'ഉണ്ട'യും ചില ടീം മാനേജ്‌മെന്റ് പാഠങ്ങളും!

Update:2019-07-08 08:25 IST

ഇത്തവണ ഒരു വ്യത്യസ്തത ആയിക്കോട്ടെ... ഈ അടുത്തു കണ്ട ഒരു മലയാളം സിനിമയിലൂടെ ടീം മാനേജ്‌മെന്റിന്റെ വിവിധ തലങ്ങള്‍ കണ്ടെത്താനാണ് ഇന്ന് ശ്രമിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായക വേഷത്തില്‍ എത്തുന്ന 'ഉണ്ട' എന്ന ചിത്രത്തിന്റെ റിവ്യു ഒരു ടീമിനെ എങ്ങനെ മാനേജ് ചെയ്ത് ലക്ഷ്യത്തില്‍ എത്തിക്കണം എന്ന് നമുക്ക് മനസിലാക്കിത്തരും!

പുത്തന്‍ ജനറേഷന്റെ ചലച്ചിത്ര ഭാഷയിലേക്ക് മമ്മൂക്കയുടെ സ്ലോ മോഷനിലുള്ള ഒരു കയറി വരവാണ് ഈ ചിത്രം... പതിഞ്ഞ താളത്തില്‍ ആരംഭിക്കുകയും അങ്ങനെ തന്നെ അവസാനിക്കുകയും ചെയ്യുന്ന ചിത്രം യുവതാരങ്ങളുടെ സാന്നിധ്യം കൊണ്ടും ഒരു സര്‍വൈവല്‍ മൂവിയുടെ ചെറിയ ലക്ഷണങ്ങള്‍ കൊണ്ടും കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ്.

സര്‍വൈവല്‍ മൂവിയുടെ സാധ്യതകള്‍ ഉപയോഗിച്ച് ടീം എഫര്‍ട്ടും, ബന്ധങ്ങളും, കൊച്ചു പിണക്കങ്ങളും നല്ല രീതിയില്‍ കോര്‍ത്തിണക്കിയാല്‍ കുറച്ചു കൂടി ലൈഫ് ഉണ്ടാകുമായിരുന്നു എന്ന് തോന്നി. എങ്കിലും നമുക്ക് നിത്യജീവിതത്തില്‍ ബന്ധപ്പെടുത്താന്‍ കഴിയുന്ന കഥാപാത്രമായി മമ്മൂട്ടിയുടെ Sl മണികണ്ഠന്‍ ഒരാശ്വാസമായി.

പക്ഷെ ടീം മാനേജ്‌മെന്റ് ആംഗിളില്‍ നോക്കിയാല്‍ 'ഉണ്ട' ഒരു കേസ് സ്റ്റഡിയാണ്. ബ്രൂസ് ടക്ക്മാന്‍ 1965 ല്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഫോര്‍മേഷന്‍ സ്റ്റേജുകളുമായി 'ഉണ്ട'യിലെ കഥാഗതിയെ താരതമ്യം ചെയ്താല്‍ രസകരമാണ്. ടക്ക്മാന്‍ തിയറി അനുസരിച്ച് Forming, Storming, Norming, Performing എന്നിവയാണ് ഈ നാല് ഘട്ടങ്ങള്‍.

1. Forming

ടീം അംഗങ്ങള്‍ ആദ്യമായി പരിചയപ്പെടുന്ന ഭാഗമാണിത്, പ്രത്യേകിച്ചും ഒരു ഒറ്റ ലക്ഷ്യത്തിനായി... പലപ്പോഴും ലക്ഷ്യത്തെ കുറിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ ഉണ്ടാകുമെങ്കിലും പലര്‍ക്കും വ്യക്തത കിട്ടില്ല. ഓരോരുത്തരുടേയും സ്വഭാവസവിശേഷതകള്‍ ഓരോ തരത്തിലായിരിക്കുകയും ചെയ്യും. ഓരോരുത്തരും അവരവരുടെ രീതികള്‍ക്കനുസരിച്ച് പെരുമാറും.

