അമേരിക്കന്‍ 'പലിശ'യില്‍ തട്ടി സ്വര്‍ണവില വീണ്ടും മേലോട്ട്; പവന്‍ വില ഇന്നും ഉയര്‍ന്നു, വെള്ളിക്കും വിലക്കയറ്റം
ഉപയോക്താക്കള്‍ക്ക് തിരിച്ചടി; നികുതിയും പണിക്കൂലിയുമടക്കം ഇന്നത്തെ വില ഇങ്ങനെ
സംസ്ഥാനത്ത് ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ നിരാശരാക്കി സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഗ്രാമിന് 30 രൂപ വര്‍ധിച്ച് ഇന്ന് വില 6,635 രൂപയായി. 240 രൂപ ഉയര്‍ന്ന് 53,080 രൂപയാണ് പവന്‍വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില തുടര്‍ച്ചയായി കൂടുകയാണ്. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. കഴിഞ്ഞമാസം 19ന് (April 19) കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണവില.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5,520 രൂപയായി. 22 സ്വര്‍ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 18 കാരറ്റില്‍ തീര്‍ക്കുന്ന ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ക്ക് കേരളത്തില്‍ സ്വീകാര്യത കൂടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. കാരറ്റ്
ഏറെ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് കേരളത്തില്‍ വെള്ളിക്കും വില കൂടി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് വില 88 രൂപയാണ്.
തിരിച്ചടിയാകുമോ അമേരിക്കന്‍ പലിശ?
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഉലയുന്നതാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയെ മേലോട്ട് നയിക്കുന്ന മുഖ്യഘടകം. കഴിഞ്ഞമാസം പുതിയ തൊഴിലവസരങ്ങളുടെ വളര്‍ച്ച പ്രതീക്ഷ തെറ്റിച്ച് ഇടിഞ്ഞു. തൊഴിലില്ലായ്മ നിരക്ക് 3.8ല്‍ നിന്ന് 3.9 ശതമാനത്തിലെത്തി.
സാമ്പത്തികരംഗത്ത് പ്രതിസന്ധിയുള്ള പശ്ചാത്തലത്തില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറായേക്കുമെന്ന വിലയിരുത്തല്‍ സ്വര്‍ണത്തിന് നേട്ടമാകുന്നു.
പലിശ കുറയുന്നത് സ്വര്‍ണത്തിന് പോസിറ്റീവാണ്. കാരണം, ഡോളറും അമേരിക്കന്‍ സര്‍ക്കാരിന്റെ ബോണ്ടുകളുടെ യീല്‍ഡും ദുര്‍ബലമാകും. അപ്പോള്‍, സ്വര്‍ണത്തിന് ഡിമാന്‍ഡേറും.
കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,300 ഡോളറിന് താഴെയായിരുന്ന രാജ്യാന്തരവില ഇന്ന് 2,324 ഡോളറായിട്ടുണ്ട്.
ഇന്ന് പവന് എന്ത് നല്‍കണം?
ഇക്കുറി മേയ് 10നാണ് അക്ഷയ തൃതീയ. സ്വര്‍ണം, വസ്ത്രം, വാഹനം, വീട് എന്നിങ്ങനെ പുതുതായി ഇഷ്ടപ്പെട്ട വസ്തുക്കള്‍ വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണമെന്ന് ഹൈന്ദവ വിശ്വാസപ്രകാരം കരുതുന്ന ദിനമാണ് അക്ഷയ തൃതീയ.
കേരളത്തിലും ദേശീയതലത്തിലും ഒറ്റദിവസം ഏറ്റവും കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്നതും അക്ഷയ തൃതീയയ്ക്കാണ്. ഇനി ഏതാനും ദിവസങ്ങളേ ശേഷിക്കുന്നുള്ളൂ എന്നിരിക്കേ, അക്ഷയ തൃതീയയ്ക്ക് മുമ്പായി വില കൂടുന്നത് ഉപയോക്താക്കളെയും കച്ചവടക്കാരെയും ഒരുപോലെ നിരാശരാക്കുന്നുണ്ട്.
53,080 രൂപയാണ് ഇന്നൊരു പവന് വില. എന്നാല്‍, ഇതോടൊപ്പം 4,400 രൂപയെങ്കിലും അധികമായി കൈയില്‍ കരുതിയാലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് (HUID charge), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുന്ന തുകയാണ് 4,400 രൂപ. അതായത് 53,080 രൂപയും 4,400 രൂപയും ചേര്‍ത്ത് 57,480 രൂപയെങ്കിലും കൊടുക്കണം ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍.