തീക്കടല്‍ കടഞ്ഞ് വിജയമധുരം! ബിസിനസിലെ പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ ശ്രമം, പിറന്നത് മാന്ത്രിക പരിഹാരം

സെയ്ല്‍സ്‌ഫോക്കസ് എന്ന സെയ്ല്‍സിനെ സിംപിളാക്കുന്ന ടെക്‌നോളജി പ്രോഡക്റ്റിലൂടെ ഡോ. മനോദ് മോഹന്‍ എന്ന സംരംഭകന്‍ ചെയ്ത കാര്യമിതാണ്

Update:2024-10-02 15:02 IST
ബിസിനസുകാരോടാണ്, സെയ്ല്‍സ് കൂടിയില്ലെങ്കില്‍ എന്തു ചെയ്യും? എല്ലാം അവതാളത്തിലാകും അല്ലേ? എന്നാല്‍ ഒരു യുവ സംരംഭകന്‍ ഈ പ്രശ്നത്തെ പുതിയ അവസരമാക്കി. പിറന്നത് പുതിയൊരു ടെക്നോളജി പ്രോഡക്റ്റും വിജയകരമായൊരു സംരംഭവും
സെയ്ല്‍സ്. ഇതാണ് ഏതൊരു ബിസിനസിന്റെയും നട്ടെല്ല്. ഇവിടെ പാളിച്ചപറ്റിയാല്‍ എന്തുചെയ്യും? പുതിയ ടീമിനെ വെയ്ക്കുന്നു, പുതിയ ടീം ലീഡറെ തപ്പിപ്പിടിക്കുന്നു... സംരംഭകര്‍ക്ക് ആകെ വെപ്രാളമാകും. എന്നാല്‍ തന്റെ ഏക പിടിവള്ളിയായ ബിസിനസിന്റെ സെയ്ല്‍സ് വിഭാഗത്തില്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കാത്തസാഹചര്യം വന്നപ്പോള്‍ ഒരു യുവസംരംഭകന്‍ ഒന്നു മാറിച്ചിന്തിച്ചു. ഒരു കിടിലന്‍ ടെക്‌നോളജി പ്രോഡക്റ്റുണ്ടാക്കി. സ്വന്തം ബിസിനസിലെ പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ ശ്രമത്തിലൂടെ പുതിയൊരു ബിസിനസുണ്ടാക്കി.
മാത്രമല്ല, ഒട്ടേറെ ബിസിനസുകാര്‍ക്ക് അതൊരു മാന്ത്രിക പരിഹാരവുമായി! സെയ്ല്‍സ്‌ഫോക്കസ് എന്ന സെയ്ല്‍സിനെ സിംപിളാക്കുന്ന ടെക്‌നോളജി പ്രോഡക്റ്റിലൂടെ ഡോ. മനോദ് മോഹന്‍ എന്ന സംരംഭകന്‍ ചെയ്ത കാര്യമിതാണ്.
പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ വഴിവെട്ടി നടക്കുന്നത് മനോദിന്റെ ശീലമാണ്. അതാണ് സെയ്ല്‍സ്‌ഫോക്കസിലേക്കും നയിച്ചത്. ഇന്ന് ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ്, മാനുഫാക്ചറിംഗ്, എഫ്എംസിജി, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിഭിന്ന രംഗങ്ങളിലെ 150ലേറെ കമ്പനികള്‍ സെയ്ല്‍സ്‌ഫോക്കസ് ഉപയോഗിക്കുന്നു. ഏതാണ്ട് 65,000ത്തിലേറെ പേര്‍ സെയ്ല്‍സ്‌ഫോക്കസിന്റെ ഉപയോക്താക്കളാണ്!

