കിട്ടാത്ത തുകയ്ക്കും നികുതി അടയ്‌ണം: സ്ഥലക്കച്ചവടത്തിന് തിരിച്ചടിയായി ന്യായവില
ഗ്രാമീണ മേഖലയിലെ സാധാരണ ജനങ്ങള്‍ക്കടക്കം ന്യായവില ബാധ്യതയാകുന്ന സാഹചര്യത്തില്‍ ഇവ കുറയ്ക്കാനുള്ള നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്
ഒരു വര്‍ഷത്തിലേറെയായി തുടരുന്ന കോവിഡ് മഹാമാരി സംസ്ഥാനത്തെ സ്ഥലക്കച്ചവടത്തെയും സാരമായി ബാധിച്ചു. ഭൂമിയുടെ വില ഉയരാത്തതിനാല്‍ ഗ്രാമീണ മേഖലയടക്കമുള്ള ഇടങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയ്ക്ക് പോലും സ്ഥലക്കച്ചവടം നടക്കാത്ത സ്ഥിതിയാണ്. പ്രതസിന്ധിയില്‍നിന്ന് കരകയറാന്‍ സ്ഥലം വില്‍ക്കുന്നവര്‍ക്കാണ് ന്യായവില തിരിച്ചടിയാകുന്നത്. നേരത്തെ ഓരോ പ്രദേശത്തെയും സ്ഥലത്തിന്റെ മൂല്യം പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ന്യായവില നിശ്ചയിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം സ്ഥലക്കച്ചവടം കുറഞ്ഞതോടെ ചിലയിടങ്ങളില്‍ ഭൂമിയുടെ ന്യായവില പോലും സ്ഥലയുടമയ്ക്ക് ലഭിക്കാത്ത സ്ഥിതിയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
''നിലവില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ റോഡുകളില്ലാത്ത സ്ഥലങ്ങള്‍ക്കും റോഡുകളുള്ള സ്ഥലങ്ങള്‍ക്കും ഒരേ ന്യായവിലയാണ്. റോഡുകളില്ലാത്തതിനാല്‍ ചില സ്ഥലങ്ങള്‍ ന്യായവിലയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് വില്‍ക്കേണ്ടിവരും. ഇത് സ്ഥലയുടമയ്ക്ക് കനത്ത ബാധ്യതയാണുണ്ടാക്കുന്നത്. ശരിയായ വില നിശ്ചയിച്ചു കിട്ടാന്‍ അധികാരികള്‍ക്ക് അപ്പീല്‍ നല്‍കിയാലും അനുകൂല സമീപനമല്ല ലഭിക്കുന്നത്'' ആധാരം രജിസ്‌ട്രേഷന്‍ രംഗത്ത് 28 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചല അഭിഭാഷകരില്‍ സീനിയറായ കണ്ണൂരിലെ അഡ്വ. കെഎല്‍ അബ്ദുല്‍ സലാം പറയുന്നു.
കൂടാതെ ന്യായവിലക്ക് ആദായ നികുതി കൊടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ന്യായവിലയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഭൂമി വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കാത്ത തുകയ്ക്കും ന്യായവിലയനുസരിച്ച് നികുതി അടയ്‌ക്കേണ്ടതായി വരുന്നു. 10 വര്‍ഷത്തിനിടെ 100 ശതമാനം വര്‍ധനവാണ് ന്യായവിലയിലുണ്ടായിട്ടുള്ളത്. കോവിഡ് പ്രതിസന്ധിക്കിടെയും 2020 മാര്‍ച്ചില്‍ ഉയര്‍ത്തിയ 10 ശതമാനം ന്യായവില പിന്‍വലിക്കാന്‍ ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലവില്‍പ്പന കുറഞ്ഞു, രജിസ്‌ട്രേഷനും
കോവിഡ് സംസ്ഥാനത്തെ സ്ഥല വില്‍പ്പനയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ ഭാഗാധാരം, സെറ്റില്‍മെന്റ്, ദാനം തുടങ്ങിയ ആധാരങ്ങളുടെ രജിസ്‌ട്രേഷനുകളാണ് കൂടുതലായും നടക്കുന്നത്. സ്ഥല വില്‍പ്പനയും മറിച്ചുവില്‍പ്പനയും പാടെ കുറഞ്ഞതോടെ ഈ രംഗത്തുനിന്നുള്ള വരുമാനത്തിലും ഗണ്യമായ ഇടിവാണുണ്ടായിട്ടുള്ളത്.
