സംസ്ഥാനത്ത് കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികളുടെ ഡിമാന്റ് ഉയര്‍ന്നോ?
കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികളുടെ വാടക തുക ഉയര്‍ന്നോ, ഈ രംഗത്തുള്ളവര്‍ പറയുന്നതെന്താണ്?;
കോവിഡ് (Covid19) സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് കരകയറിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖല (Real Estate Sector). ഇതിന്റെ ഫലമായി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഡിമാന്റും വാടകയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരു തിരിച്ചുവരവിനപ്പുറം കോവിഡിന് മുമ്പത്തേക്കാള്‍ കുതിപ്പും ഈ രംഗത്തുണ്ടായിട്ടുണ്ട്. എന്നാല്‍ കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികളുടെ (Commercial Property) കാര്യം നേരെ മറിച്ചാണ്. സംസ്ഥാനത്ത് എല്ലായിടത്തുനിന്നും ഒരേ വളര്‍ച്ച കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
കോഴിക്കോട്ടും കൊച്ചിയിലും ഡിമാന്റ് ഉയര്‍ന്നു
സംസ്ഥാനത്തെ ബിസിനസ് ക്യാപിറ്റലായ കൊച്ചിയിലും കോഴിക്കോട്ടും കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികള്‍ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ് കോഴിക്കോട്ടെ കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികളുടെ ഡിമാന്റെന്ന് സ്മാള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി ധനത്തോട് പറഞ്ഞു. ''കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കുതിപ്പാണ് കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികളുടെ ഡിമാന്റിലുണ്ടായത് (Commercial Property Demand). പ്രോപ്പര്‍ട്ടികളുള്ള സ്ഥലവും പൊതുഗതാഗതവും ഇതിന് പ്രധാന ഘടകങ്ങളാണ്. റെയില്‍വേ സ്‌റ്റേഷനും ബസ് സ്റ്റാന്റും സമീപത്തായതിനാല്‍ കോഴിക്കോട് പാളയത്തിന് സമീപം ഓഫീസ് സ്‌പെയ്‌സുകളോ പ്രോപ്പര്‍ട്ടികളോ കിട്ടാനില്ല'' അദ്ദേഹം പറഞ്ഞു. ചാക്കുണ്ണിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ 100 കടമുറികളാണ് ഉള്ളത്. ഇവയെല്ലാം തന്നെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കൊമേഴ്സ്യൽ
വലിയ സൂപ്പര്‍മാര്‍ക്കറ്റുകളുടെയും മാളുകളുടെയും വരവ് ഈ രംഗത്ത് മാറ്റമുണ്ടാക്കിയതായും ചാക്കുണ്ണി പറയുന്നു. ''നേരത്തെ ചെറിയ കടകളായിരുന്നു നമ്മുടെ നാടുകളിലുണ്ടായിരുന്നത്, എന്നാല്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് മാറി. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളോടാണ് ആളുകള്‍ക്ക് പ്രിയം. അതുകൊണ്ട് തന്നെ നാട്ടിന്‍പുറങ്ങളില്‍ പോലും പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉയരുകയാണ്. ഇതിന് പ്രോപ്പര്‍ട്ടികളുടെ ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിനൊപ്പം, അവിടെ ജോലി ചെയ്യുന്നവര്‍ക്കായുള്ള താമസ സൗകര്യവും ആവശ്യമായി വരുന്നുണ്ട്. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഡിമാന്റ് ഉയരാനും ഇത് കാരണമായിട്ടുണ്ട്'' ചാക്കുണ്ണി ഈ രംഗത്തെ പുതിയ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഓഫീസ് സ്പെയ്സിന് ആവശ്യക്കാരേറെയുള്ളത്. നേരത്തെ, പൂട്ടിക്കിടന്ന പല ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും ഈ മേഖലയ്ക്ക് പുത്തനുണര്‍വായിട്ടുണ്ട്. കൊമേഴ്സ്യൽ
''ആവശ്യക്കാര്‍ വര്‍ധിച്ചെങ്കിലും പ്രോപ്പര്‍ട്ടികളുടെ വാടക തുകയില്‍ വര്‍ധനവുണ്ടായിട്ടില്ല. കൊച്ചിയില്‍ വാടക വീടുകളുടെ വില കുത്തനെ ഉയര്‍ന്നപ്പോള്‍ ഓഫീസ് വാടക വില കുത്തനെ കുറച്ചു. നേരത്തെ 75000 രൂപയ്ക്ക് വാടക കൊടുത്തിരുന്ന സ്പെയ്സുകള്‍ ഇപ്പോള്‍ 50,000 രൂപയ്ക്ക് പോലും ലഭ്യമാണ്'' കൊച്ചിയില്‍ ഒമ്പത് വര്‍ഷമായി ബ്രോക്കറായി പ്രവര്‍ത്തിക്കുന്ന ജിയോബയുടെ ഉടമ ജെന്‍സണ്‍ പറഞ്ഞു. കൊമേഴ്സ്യൽ
കണ്ണൂരില്‍ എയര്‍പോട്ട് വന്നിട്ടും കാര്യമില്ല
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ജില്ലയിലെ വാണിജ്യ രംഗത്ത് വന്‍മുന്നേറ്റമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ പ്രതിഫലനം റിയല്‍ എസ്റ്റേറ്റ് രംഗത്തുമുണ്ടായേക്കുമെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. പ്രത്യേകിച്ച്, അഴീക്കോട് സീപോര്‍ട്ടിനെയും കണ്ണൂര്‍ എയര്‍പോര്‍ട്ടിനെയും ബന്ധിപ്പിച്ച് നിരവധി ബിസിനസ് സാധ്യതകളുണ്ടെന്നിരിക്കെ. എന്നാല്‍ ജില്ലയിലെ കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികള്‍ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് 30 വര്‍ഷത്തോളമായി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി പ്രവര്‍ത്തിക്കുന്ന ശിവരാമന്‍ പറയുന്നു. ''കണ്ണൂര്‍ നഗരത്തില്‍ കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികള്‍ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്, കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികളുടെ ഡിമാന്റ് കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് ഇതുവരെ തിരിച്ചുപോയിട്ടില്ല. മാളുകളില്‍ അടക്കം വലിയ രീതിയിലുള്ള ഓഫീസ് സ്‌പേസുകളും മറ്റുമാണ് ആരുമെടുക്കാനില്ലാതെ ഒഴിവായി കിടക്കുന്നത്'' ശിവരാമന്‍ ധനത്തോട് പറഞ്ഞു.
കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികള്‍ക്ക് ആളില്ലാതായതോടെ ഈ രംഗത്ത് നിക്ഷേപിച്ചവര്‍ക്കും വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. പ്രത്യേകിച്ച് മാളുകളില്‍ വലിയ തോതില്‍ നിക്ഷേപിച്ചവര്‍ക്ക്. അതുകൊണ്ട് തന്നെ കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികളുടെ വാടകയിനത്തില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്കും ഉടമകള്‍ തയ്യാറാവുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന വാടക തുകയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് പലരും ഓഫീസ് സ്‌പേസുകള്‍ വാടകയ്ക്ക് നല്‍കുന്നതെന്നും ശിവരാമന്‍ പറയുന്നു.