തുടക്കം പ്രതിസന്ധിയില്‍ നിന്ന്

പത്തനംതിട്ടയിലെ അടൂരാണ് മനോദിന്റെ സ്വദേശം. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് കുട്ടിക്കാലം ചെലവിട്ടതും പഠിച്ചതുമെല്ലാം ഒഡിഷയിലും. ഡല്‍ഹി രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ എടുത്ത ശേഷം എംബിഎ ബിരുദവും കരസ്ഥമാക്കി. പക്ഷേ കരിയര്‍ ആരംഭിച്ചത് എയര്‍ ഡക്കാനിലെ ഫ്‌ളൈറ്റ് സ്റ്റുവാര്‍ഡ് ആയിട്ടായിരുന്നു. ''വളരെ ചുരുങ്ങിയ നാളുകള്‍ മാത്രമേ ആ ജോലിചെയ്യാന്‍ പറ്റിയുള്ളൂ. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടതുകൊണ്ട് കിടപ്പാടം പോലും നഷ്ടമാകാന്‍ പോകുന്നുവെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നു. അപ്പോള്‍ എന്റെ സാമിപ്യം വീട്ടില്‍ വേണമായിരുന്നു,'' ഡോ. മനോദ് മോഹന്‍ പറയുന്നു. ചെറിയൊരു ജോലിയില്‍ കയറിയെങ്കിലും കുടുംബത്തിന് താങ്ങാകാന്‍ അത് മതിയാകില്ലായിരുന്നു. ഡല്‍ഹിയിലെ പഠനകാലത്ത് ഹോസ്റ്റല്‍ റൂംമേറ്റില്‍ നിന്ന് പഠിച്ച വെബ് ഡിസൈനിംഗ് പൊടിതട്ടിയെടുത്ത് അധിക വരുമാനത്തിനുള്ള വഴിതേടി. പരിശ്രമത്തിന് ഫലമുണ്ടായി. നിരവധി ഉപഭോക്താക്കളെ ലഭിച്ചു. ''ഫ്രീലാന്‍സ് എന്ന നിലയില്‍ നിന്ന് ഇതൊരു പൂര്‍ണസമയ ബിസിനസ് ആക്കിയാലോ എന്ന ചിന്തയുംആത്മവിശ്വാസവും ഈ ഘട്ടത്തിലാണ് വന്നത്. 2013ല്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സ്വന്തമായൊരു സംരംഭം ആരംഭിക്കുന്നത് അങ്ങനെയാണ്,'' ഡോ. മനോദ് പറയുന്നു.
വെബ്‌സൈറ്റ് ഡിസൈനിംഗും അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കലുമായിരുന്നു കമ്പനി ചെയ്തുകൊണ്ടിരുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ബിസിനസ് തുടങ്ങാനുള്ള പണം നല്‍കി സഹായിച്ചത്. എറണാകുളത്ത് ഇളമക്കരയിലായിരുന്നു ഓഫീസ്.''ഫണ്ടും വൈദഗ്ധ്യമുള്ള ടീമംഗങ്ങളെ ലഭിക്കാത്തതുമായിരുന്നു പ്രാരംഭ കാലത്തെ വെല്ലുവിളികള്‍. പരിചയക്കാരില്‍ നിന്നാണ് അനുയോജ്യരായടീമംഗങ്ങളെ കണ്ടെത്തിയത്,'' മനോദ് പറയുന്നു.