ചിത്രത്തില്‍ മമ്മൂട്ടി ലീഡറായി മാറുന്ന ഒരു ഒമ്പത് അംഗ സംഘത്തിന്റെ കഥയാണ്. ഈ ഒമ്പത് പേരും ഒരുമിച്ച് ഈ ദൗത്യത്തിന് ആദ്യമായാണ്. ആര്‍ക്കും ലക്ഷ്യത്തെ കുറിച്ച് വലിയ ഉറപ്പില്ല... ചിലര്‍ക്ക് പേടിയുണ്ട്, മറ്റു ചിലര്‍ക്ക് പുച്ഛം മമ്മൂട്ടി, അര്‍ജുന്‍ അശോക്, ലുക്ക്മാന്‍ തുടങ്ങിയ പോസിറ്റിവ് ചിന്തയുള്ളവര്‍, ഷൈനിന്റെ കഥാപാത്രത്തെപ്പോലെ ഫ്രസ്‌ട്രേഷന്‍ ഉള്ളവര്‍, ഉണ്ണി, അജി എന്നീ കഥാപാത്രങ്ങളെപ്പോലെ മറ്റുള്ളവരെ പഴിക്കുന്നവര്‍, ഗ്രിഗറിയെ പോലെ സ്വാര്‍ഥരായവര്‍ അങ്ങനെ ഇവരുടെ ഓരോരുത്തരുടേയും സ്വഭാവം വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട് ഈ ഭാഗത്ത്.

2. Storming

ഈ ഘട്ടത്തിലാണ് ടീം അംഗങ്ങള്‍ ഓരോരുത്തരും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങുന്നത്. ഇത് കാര്യങ്ങള്‍ മൊത്തത്തില്‍ ഉഷാറാക്കുമെങ്കിലും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കും. ഒപ്പം ലക്ഷ്യത്തിലേക്കുള്ള ഏതെങ്കിലും പ്രവൃത്തി കൂടി ചെയ്യാനുണ്ടെങ്കില്‍ ഈ അഭിപ്രായ വ്യത്യാസങ്ങള്‍ ചെറിയ വഴക്കിലേക്കും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചിലപ്പോള്‍ ടീം സ്പ്ലിറ്റ് ആകാനും കാരണമാകാം. ഇവിടെ ലീഡറുടെ സംയമനം വളരെ പ്രധാനമാണ്. ഒരു ടീം ലീഡറുടെ കഴിവ് കാണിക്കേണ്ട സന്ദര്‍ഭം ആണിത്. നല്ല ലീഡര്‍മാര്‍ക്ക് ഒപ്പമുള്ളവരെ കയ്യിലെടുക്കാന്‍ ഉള്ള അവസരം കൂടിയാണ് ഇത്.

സിനിമയില്‍ കപില്‍ദേവ് എന്ന കഥാപാത്രമായി ജീവിച്ച നടന്‍ ആ നാട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തുടങ്ങുന്നിടത്ത് ഈ ഫേസ് ആരംഭിക്കുന്നു. ഒപ്പം ഒരു ചെറിയ ആക്രമണം ഉണ്ടാകുന്നതോടെ, ടീം അംഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാകുന്നു. എന്നാല്‍ തന്റെ പ്രശ്‌നം മനസിലാക്കിയ മമ്മൂട്ടിയുടെ കഥാപാത്രം ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ക്ഷമ പറയുന്ന സീന്‍ വളരെ വികാരഭരിതമാണ്. ഒപ്പം ഒരു ലീഡറിന്റെ മനഃസംയമനവും...

3. Norming

ഈ ഫേസ് ആരംഭിക്കുന്നത്, ടീമിന് ഒരു പൊതുവായ വെല്ലുവിളി ഉണ്ടാകുമ്പോഴാണ്... ടീമംഗങ്ങള്‍ പോലുമറിയാതെ അവര്‍ സ്പര്‍ദ്ധകള്‍ മറന്ന് പരസ്പരം സഹകരിക്കാന്‍ തുടങ്ങും. പിന്നെ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഒരുമയാകും... തുറന്നുള്ള സംസാരങ്ങള്‍ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കും. ഒരുപക്ഷെ ലക്ഷ്യത്തെ കൂടുതല്‍ അടുത്തറിയുന്ന ഒരു ഘട്ടം കൂടിയായിരിക്കും ഇത്. പല സ്ഥലങ്ങളിലും ഇതിനായി ഒരു മോക്ക് (ട്രയല്‍) നടത്താറുണ്ട്. പ്രായോഗികമായി ഉണ്ടാകാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ ഒക്കെ ഈ സമയത്താണ് പുറത്തുവരുക. ഇവിടെ ലീഡര്‍ നല്ല മോട്ടിവേറ്റര്‍ ആയി മാറേണ്ടതുണ്ട്. ഇടഞ്ഞു നില്‍ക്കുന്നവരെ ഒരുമിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്.

