സാറ്റലൈറ്റ് മാപ്പിന്റെ പേരില്‍ കുരുക്കിലാണോ? പരിഹാരമുണ്ട്

നികത്തുനിലം കരഭൂമിയാക്കാന്‍ ശ്രമിക്കുമ്പോള്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ പറയുന്നു അഡ്വ. അവനീഷ് കോയിക്കര

Update:2021-07-06 12:33 IST

ചോദ്യം: ഞാന്‍ ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ കൊടുത്തു. വില്ലേജില്‍ എഫ്.എം.ബി ഇല്ലാത്തതിനാല്‍ സാറ്റലൈറ്റ് മാപ്പ് ലഭിക്കില്ലെന്നും അതിനാല്‍ അപേക്ഷ തീര്‍പ്പാക്കാനാവില്ലെന്നും പറയുന്നു. എന്താണ് പരിഹാരം? (കാര്‍ത്തികേയന്‍, പല്ലാരിമംഗലം)

ഉത്തരം: സാറ്റലൈറ്റ് മാപ്പ് ലഭ്യമായിടത്ത് റിമോട്ട് സെന്‍സിംഗ് സെന്ററിന്റേയും അല്ലാത്തിടത്ത് ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മറ്റിയുടേയും റിപ്പോര്‍ട്ട് പ്രകാരം നിലമല്ലാത്ത ഭൂമിയെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ 2 (17എ) വകുപ്പ് പ്രകാരം വിഞ്ജാപനം ചെയ്യപ്പെടാത്ത ഭൂമിയായി വിവക്ഷിക്കാവുന്നതും ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്. വില്ലേജില്‍ നിന്ന് ലൊക്കേഷന്‍ സ്‌കെച്ച് എടുത്ത് പ്ലോട്ടില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ട ഓഫീസര്‍ എടുക്കുന്ന ഗൂഗില്‍ ലൊക്കേഷന്‍ ഉപയോഗിച്ച് സാറ്റലൈറ്റ് മാപ്പ് എടുക്കാം.

ചോദ്യം: ഞാന്‍ ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ 2017 ഒക്‌ടോബര്‍ 12ന് അപേക്ഷ നല്‍കി. ഇതുവരെ തീര്‍പ്പാക്കി തന്നിട്ടില്ല.അപേക്ഷയുടെ നിജസ്ഥിതി അറിയാന്‍ എന്തു ചെയ്യാം. അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കി കിട്ടാന്‍ എന്ത് ചെയ്യാം? (ബേസില്‍ പോള്‍, മുവാറ്റുപുഴ)

ഉത്തരം: വിവരാവകാശ നിയമപ്രകാരം ആവശ്യമായ വിവരങ്ങള്‍ ചോദിച്ച് പത്ത് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച്/ പോസ്റ്റല്‍ ഓര്‍ഡര്‍ കൂടെ വെച്ച് അപേക്ഷ സമര്‍പ്പിക്കുക. ഒരു മാസത്തിനകം മറുപടി ലഭിക്കും. മറുപടി ലഭിക്കാത്ത പക്ഷം അപ്പീല്‍ നല്‍കാം. അപേക്ഷ സമയബന്ധിതമായി തീര്‍പ്പാക്കി കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കാം. ഹര്‍ജ്ജി ഫയല്‍ ചെയ്യുന്നതിന് അപേക്ഷയുടെ പകര്‍പ്പ്, രസീത്/ എ.ഡി. കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കരുതണം.

ചോദ്യം: ഞാന്‍ ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ കൊടുക്കാന്‍ ചെന്നപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നെ അപേക്ഷ സ്വീകരിക്കാം പക്ഷെ രസീത് തരാന്‍ തയ്യാറല്ല എന്ന് പറഞ്ഞു. എന്താണ് പരിഹാരം? (തോമസ് ടി, കുന്നുകര)

ഉത്തരം: ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ് 2005 ജനുവരിയില്‍ പുറത്തിറക്കിയ 19754 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം എല്ലാ അപേക്ഷകള്‍ക്കും രസീത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കാത്തപക്ഷം അത് രജിസ്‌ടേര്‍ഡ് പോസ്റ്റ് ആയി അയച്ചു കൊടുക്കുക. എ.ഡി കാര്‍ഡ് കൂടെ വയ്‌ക്കേണ്ടതാണ്.


(ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. അവനീഷ് കോയിക്കര സൈക്കോളജിസ്റ്റും, കോര്‍പ്പറേറ്റ് സ്ട്രാറ്റജിസ്റ്റും, മാസ്റ്റര്‍മൈന്‍ഡ് ട്രെയിനറുമാണ്. ഫോണ്‍: 96334 62465, 90610 62465)



Tags:    

Similar News