസുകളും പഠിക്കേണ്ടതുണ്ട്. ഇതിലൂടെ എല്ലാ ജീവനക്കാര്‍ക്കും ബിസിനസിന്റെ ഉടമസ്ഥതയില്‍ തങ്ങള്‍ക്കും പങ്കുണ്ട് എന്ന വിശ്വാസമാകും. കൂടുതല്‍ മികച്ച ചുമതലകള്‍ നല്‍കാന്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമുണ്ട്. അതോടൊപ്പം പുതിയ കാര്യങ്ങള്‍ അനുഭവത്തിലൂടെ പഠിക്കാന്‍ മാനേജ്‌മെന്റിന്റെ എല്ലാ തലത്തിലുള്ളവര്‍ക്കും അവസരങ്ങള്‍ നല്‍കേണ്ടതാണ്. ബിസിനസുകള്‍ കൂടുതല്‍ പ്രൊഫഷണലായ സ്ഥാപനമാക്കി മാറ്റാന്‍ ഇതെല്ലാം സഹായിക്കും. പുതിയ തലമുറയ്ക്ക് അധികാരം കൈമാറാന്‍ ബിസിനസ് സാരഥികളെ ശീലിപ്പിക്കുകയും വേണം. മാനേജര്‍മാരെ ലീഡര്‍മാരാക്കി മാറ്റാന്‍ അവര്‍ക്കേ കഴിയൂ.

ആഗോള തലത്തില്‍ കുടുംബ ബിസിനസ് മേഖലയില്‍ കാണുന്ന പ്രധാന ട്രെന്‍ഡുകള്‍ എന്തെല്ലാമാണ്? അമേരിക്കയിലും ഇന്ത്യയിലുള്ള ഇത്തരം ബിസിനസ് ഗ്രൂപ്പുകളില്‍ ശ്രദ്ധിച്ചിട്ടുള്ള വ്യത്യാസ ങ്ങളും സാമ്യങ്ങളും എന്തെല്ലാമാണ്?

സാങ്കേതികവിദ്യയും വിവരങ്ങളുടെ വിസ്‌ഫോടനവും യുവ തലമുറയിലെ ബിസിനസ് ലീഡര്‍മാര്‍ക്ക് പുതിയൊരു ചിന്താഗതി തന്നെ നല്‍കിയിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഒരു ബിസിനസ് എന്നതില്‍ നിന്ന് സ്വയം പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരു കമ്പനി എന്ന തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. ഏറ്റെടുക്കുന്ന ഓരോ ബിസിനസും കൂടുതല്‍ വിപുലമാക്കാനാണ് അവരുടെ ആഗ്രഹം. അമേരിക്കയില്‍, വ്യാപാരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സേവന മേഖലകളായ റീറ്റെയ്ല്‍, ബാങ്കിംഗ്, ഹെല്‍ത്ത്‌കെയര്‍, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയിലെല്ലാം ബിസിനസിനെ അടുത്ത തലത്തില്‍ എത്തിക്കാന്‍ പുതിയ തലമുറ ഉപയോഗിക്കുന്നത് മെഷീന്‍ ലേണിംഗും വെബ് ബിസിനസ് സൊല്യൂഷന്‍സും ആണ്. ബിസിനസുകളുടെ കൂട്ടായ പ്രവര്‍ത്തനവും മറ്റൊരു ട്രെന്‍ഡാണ്. പുതിയ തലമുറയിലെ ഒരേ ചിന്താഗതിക്കാര്‍ ഒന്ന് ചേര്‍ന്ന് കൂടുതല്‍ വിപുലവും മികച്ചതുമായ ബിസിനസുകള്‍ പ്ലാന്‍ ചെയ്യുന്നതും ഇപ്പോള്‍ സാധാരണമാണ്.

ഇന്ത്യയിലും അമേരിക്കയിലും യുവ ബിസിനസുകാര്‍ മൂലധനത്തിനായി ഏഞ്ചല്‍ ഇന്‍വെസ്റ്റിംഗും മൈക്രോഫിനാന്‍സും ഉപയോഗിക്കുന്നത് ഒരു സമാനതയാണ്. കുറച്ച് ജോലി ചെയ്യുക, കൂടുതല്‍ പണമുണ്ടാക്കുക, ജീവിതം ആസ്വദിക്കുക എന്ന ചിന്താഗതിയും രണ്ട് രാജ്യങ്ങളിലെയും പുതിയ തലമുറക്കാരുടെ സവിശേഷത തന്നെ.

Similar News