''ഒരു വര്‍ഷത്തിലേറെയായി സ്ഥല വില്‍പ്പനയില്‍ വലിയ കുറവാണുണ്ടായിട്ടുള്ളത്. വില്‍പ്പനയല്ലാത്ത ദാനം, ഇഷ്ടം, മുക്തിയാര്‍, സെറ്റില്‍മെന്റ് തുടങ്ങിയ ആധാരങ്ങളുടെ രജിസ്‌ട്രേഷനുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകളുടെ രജിസ്‌ട്രേഷന്‍ തീരെ നടക്കാത്ത സാഹചര്യമാണ്'' കണ്ണൂര്‍ കാല്‍ടെക്‌സിന് സമീപത്തെ ആധാരമെഴുത്തുകാരനായ അഹമ്മദ് കബീര്‍ കെവിടി പറഞ്ഞു.
ഭൂമിവിലയില്‍ കാര്യമായ കയറ്റിറക്കമുണ്ടായിട്ടില്ല. എന്നാല്‍ ഡിമാന്റ് വളരെയധികം കുറഞ്ഞു. വായ്പയെടത്ത് പ്രതിസന്ധിയിലകപ്പെട്ട ചുരുക്കമാളുകളുടെ സ്ഥല വില്‍പ്പന മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
''നേരത്തെ കോവിഡിന് മുമ്പ് നാല്‍പ്പത് ടോക്കണുകളാണ് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി നല്‍കിയിരുന്നത്. കൂടാതെ 10 വീട് രജിസ്‌ട്രേഷനുകളും നടക്കാറുണ്ടായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതോടെ ആകെ അഞ്ച് ടോക്കണുകളാണ് നല്‍കുന്നത്. ഇതേതുടര്‍ന്ന് രജിസ്‌ട്രേഷന്‍ നാലിലൊന്നായി ചുരുങ്ങി. കഴിഞ്ഞതവണ ചില സബ് രജിസ്ട്രാര്‍ ഓഫീസുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതിനാല്‍ മാസങ്ങളോളം രജിസ്‌ട്രേഷനുകളും നടന്നില്ലെന്നും അഡ്വ. കെഎല്‍ അബ്ദുല്‍ സലാം പറയുന്നു.
''പല ബില്‍ഡിങ്ങുകളും കെട്ടിക്കിടക്കുകയാണ്, ഇവയെടുക്കാന്‍ ആളുകളില്ല. വാടക എഗ്രിമെന്റ് ഇനത്തിലെ ആധാര രജിസ്‌ട്രേഷനുകളും തീരെ നടക്കാത്ത സാഹചര്യമാണ്. മാത്രമല്ല, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ആനുകൂല്യവും ഈ മേഖലയ്ക്ക് ലഭിച്ചിട്ടില്ല. 50 ലക്ഷത്തിന് മുകളില്‍ വരുന്ന ആധാരങ്ങള്‍ക്ക് ടിഡിഎസ് ഇനത്തില്‍ അടയ്‌ക്കേണ്ട തുകയായ ഒരു ശതമാനത്തില്‍നിന്ന് 0.25 ശതമാനം അടയ്ക്കാന്‍ ചെറിയ സമയം അനുവദിച്ചത് മാത്രമാണ് ലഭിച്ച ആനുകൂല്യം'' - അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ആധാരം രജിസ്‌ട്രേഷന്‍ കുത്തനെ കറഞ്ഞതോടെ വരുമാനത്തിലും ഗണ്യമായ ഇടിവാണുണ്ടായിട്ടുള്ളത്.