കേരളത്തില്‍ സ്ഥലവില കൂടുമോ? ഒരന്വേഷണം

കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ സ്ഥലവില കുറയുന്നുമില്ല, ക്രയവിക്രയം കാര്യമായി നടക്കുന്നുമില്ല. പുതുവര്‍ഷത്തില്‍ സ്ഥലവിലയില്‍ എന്തു മാറ്റമുണ്ടാകും? വായിക്കാം.

Update:2022-01-08 12:00 IST

മലപ്പുറം മഞ്ചേരിയിലെ മുഹമ്മദ് നാസര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് വീടിനടുത്ത് കുറച്ച് സ്ഥലം വാങ്ങിയതാണ്. വില കുതിച്ചുയരുമെന്ന പ്രതീക്ഷയായിരുന്നു അന്ന്. സ്വന്തമായി വീടുണ്ടാക്കുമ്പോള്‍ അത് വിറ്റ് നിര്‍മാണം നടത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി വാങ്ങിയ വിലക്കെങ്കിലും അത് വില്‍ക്കാമെന്ന മോഹവുമായി നടക്കുകയാണ് അദ്ദേഹം. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വീട് പണി പൂര്‍ത്തിയാക്കിയെങ്കിലും വില്‍ക്കാനായി വാങ്ങിയ ഭൂമി എടുക്കാച്ചരക്കായി നില്‍ക്കുന്നു.