കമ്പനിയുടെ ആദ്യകാലത്ത് സെയ്ല്‍സ് എക്‌സിക്യുട്ടീവ്സ് ഫീല്‍ഡില്‍ പോയി ആരെയൊക്കെ കാണുന്നു, ക്ലയ്ന്റില്‍ നിന്ന് ലഭിച്ച മറുപടിയെന്താണ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സാധാരണ ലഭിക്കുന്ന ഡെയ്‌ലി റിപ്പോര്‍ട്ടില്‍ നിന്ന് കൃത്യമായി അറിയാന്‍ സാധിച്ചിരുന്നില്ല. സെയ്ല്‍സ് വിഭാഗത്തെ നിരീക്ഷിക്കാനും പ്രവര്‍ത്തനംഏകോപിപ്പിക്കാനും മറ്റ് ജീവനക്കാരെ നിയമിക്കേണ്ടി വരുമെന്ന അവസ്ഥയായി. ''പുതിയ ആളെ നിയമിക്കുന്നതിന് പകരം ഒരു സെയ്ല്‍സ് ട്രാക്കിംഗ് സോഫ്റ്റ്വെയര്‍ നിര്‍മിച്ചാല്‍ പോരെ എന്ന ചിന്ത വന്നത് അപ്പോഴാണ്,'' പുതിയ ബിസിനസ് ആശയം വന്ന വഴി മനോദ് വ്യക്തമാക്കുന്നു. അതിനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറാണ് സെയ്ല്‍സ്‌ഫോക്കസ് (SALESFOKUZ).
2015ല്‍ വെറും മൂന്നംഗ ടീമിന്റെ പിന്തുണയില്‍ ഡോ. മനോദ് മോഹന്‍ വികസിപ്പിച്ചെടുത്ത സെയ്ല്‍സ്‌ഫോക്കസ് ബിസിനസുകള്‍ എല്ലാം അനുഭവിക്കുന്ന സെയ്ല്‍സ് രംഗത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണെന്ന് തിരിച്ചറിഞ്ഞതോടെ മാസങ്ങള്‍ നീണ്ട ഗവേഷണപരീക്ഷണങ്ങളിലൂടെ കുറ്റമറ്റ രീതിയിലുള്ള സോഫ്റ്റ് വെയര്‍ പുറത്തിറക്കാനായി. എന്തായാലും ഈ സെയ്ല്‍സ് മാനേജ്‌മെന്റ് ടൂളിനെ ബാങ്കുകള്‍ അടക്കമുള്ളസ്ഥാപനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതോടെ വെബ് ഡിസൈനിംഗില്‍ നിന്ന് സെയ്ല്‍സ്‌ഫോക്കസ് എന്ന സോഫ്റ്റ്വെയറിലേക്ക് കമ്പനി ചുവടുമാറ്റി. 2019 ജനുവരിയില്‍ സ്‌കൈഈസ്ലിമിറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയൊരു കമ്പനിയും പിറന്നു.
സെയ്ല്‍സ്‌ഫോക്കസിന് ചുരുങ്ങിയ സമയം കൊണ്ട് ഏറെ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചു. ആ സമയം മനോദ് മോഹന്റെ വീഡിയോ അഭിമുഖം കണ്ട അമേരിക്കയില്‍ നിന്നുള്ള ഒരു നിക്ഷേപകന്‍ കമ്പനിയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം അറിയിച്ചു. അതിനുള്ള ചര്‍ച്ചകള്‍ക്കായി യുഎസിലേക്ക് വിമാനം കയറിയ മനോദിനെ കാത്തിരുന്നത് പരീക്ഷണ കാലമായിരുന്നു.

ലോക്ക്ഡൗണില്‍ കുരുങ്ങി ജീവിതവും ഫും!

ഏതാനും ദിവസങ്ങള്‍ക്കായി യുഎസിലെത്തിയ മനോദിനെ കാത്തിരുന്നത് ശുഭകരമായ കാര്യങ്ങളായിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകത്തെമ്പാടും ജനജീവിതം സ്തംഭിച്ചു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെ ഫണ്ട് വാഗ്ദാനം ചെയ്തവര്‍ അതില്‍ നിന്നും പിന്മാറി. ''ശരിക്കും അഗ്നിപരീക്ഷയായിരുന്നു അത്. മാസത്തിന്റെ ആദ്യ വാരത്തില്‍ മുടങ്ങാതെ ശമ്പളം കൊടുക്കുന്ന ശൈലിയാണ് എന്റേത്. എന്റെ ടീം ഹാപ്പിയായി ഇരുന്നാലേ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാന്‍ സാധിക്കൂ.
എന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാന്‍ പാടില്ലെന്ന വാശി തന്നെ എനിക്കുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഞാന്‍ യുഎസില്‍ പെട്ടു. വേതനം കൊടുക്കാന്‍ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് വീണ്ടും പണം കടം വാങ്ങേണ്ടി വരുമെന്ന സ്ഥിതി. ആകെ ധര്‍മ്മസങ്കടത്തിലായി. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നപ്പോള്‍ കുടുംബ സുഹൃത്ത് വഴി മറ്റൊരു നിക്ഷേപകനിലേക്കെത്തി. ആദ്യ മീറ്റിംഗില്‍ തന്നെ കമ്പനിയെ കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം അദ്ദേഹത്തോട് പറഞ്ഞു. എന്തായാലും ചര്‍ച്ചകള്‍ ഫലം കണ്ടു. രണ്ട് മില്യണ്‍ ഡോളര്‍ നിക്ഷേപം കോവിഡ് കാലത്ത് ഞങ്ങള്‍ക്ക് സമാഹരിക്കാന്‍ സാധിച്ചു,'' മനോദ് പറയുന്നു.
റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, സപ്പോര്‍ട്ട് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ കരുതലോടെ ഈ ഫണ്ട് വിനിയോഗിച്ചു. അതിന്റെ ഗുണഫലം കമ്പനിക്ക് ഉണ്ടാവുകയും ചെയ്തു. ലോകത്തെമ്പാടുമായി, ഏതാണ്ടെല്ലാ രംഗങ്ങളിലുമുള്ള കമ്പനികളെ ഉപഭോക്തൃനിരയിലേക്ക് കൊണ്ടുവരാന്‍ സ്‌കൈഈസ്്‌ലിമിറ്റിന് സാധിച്ചത് ഇതുകൊണ്ടാണ്.
ഇന്ന് കൊച്ചി, മുംബൈ, യുഎഇ എന്നിവിടങ്ങളില്‍ സ്‌കൈഈസ്ലിമിറ്റിന് ഓഫീസുകളുണ്ട്. 80ലേറെ ജീവനക്കാരും. കുറഞ്ഞ കാലം കൊണ്ട് ദേശീയ, രാജ്യാന്തര തലത്തിലെ 30ലേറെ പുരസ്‌കാരങ്ങളും സ്‌കൈഈസ് ലിമിറ്റിനെ തേടിയെത്തിയിട്ടുണ്ട്. ''അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനിയെ ലിസ്റ്റ് ചെയ്യണം,'' അടുത്ത ലക്ഷ്യം ഡോ. മനോദ് വെളിപ്പെടുത്തുന്നു.
അതിരുകളില്ലാതെയാണ് ഡോ. മനോദ് മോഹന്‍ ഇപ്പോള്‍ സ്വപ്നം കാണുന്നത്. ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന ഒരു യഥാര്‍ത്ഥ പ്രശ്‌നത്തിന് കൃത്യമായ പരിഹാരം സ്‌കൈഈസ്്ലിമിറ്റിന് നല്‍കാനാകുമെന്ന ആത്മവിശ്വാസമാണ് അതിന് കാരണം.

ഒരു കോഫിയുടെ പണംകൊണ്ട് കൂട്ടാം സെയ്ല്‍സ്!

ഒരു ദിവസം ഒരു കപ്പ് കാപ്പി കുടിക്കുന്ന പണം ചെലവിടാന്‍ തയാറാണോ? എങ്കില്‍ സെയ്ല്‍സ് കൂട്ടാനുള്ള സോഫ്റ്റ്വെയര്‍ ബിസിനസില്‍ ഉള്‍ക്കൊള്ളിക്കാം. അതും ഫേസ്ബുക്കും വാട്‌സാപ്പും ഒക്കെ പോലെ ലളിതമായൊരു ടൂള്‍. ഇതാണ് ഡോ. മനോദ് മോഹന്റെ സ്‌കൈഈസ്്‌ലിമിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്ന സെയ്ല്‍സ് മാനേജ് ചെയ്യാനുള്ള സോഫ്റ്റ്വെയറായ സെയ്ല്‍സ്ഫോക്കസ്.

എന്താണ് സെയ്ല്‍സ്‌ഫോക്കസ്?

