യു.എ.ഇയിലും അക്ഷയ തൃതീയ തരംഗം! ഓഫര്‍ മഴ പെയ്യിക്കാന്‍ ജുവലറികള്‍
ഇക്കുറി വില്‍പന കുതിക്കുമെന്ന് വ്യാപാരികളുടെ പ്രതീക്ഷ
സ്വര്‍ണാഭരണ വിപണിക്ക് അക്ഷയ തൃതീയയെന്നത് മികച്ച വില്‍പനക്കൊയ്ത്തിന്റെ ദിനമാണ്. ഇന്ത്യയിലും കേരളത്തിലും ഏറ്റവുമധികം സ്വര്‍ണാഭരണ വില്‍പന നടക്കുന്നതും അക്ഷയ തൃതീയ ദിനത്തില്‍ തന്നെ.
കഴിഞ്ഞവര്‍ഷം കേരളത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന അക്ഷയ തൃതീയയ്ക്ക് 2,850 കോടി രൂപയുടെ സ്വര്‍ണ വില്‍പന നടന്നുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ദേശീയതലത്തിലും മികച്ച വില്‍പന കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സ്വര്‍ണക്കമ്പം ഇതില്‍ നിന്ന് വ്യക്തം. ഇക്കുറി മേയ് 10നാണ് അക്ഷയ തൃതീയ. മലയാളികളടക്കം പ്രവാസി ഇന്ത്യക്കാര്‍ ഏറെയുള്ള യു.എ.ഇയിലും അക്ഷയ തൃതീയ ഇക്കുറി തിളങ്ങുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷകള്‍. യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള നിരവധി ജുവലറി ശൃംഖലകളും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി ഓഫറുകളും സമ്മാനങ്ങളുമായി രംഗത്തുണ്ട്.
ഇന്ന് കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക്: സ്വര്‍ണവില വീണ്ടും മലക്കം മറിഞ്ഞു; 18 കാരറ്റ് സ്വര്‍ണാഭരണത്തിന് പ്രിയമേറുന്നു (Click here)
മികച്ച ഓഫറുകള്‍, സമ്മാനങ്ങള്‍
വന്‍ ഡിസ്‌കൗണ്ട്, സമ്മാനമായി സ്വര്‍ണനാണയങ്ങള്‍, പൂജ്യം ശതമാനം പണിക്കൂലി, ബമ്പര്‍ നറുക്കെടുപ്പ് തുടങ്ങിയ ആകര്‍ഷണങ്ങളാണ് യു.എ.ഇയിലെ ജുവലറികള്‍ ഇക്കുറി ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നത്.
പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റിവാങ്ങുമ്പോള്‍ വിലയില്‍ കുറവ് വരുത്താതെ, വിപണിവില തന്നെ നല്‍കുമെന്ന ഓഫറുകളും മിക്ക ജുവലറികളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് പഴയ ആഭരണങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുന്നവര്‍ക്ക് ഗുണകരമാണ്.
കേരളത്തില്‍ നിന്നുള്ള പ്രമുഖ ജുവലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 3,000 ദിര്‍ഹത്തിന് മേലുള്ള സ്വര്‍ണ, ഡയമണ്ട്, മറ്റ് അമൂല്യ രത്‌നാഭരണ പര്‍ച്ചേസുകള്‍ക്കൊപ്പം സൗജന്യ സ്വര്‍ണനാണയങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് 100 ശതമാനം മൂല്യവും (Zero deduction) ഉറപ്പുനല്‍കുന്നു.
കേരളത്തില്‍ നിന്നുള്ള മറ്റൊരു പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ വാദ്ഗാനം 3,000 ദിര്‍ഹത്തിന് മേലുള്ള പര്‍ച്ചേസുകള്‍ക്ക് 50 ദിര്‍ഹത്തിന്റെ ഗിഫ്റ്റ് വൗച്ചറാണ്. കല്യാണ്‍ ജുവലേഴ്‌സും മികച്ച ആനുകൂല്യങ്ങളും ഉയര്‍ന്ന ഡിസ്‌കൗണ്ടുകളുമായി രംഗത്തുണ്ട്.
മിക്ക ജുവലറികളും മേയ് 9 മുതല്‍ 12 വരെ നീളുന്ന ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതായത്, അക്ഷയ തൃതീയ ദിനത്തില്‍ മാത്രമല്ല അതിന് മുമ്പേ തന്നെ ഓഫറുകള്‍ നേടാം; അക്ഷയ തൃതീയയ്ക്ക് ശേഷം മേയ് 12 വരെയും ഓഫറുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.
വില്‍പന കുതിക്കുമെന്ന് പ്രതീക്ഷ
കഴിഞ്ഞവര്‍ഷത്തെ അക്ഷയ തൃതീയയെ അപേക്ഷിച്ച് ഇക്കുറി വില്‍പന 25 ശതമാനമെങ്കിലും കൂടുമെന്ന പ്രതീക്ഷയിലാണ് പ്രമുഖ ജുവലറികള്‍. ഉപയോക്താക്കള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് സൗകര്യങ്ങളും ജുവലറികള്‍ ഒരുക്കിയിട്ടുണ്ട്.
അതായത്, വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ മൊത്തം തുകയുടെ 10 ശതമാനം തുക (ചില ജുവലറികളില്‍ വ്യത്യാസമുണ്ടാകാം) മുന്‍കൂര്‍ നല്‍കി ബുക്ക് ചെയ്യാം. ഇത് കുറഞ്ഞവിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ഉപയോക്താക്കളെ സഹായിക്കും.
ബുക്ക് ചെയ്യുന്ന ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യും. ഏതാണോ കുറഞ്ഞവില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാമെന്നതാണ് നേട്ടം.
കരകയറ്റവും ലക്ഷ്യം
സ്വര്‍ണവില ആഗോളതലത്തില്‍ റെക്കോഡ് പുതുക്കി കുതിച്ചതോടെ വിപണിയില്‍ മാന്ദ്യം അലയടിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇക്കുറി ജനുവരി-മാര്‍ച്ചില്‍ യു.എ.ഇയിലെ സ്വര്‍ണ, സ്വര്‍ണാഭരണ ഡിമാന്‍ഡ് 10 ശതമാനം ഇടിഞ്ഞ് 10.8 ടണ്ണിലെത്തിയിരുന്നു. ഇതില്‍ സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ് മാത്രം 10 ശതമാനം കുറഞ്ഞ് 8.8 ടണ്ണായി. സ്വര്‍ണക്കട്ടികള്‍, നാണയങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡും 10 ശതമാനം താഴ്ന്ന് രണ്ട് ടണ്ണിലെത്തി.
ഈ പശ്ചാത്തലത്തില്‍ വിപണിയില്‍ കൂടുതല്‍ ഉപയോക്താക്കളെ എത്തിച്ച്, മികച്ച വില്‍പന നേടി കരകയറുക കൂടിയാണ് അക്ഷയ തൃതീയയ്ക്ക് ആകര്‍ഷക ഓഫറുകള്‍ മുന്നോട്ടുവയ്ക്കുന്നതിലൂടെ ജുവലറികള്‍ ഉന്നമിടുന്നത്.