രത്തന്‍ ടാറ്റയുടെ വിശ്വസ്തനായിരുന്ന തലശേരിക്കാരന്‍, ടാറ്റഗ്രൂപ്പിലെ കരുത്തനായ ലീഡര്‍; കൃഷ്ണകുമാര്‍ എന്ന കെകെ വിടവാങ്ങി
കെകെയുടെ നേതൃത്വത്തിലായിരുന്നു കണ്ണന്‍ ദേവനും ടെറ്റ്‌ലിയുമെല്ലാം ടാറ്റ ഏറ്റെടുത്തത്. താജ് ഹോട്ടല്‍ ശൃംഖല ഉള്‍പ്പെടുന്ന വിവിധ മേഖലകളുടെ തലവനായിരുന്നു ആര്‍ കെ കൃഷ്ണകുമാര്‍
ടാറ്റയുടെ മുന്‍ ഡയറക്റ്റര്‍ ആര്‍ കെ കൃഷ്ണകുമാര്‍ വിടവാങ്ങി. ടാറ്റയുടെ വിവിധ ബിസിനസുകളില്‍ നേതൃനിരയില്‍ ആയിരുന്നു രത്തന്‍ ടാറ്റ കെകെ എന്നു വിളിച്ചിരുന്ന, അദ്ദേഹത്തിന്റെ വലംകൈ ആയിരുന്ന ഈ തലശ്ശേരിക്കാരന്‍. ഗ്രൂപ്പിന്റെ സുപ്രധാന ഏറ്റെടുക്കലുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. അദ്ദേഹത്തിൻറെ ജീവിതം പരിശോധിച്ചാൽ ആര്‍. കെ കൃഷ്ണകുമാറിനെ ടാറ്റ ഗ്രൂപ്പിന്റെ എക്കാലത്തെയും കരുത്തനായിരുന്ന നേതാവ് എന്നു തന്നെ വിശേഷിപ്പിക്കാം.
25 വയസ്സുമുതല്‍ 75 വയസ്സുവരെ ടാറ്റയ്ക്ക് വേണ്ടി സേവനമനുഷ്ടിച്ച കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഏറെ വര്‍ഷം ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (Indian Hotels Co. -the Taj) പ്രവര്‍ത്തിച്ചത്. നഷ്ടത്തിലായിരുന്ന കണ്ണന്‍ ദേവനും ഗ്രീന്‍ ടീ ബ്രാന്‍ഡില്‍ ഒന്നാമനായ ടെറ്റ്‌ലി ബ്രാന്‍ഡുമെല്ലാം കെകെയുടെ സുപ്രധാന ഏറ്റെടുക്കലായി രേഖപ്പെടുത്താം. ഈ ഏറ്റെടുക്കലുകളിലൂടെയാണ് ഉപ്പുമുതല്‍ സ്റ്റീല്‍ വരെ നീളുന്ന ടാറ്റയുടെ ബിസിനസുകളില്‍ പ്രധാനമായ മറ്റൊരു ശാഖയായി തേയില ബിസിനസും എത്തുന്നത്. ഇന്ന് ലോകത്തെ രണ്ടാമത്തെ വലിയ തേയില കമ്പനിയാണ് ടാറ്റ.
1997 മുതലാണ് താജ് ഹോട്ടല്‍സിന്റെ നേതൃ പദവിയില്‍ കെകെ പ്രവര്‍ത്തിക്കുന്നത്. ടാറ്റയുടെ തെയില ബിസിനസുകളുടെ മാനേജ്‌മെന്റ് ടീമിലേക്ക് എത്തിയപ്പോള്‍ മുതലാണ് രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ സഹപ്രവര്‍ത്തകനായി കെകെ പരിണമിക്കുന്നത്. പിന്നീട് ടാറ്റയ്ക്ക് കീഴിലുള്ള താജ് ഹോട്ടലുകളുള്‍പ്പെടെ കെകെയുടെ നേതൃത്വത്തിലായി. ടെറ്റ്‌ലിയുടെ ഏറ്റെടുപ്പോടെ ടാറ്റ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ തേയില നിര്‍മാതാക്കളായപ്പോള്‍ ആര്‍ കെ കൃഷ്ണകുമാര്‍ എന്ന നാമവും ഗ്രൂപ്പ് ചരിത്രത്തിന്റെ ഭാഗമായി. അന്ന് ടാറ്റ ടീയുടെ വൈസ് ചെയര്‍മാനാണ് അദ്ദേഹം. ഇന്ന് ടാറ്റ ഗ്ലോബല്‍ ബിവറിജസ് എന്നറിയപ്പെടുന്ന ടാറ്റ ടീയുടെ കീഴിലേക്ക് സ്റ്റാര്‍ ബക്ക്‌സ് ഉള്‍പ്പെടുന്ന വമ്പന്മാരെത്തിയതും അദ്ദേഹത്തിന്റെ കൂടെ സ്ട്രാറ്റജിയുടെ ഭാഗമായായിരുന്നു.
അത് മാത്രമല്ല മുംബൈ ഭീകരാക്രമണത്തില്‍ താജ്മഹല്‍ പാലസ് ഹോട്ടലില്‍ നിന്ന് അതിഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു അദ്ദേഹം.
2007 ല്‍ ടാറ്റ സണ്‍സിലെ ഒരു പ്രധാന പങ്കാളിയായ സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ ട്രസ്റ്റിയായി അദ്ദേഹം. 2013 വരെ ടാറ്റ സണ്‍സ് ഡയറക്‌റ്റേഴ്‌സ് ബോര്‍ഡില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
ടാറ്റയുടെ തലപ്പത്തെത്തിയ തലശ്ശേരിക്കാരന്‍
1938 ല്‍ തലശ്ശേരിയിലാണ് കൃഷ്ണകുമാര്‍ ജനിച്ച കൃഷ്ണകുമാര്‍ പിന്നീട് ചെന്നൈയില്‍ പോലീസ് കമ്മീഷണറായിരുന്നു പിതാവിനൊപ്പം ചെന്നൈയില്‍ എത്തി. അങ്ങനെ അവിടെ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും പിന്നീട് ലൊയോള കോളെജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
ബിരുദാനന്തര ബിരുദം നേടിയ ഉടന്‍ തന്നെ അദ്ദേഹം ടാറ്റ ഗ്രൂപ്പില്‍ ചേര്‍ന്നു. ആദ്യം ടാറ്റ ഇന്‍ഡസ്ട്രീസില്‍ നിയമിതനായ അദ്ദേഹം അവിടെ നിന്ന് ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ഇന്ത്യന്‍ ഹോട്ടല്‍സ് (താജ് ശൃംഖല), ടാറ്റ സണ്‍സ് എന്നിവിടങ്ങളില്‍ നേതൃനിരയിലെത്തി. രത്തന്‍ ടാറ്റയുടെ സുഹൃത്തായി മാറിയ ചുരുക്കം ചില സഹപ്രവര്‍ത്തകരില്‍ ഒരാളുമായി അദ്ദേഹം. ഇന്ത്യയുടെ നാലാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ലഭിച്ച വ്യക്തിയായിരുന്നു കൃഷ്ണകുമാര്‍.