ചിത്രത്തില്‍ ഉണ്ണി എന്ന കഥാപാത്രവും ലുക്ക്മാന്റെ ബിജു എന്ന കഥാപാത്രവും തമ്മിലുള്ള വഴക്ക് ഇതിനൊരു ഉദാഹരണമാണ്... ഒരു ബോംബ് സ്‌ഫോടനത്തിനു ശേഷം ഉണ്ണി ആദ്യം അന്വേഷിക്കുന്നത് ബിജുവിനെയാണ്. ബൂത്തില്‍ ആദ്യം പ്രശ്‌നമുണ്ടാകുന്നതും ഈ ഫേസില്‍ തന്നെ പെടുത്താം... പതിയെ പതിയെ പേടിയുള്ളവരും, സ്വാര്‍ത്ഥരും, മടിയന്‍മാരും എല്ലാം ടീമിന്റെ ഭാഗമാകുന്നു. അര്‍ജുന്‍ അശോകിന്റെ കഥാപാത്രം പലരുമായും പെഴ്‌സണല്‍ ആയി അവരുടെ പ്രശ്‌നങ്ങളെ അറിയാന്‍ ശ്രമിക്കുന്നത് ടീം വര്‍ക്കിനെ ഒരുപാട് സഹായിക്കുന്നതായി കാണാം.

4. Performing

ഇതാണ് ഫൈനല്‍ സ്റ്റേജ്. ഈ ഭാഗമെത്തുമ്പോഴേക്കും ടീമംഗങ്ങള്‍ ആ ഒരൊറ്റ ലക്ഷ്യത്തിനായി തയാറെടുത്തു കഴിഞ്ഞിരിക്കും. ഒപ്പം ടീമംഗങ്ങള്‍ പരസ്പരം സഹായിക്കാനും ഒരുമിച്ചു നില്‍ക്കാനും ലക്ഷ്യം നേടാന്‍ ഏതറ്റം വരെ പോകാനും തയാറാകും. അങ്ങനെ വരുമ്പോള്‍ അപ്രാപ്യം എന്നു തോന്നുന്നതു പോലും പ്രാപ്യമാകും. എല്ലാവരും ഒരുമിച്ച് നിന്ന് ഒറ്റ ലക്ഷ്യത്തിനു വേണ്ടി പൊരുതും. ചിലപ്പോള്‍ തിരിച്ചടികളെ പോലും അവസരങ്ങള്‍ ആക്കി മാറ്റും. അങ്ങനെ ടീം അവരുടെ ലക്ഷ്യം കീഴടക്കും.

ചിത്രത്തിലെ അവസാന ആക്ഷന്‍ സീക്വന്‍സ് ആണിത്. ഒരാളെ അടിച്ചു വീഴ്ത്തുമ്പോള്‍ മറ്റെയാള്‍ തടയുന്നതും ഓരോരുത്തരേയും ഓരോ ടാസ്‌കിനു വേണ്ടി നിയോഗിക്കുന്നതും ഷൈനിന്റെ വെടി കൊള്ളുന്നതുമൊക്കെ ഈ പെര്‍ഫോമിംഗ് സ്റ്റേജിലെ രോമാഞ്ചം ഉണര്‍ത്തുന്ന രംഗങ്ങളാണ്. ആവശ്യപ്പെട്ട ആയുധങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ പോലും കിട്ടിയതെല്ലാം എടുത്ത് ഒരൊറ്റ മനസുമായി പൊരുതുന്ന ഒരു പോലീസ് സംഘത്തെ അവസാനം കാണാന്‍ സാധിക്കും.

അതെ, അങ്ങനെ നോക്കിയാല്‍ മലയാളത്തില്‍ ഇതു വരെ ഇറങ്ങിയ നല്ല മാനേജ്‌മെന്റ് ചിത്രങ്ങളില്‍ ഒന്ന് കൂടിയാകും 'ഉണ്ട'. നിങ്ങളുടെ ഓര്‍ഗനൈസേഷനിലും ഇത്തരത്തില്‍ ഉള്ള ടീമുകള്‍ ഉണ്ടാകാം. പല തരത്തിലുള്ള ആളുകള്‍ അതിനകത്ത് ഉണ്ടാകാം. പക്ഷെ ഈ നാലു സ്റ്റെപ്പുകളിലൂടെ അവരെ കടത്തി വിട്ട് നമുക്കൊരു നല്ല ടീം പടുത്തുയര്‍ത്താം.

(സംശയങ്ങള്‍ ranjith@bramma.in എന്ന മെയ്‌ലില്‍ അയയ്ക്കാം)

Similar News