കൂടിയ വിലയ്ക്ക് ഭൂമി വേണ്ട
വില കുറച്ചില്ലെങ്കില്‍ ഭൂമി വേണ്ടെന്ന നിലപാടിലാണ് കേരളം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എവിടെയും ഇതു തന്നെ സ്ഥിതി. അത്യാവശ്യക്കാര്‍ മാത്രം ഭൂമി വാങ്ങുന്നു. ഭൂവുടമകള്‍ക്ക് വില പറയാനുള്ള ഒരവസരവും ഇപ്പോള്‍ വിപണി നല്‍കുന്നില്ല. പ്രത്യേകിച്ച് കാര്‍ഷിക ഭൂമിയാണെങ്കില്‍.
കുറേകാലമായി കേരളത്തില്‍ സ്ഥലവിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നില്ല. കൂടിയ വില കുറയാത്ത സാഹചര്യമായതിനാല്‍ വില്‍പ്പനയിലും കുറവ് സംഭവിക്കുന്നു. കേരള രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവര പ്രകാരം രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഈ വര്‍ഷം നവംബര്‍ വരെ 2.30 ലക്ഷത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. 2020-21 ല്‍ 7,83,693 രജിസ്‌ട്രേഷന്‍ അപേക്ഷകളാണ് ലഭിച്ചതെങ്കില്‍ 2021-22 ല്‍ നവംബര്‍ വരെ 5,53,128 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് 71,625. എന്നാല്‍ കഴിഞ്ഞ വര്‍ഷം 97,116 ആയിരുന്നു. 61,447 എണ്ണവുമായി തിരുവനന്തപുരം രണ്ടാമതും 52,739 എണ്ണവുമായി എറണാകുളം മൂന്നാമതുമാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഏറെയുള്ള വയനാട് (14927), ഇടുക്കി (17048), പത്തനംതിട്ട (18645) ജില്ലകളിലാണ് ഏറ്റവും കുറവ് രജിസ്‌ട്രേഷന്‍ നടന്നിരിക്കുന്നത്. ഓരോ വര്‍ഷവും രജിസ്‌ട്രേഷനുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കൃഷി ഭൂമിയുടെ വില്‍പ്പന കേരളത്തില്‍ ഏതാണ്ട് നിലച്ച മട്ടാണ്. റബ്ബര്‍ തോട്ടങ്ങളുടെ വിലയില്‍ അടുത്തിടെ കാര്യമായ വിലയിടിവ് നേരിട്ടെങ്കിലും റബ്ബറിന്റെ വില കൂടുന്നത് മൂലം ഇപ്പോള്‍ റബ്ബര്‍ തോട്ടങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ മടിക്കുന്നു.
ഭൂമി സര്‍ക്കാരിന് നല്‍കി കര്‍ഷകര്‍
പാറമടകള്‍ക്കും റിസോര്‍ട്ട് നിര്‍മിക്കാനുമൊക്കെ മാത്രമാണ് മലയോരങ്ങളില്‍ ഭൂമി വില്‍പ്പന നടക്കുന്നതെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ചൂണ്ടിക്കാട്ടുന്നു. വന്യജീവി ശല്യം കാരണം കൃഷി ലാഭകരമല്ല എന്നതും മലയോരങ്ങളില്‍ കൃഷി ഭൂമിയുടെ ഡിമാന്‍ഡ് കുറച്ചിട്ടുണ്ട്. നിലമ്പൂര്‍ മേഖലകളിലൊക്കെ നേരത്തെ ഏക്കറിന് 40 ലക്ഷം കിട്ടിയിരുന്നത് 20 ലക്ഷം രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നുണ്ട്. വനം വകുപ്പിന്റെ സ്വയം പുനരധിവാസ പദ്ധതിയുടെ ഭാഗമായി അഞ്ചേക്കര്‍ വരെയുള്ള ഭൂമിക്ക് 15 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അഞ്ചു സെന്റ് ഭൂമിക്കും അഞ്ചേക്കര്‍ ഭൂമിക്കും 15 ലക്ഷം രൂപയെന്നതാണ് നേട്ടവും കോട്ടവും. ഓരോ അഞ്ചേക്കര്‍ വരെയും 15 ലക്ഷം രൂപ വീതം ലഭിക്കും. ഏലത്തോട്ടങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും നൂറേക്കറില്‍ അധികമുള്ള പ്ലാന്റേഷനുകള്‍ക്ക് ആറ് ലക്ഷം രൂപ വരെയും ആണ് നടപ്പ് വില.
ചിലയിടങ്ങളില്‍ ഡിമാന്‍ഡ്
ഭൂമി മറിച്ചു വില്‍ക്കുന്ന ബിസിനസ് ഏതാണ്ട് നിലച്ച മട്ടാണ്. അതുകൊണ്ട് സമൂഹത്തിന് വലിയ നഷ്ടമൊന്നും സംഭവിക്കാനില്ല. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി വാങ്ങുന്നതില്‍ ഉണ്ടാകുന്ന കുറവ് സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ടെന്ന് ക്രെഡായ് കേരള ചെയര്‍മാന്‍ എം എ മെഹബൂബ് പറയുന്നു. കോഴിക്കോട് അടക്കമുള്ള നഗരങ്ങളില്‍ ഹോട്ട് സ്‌പോട്ട് എന്നു പറയാന്‍ ഇടങ്ങളില്ല. എല്ലായിടത്തും അമിത വിലയാണ്. അത്യാവശ്യക്കാര്‍ മാത്രം വാങ്ങുന്നു. ഇനിയും പെട്ടെന്ന് വില ഉയരാന്‍ സാധ്യത ഇല്ല. എന്നാല്‍ ക്രമേണ വില ഉയരും- മെഹബൂബ് പറയുന്നു.
മാവൂര്‍ റോഡില്‍ സെന്റിന് 30-40 ലക്ഷം രൂപയാണ് ഇപ്പോഴുള്ള വില. എന്നാല്‍ കാര്യമായ ക്രയവിക്രയങ്ങള്‍ ഉണ്ടാവുന്നില്ല. കണ്ണൂരില്‍ പുതിയ ബസ്സ്റ്റാന്‍ഡ് ഭാഗങ്ങളിലാണ് കൂടുതല്‍ വിലയുള്ളത്.
45 ലക്ഷം രൂപ സെന്റിന് ആവശ്യപ്പെടുന്നുണ്ട്. താണയില്‍ 26 ലക്ഷം വരെയും തളാപ്പ്, പള്ളിക്കുന്ന് തുടങ്ങിയ ഇടങ്ങളില്‍ 10 ലക്ഷം രൂപ വരെയും ചോദിക്കുന്നു. കാസര്‍കോട്ട് 40 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് 15 ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നുണ്ട്.