ബിസിനസുകളുടെ സ്വഭാവമനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ പറ്റുന്ന സെയ്ല്‍സ് മാനേജ്‌മെന്റ് ടൂളാണ് സെയ്ല്‍സ്‌ഫോക്കസ്. വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സംയോജിപ്പിച്ചുള്ള സംവിധാനമാണിത്. ഇതിലൂടെ സെയ്ല്‍സ് പ്രവര്‍ത്തനങ്ങളും തത്സമയ വിശകലനവും ചെയ്യാം. സെയ്ല്‍സ് എക്‌സിക്യുട്ടീവുകളുടെ വിലപ്പെട്ട സമയം കളയുന്ന, ഒട്ടും ഉല്‍പ്പാദനക്ഷമമല്ലാത്ത പേപ്പര്‍ ജോലികള്‍ വളരെ എളുപ്പത്തില്‍ ഡിജിറ്റലായി ഇതിലൂടെ ചെയ്യാനാകും. ഇതിലൂടെ സെയ്ല്‍സില്‍ അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റും. മാത്രമല്ല സെയ്ല്‍സ് എക്‌സിക്യുട്ടീവുകള്‍ക്ക് അപ്പപ്പോള്‍ തന്നെ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സെയ്ല്‍സ് മാനേജര്‍മാര്‍ക്ക് സാധിക്കും.

ബിസിനസുകാര്‍ എന്തിന് ഉപയോഗിക്കണം?

സെയ്ല്‍സ് ടീമിന്റെ കാര്യക്ഷമത കൂട്ടാന്‍ ഇത് സഹായിക്കുന്നു. തത്സമയം ലീഡ്‌സ് മാനേജ് ചെയ്യാനും നിരീക്ഷിക്കാനും സാധിക്കും, റിയല്‍ ടൈം സെയ്ല്‍സ്, പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് വഴി, സെയ്ല്‍സ് എക്‌സിക്യുട്ടീവിന്റെ കാര്യക്ഷമത മനസി
ലാക്കാം. വില്‍പ്പന ലക്ഷ്യം എത്ര നേടി, എത്രത്തോളം നേടാനുണ്ട് എന്ന് അപ്പപ്പോള്‍ അറിയുന്നതുകൊണ്ട് ഉചിതമായ തീരുമാനങ്ങള്‍ അതിവേഗമെടുത്ത് ഉല്‍പ്പാദനക്ഷമതയും വരുമാനവും കൂട്ടാനാകും.

സെയ്ല്‍സ് ടീമിന് എങ്ങനെ ഗുണം ചെയ്യും?

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന പോലെ തന്നെ, യൂസര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു ആപ്ലിക്കേഷന്‍ ആണ് സെയ്ല്‍സ്ഫോക്കസ്.
ഉപഭോക്തൃ വിവരങ്ങള്‍, വില്‍പ്പന വിവരങ്ങള്‍ തുടങ്ങിയവ ഡിജിറ്റലി സേവ് ചെയ്യുന്നതുകൊണ്ടുതന്നെ മാന്വല്‍ ഡാറ്റാ എന്‍ട്രിക്ക് വേണ്ടി സമയം കളയേണ്ടതില്ല. റിമൈന്‍ഡറുകളും നോട്ടിഫിക്കേഷന്‍സുകളും സെറ്റ് ചെയ്യാന്‍ സാധിക്കും.
ലൊക്കേഷന്‍ ട്രാക്കിംഗ് എന്നത് ഈ ആപ്ലിക്കേഷനിലെ ഒരു ചെറിയ ഫീച്ചര്‍ മാത്രമാണ്. സെയ്ല്‍സ്ഫോക്കസ് എന്ന ആപ്ലിക്കേഷന്‍ കൂടുതലായും ഫോക്കസ് ചെയ്യുന്നത് സെയ്ല്‍സ് പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുക എന്നതിലാണ്.
കൂടാതെ കളക്ഷന്‍ മാനേജ്‌മെന്റ്, എക്‌സ്‌പെന്‍സ് മാനേജ്‌മെന്റ് തുടങ്ങിയവ തെറ്റുകള്‍ കൂടാതെ മാനേജ് ചെയ്യാനും സാധിക്കും. ഓര്‍ഡറുകള്‍ മൊബൈല്‍ ആപ്പ് വഴി ശേഖരിക്കാനും തുടര്‍ന്ന് വില്‍പ്പന, വിതരണ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നത് വഴി കാര്യക്ഷമത കൂട്ടാനും സെയ്ല്‍സ്ഫോക്കസ് സഹായിക്കുന്നു.
Tags:    

Similar News