എറണാകുളത്ത് അപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി സ്റ്റേഡിയം, ലുലു മാള്‍ പരിസരങ്ങളിലാണ് ഭൂമിക്ക് ഏറെ ഡിമാന്‍ഡ്. 48-50 ലക്ഷം വരെ ഇവിടങ്ങളില്‍ ഇപ്പോഴും വിലയുണ്ട്. എന്നാല്‍ റസിഡന്‍ഷ്യന്‍ മേഖല എന്ന നിലയില്‍ ഇപ്പോഴും പനമ്പിള്ളി നഗര്‍, കടവന്ത്ര ഭാഗങ്ങളില്‍ തന്നെയാണ് ഡിമാന്‍ഡ്. നഗരങ്ങളില്‍ മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള ക്രയവിക്രയങ്ങള്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ആല്‍ബീസ് പ്രോപ്പര്‍ട്ടീസിന്റെ ബിജു തോമസ് പറയുന്നു.
വില്‍ക്കാനാകാത്ത സ്ഥലങ്ങള്‍ നഗരങ്ങളിലും
നഗരത്തില്‍ പലയിടങ്ങളിലും വിറ്റുപോകാത്തതോ വില്‍ക്കാന്‍ തയാറാകാത്തതോ ആയ സ്ഥലങ്ങള്‍ നിരവധിയുണ്ടെന്ന് എ സി സിറ്റി ബില്‍ഡേഴ്‌സ് ഡയറക്റ്റര്‍ എ സി ജോസഫ് ചൂണ്ടിക്കാട്ടുന്നു. പലതും ഉദ്ദേശിച്ച വില കിട്ടാത്തതു കൊണ്ട് ഉടമകളായ പ്രവാസികള്‍ വെറുതെ ഇട്ടിരിക്കുന്നതാണ്. നഗരകേന്ദ്രങ്ങളില്‍ തന്നെ 20 സെന്റ് വരെ സ്ഥലങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ ഏജന്‍സികള്‍ പാട്ടത്തിനെടുത്ത് ആവശ്യക്കാര്‍ക്ക് ചെറിയതോതില്‍ കൃഷി ചെയ്യാനും മറ്റും പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഭൂമിയുടെ വില കേരളത്തില്‍ ഇനി കുറയാനുള്ള സാധ്യതയില്ലെന്ന് എ സി ജോസഫ് വിലയിരുത്തുന്നു. ഭൂമിയുടെ ലഭ്യത ഇവിടെ കുറവാണെന്നതു തന്നെ പ്രധാന കാരണം. കൂടാതെ വാങ്ങാനുള്ള ശേഷിയും മറ്റിടങ്ങളെ അപേക്ഷിച്ച് മലയാളിക്ക് കൂടുതലാണ്. എന്നെങ്കിലും തിരിച്ചു വരുമ്പോള്‍ താമസിക്കാന്‍ വീടൊരുക്കുന്ന പ്രവാസി മലയാളികളും ഭൂമി വില പിടിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.
വില കുറയണം
ഗള്‍ഫ് മേഖലയില്‍ നിന്നടക്കമുള്ള പ്രവാസി മലയാളികള്‍ ഭൂമിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വില കുറച്ചാല്‍ വാങ്ങാം എന്ന നിലപാടിലാണെന്ന് റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടലായ റിയല്‍ കൈരളിയുടെ മാനേജിംഗ് ഡയറക്റ്റര്‍ എം റഹ്‌മത്തുള്ള പറയുന്നു. വിലയില്‍ 10-20 ശതമാനം വരെ വില കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 40 ശതമാനമെങ്കിലും വില കുറഞ്ഞാല്‍ ഇവിടെ വലിയ തോതില്‍ ഭൂമി കച്ചവടം നടക്കുമെന്ന് അദ്ദേഹം പറയുന്നു.
മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി തുടങ്ങിയ ടൗണുകളില്‍ സെന്റിന് 25 ലക്ഷം രൂപ വരെയാണ് നിലവിലുള്ള വില. നഗരത്തിന് നാല് കിലോമീറ്റര്‍ വിട്ട് 4-6 ലക്ഷം രൂപയ്ക്ക് വീട് വെക്കാന്‍ സ്ഥലം ലഭിക്കും. തിരുവനന്തപുരത്ത് കവടിയാര്‍ ഭാഗങ്ങളില്‍ 35 ലക്ഷം വരെ വില പറയുന്നുണ്ട്. മുമ്പ് 50 ലക്ഷം വരെ ഉണ്ടായിരുന്നതാണ്.
ബൈപ്പാസ് റോഡില്‍ സെന്റിന് 20 ലക്ഷം വരെയുണ്ട്. വെള്ളയമ്പലം, വഴുതക്കാട്, ശാസ്തമംഗലം എന്നിവിടങ്ങളിലൊക്കെയും 25 ലക്ഷത്തോളമാണ് വില.
കോട്ടയത്ത് 20-40 ലക്ഷം രൂപ വരെ വിലയുണ്ട്. ഇടുക്കി കട്ടപ്പന ഭാഗങ്ങളില്‍ 18-20 ലക്ഷം രൂപ വരെ സെന്റിന് ചോദിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി തുടങ്ങിയ ഭാഗങ്ങളിലൊക്കെ വീട് വെക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍ മാത്രമാണ് വിറ്റു പോകുന്നത്.
സ്ഥലം വാങ്ങണോ?
ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ ഭൂമിയില്‍ നിക്ഷേപിക്കുന്നത് വലിയ നേട്ടം തരില്ലെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി വിലയിരുത്തുന്നത്. പെട്ടെന്ന് പണമാക്കി മാറ്റാനാവില്ല എന്നതും വില കുറയുന്നു എന്നതുമാണ് കാരണം.
60 ശതമാനം വായ്പകളുടെ ഇഎംഐ തുകയേക്കാളും കുറഞ്ഞ വാടക മാത്രമേ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളില്‍ നിന്നു പോലും ഇപ്പോള്‍ ലഭിക്കുന്നുള്ളൂ.
എന്നാല്‍ വീട് സ്വന്തം ആവശ്യത്തിനായി വാങ്ങുകയാണെങ്കില്‍ ഇനിയും വൈകിക്കരുതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കാരണം കേരളത്തില്‍ ഇനി ഡിമാന്‍ഡ് കൂടാനുള്ള സാധ്യതയാണ് കാണുന്നത്. കാരണം ഐറ്റി മേഖലയില്‍ കൂടുതല്‍ യുവാക്കള്‍ ഉയര്‍ന്നു വരുന്നതും വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനയും ഡിമാന്‍ഡ് കൂട്ടുമെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെടുന്നു.


Tags:    

Similar News