ആശ്വസിപ്പിക്കാന്‍ സ്വര്‍ണവില; അമേരിക്കന്‍ പലിശ ഉടന്‍ കുറയില്ലെന്ന് വിലയിരുത്തല്‍, വെള്ളിയും താഴേക്ക്

രാജ്യാന്തരവിലയില്‍ നഷ്ടം തുടരുന്നു, കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

Update: 2024-04-30 04:59 GMT

Image by Canva

റെക്കോഡുകള്‍ അനുദിനം തിരുത്തിയുള്ള ആവേശക്കുതിപ്പിന് 'താത്കാലിക' വിരാമമിട്ട് സ്വര്‍ണവില. കേരളത്തില്‍ ഇന്ന് വിലയില്‍ മാറ്റമില്ല. പവന് 53,240 രൂപയിലും ഗ്രാമിന് 6,655 രൂപയിലുമാണ് ഇന്ന് വ്യാപാരം.
ഈമാസം 19ന് കുറിച്ച പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്നവില. അന്ന് നികുതിയും പണിക്കൂലിയുമടക്കം ഏറ്റവും കുറഞ്ഞത് 59,000 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകുമായിരുന്നുള്ളൂ.
റെക്കോഡ് ഉയരത്തില്‍ നിന്ന് 1,080 രൂപ താഴ്ന്നാണ് ഇന്ന് കേരളത്തില്‍ പവന്‍വിലയുള്ളത്. ഗ്രാമിന് 135 രൂപയും കുറഞ്ഞു. ഇന്നത്തെ വിലപ്രകാരം ഏറ്റവും കുറഞ്ഞത് 57,635 രൂപ കൊടുത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാം. അതായത് നികുതി, പണിക്കൂലി എന്നിവയില്‍ 1,365 രൂപയുടെ ആശ്വാസമാണ് ഏപ്രില്‍ 19ലെ വിലയെ അപേക്ഷിച്ച് ലഭിക്കുന്നത്.
വെള്ളിയും 18 കാരറ്റും
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; വില ഗ്രാമിന് 5,555 രൂപ. അതേസമയം, വെള്ളിവില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ താഴ്ന്ന് വില 87 രൂപയായി.
സ്വര്‍ണവില ഇനി എങ്ങോട്ട്?
പ്രതിസന്ധിഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന പെരുമ എക്കാലത്തും സ്വര്‍ണത്തിനുണ്ട്. ഇസ്രായേല്‍-ഹമാസ്, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ ഓഹരി, കടപ്പത്രം തുടങ്ങിയ മൂലധന വിപണിയില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് താത്കാലികമായി മാറ്റാറുണ്ട്.
എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ച് പണമാക്കി മാറ്റാമെന്നതും സ്വര്‍ണനിക്ഷേപത്തെ ആകര്‍ഷകമാക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിലെ സാമ്പത്തിക ചലനങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
അമേരിക്കയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം പ്രതീക്ഷിച്ചതിലധികം കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഉടനൊന്നും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്നും കരുതുന്നു.
പലിശനിരക്ക് ഉയര്‍ന്നതലത്തില്‍ തുടരുമ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് കിട്ടുന്ന ആദായനിരക്കും (US Treasury Bond Yield) ഉയര്‍ന്ന് നില്‍ക്കും. ഡോളറിന്റെ മൂല്യവും കൂടും.
നിലവില്‍ സമീപഭാവിയിലെങ്ങും പലിശനിരക്ക് താഴില്ലെന്ന വിലയിരുത്തല്‍ ശക്തമായതിനാല്‍ ബോണ്ട് യീല്‍ഡും ഡോളറും മെച്ചപ്പെട്ട നിലയിലാണുള്ളത്. മാത്രമല്ല, അമേരിക്കന്‍ ഓഹരി വിപണികളും കരകയറ്റത്തിലാണ്. ഇത് സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് ബോണ്ടിലേക്കും ഓഹരികളിലേക്കും ഒഴുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ഇതാണ് നിലവില്‍ സ്വര്‍ണവിലയെ താഴേക്ക് നയിക്കുന്നത്.
കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,389 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്നുള്ളത് 2,327 ഡോളറിലാണ്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വില 2,260 ഡോളര്‍ വരെ താഴ്‌ന്നേക്കാമെന്നും കരുതപ്പെടുന്നു. ഇത് കേരളത്തിലെ വില കുറയാനും സഹായിക്കും.
ആഗോള സമ്പദ്‌മേഖലയില്‍ മറ്റ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളിലും സ്വര്‍ണവില താഴ്‌ന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു. സ്വര്‍ണാഭരണ പ്രേമികളുടെ ആകര്‍ഷണമായ അക്ഷയ തൃതീയ പടിവാതിലില്‍ നില്‍ക്കേ സ്വര്‍ണവില കുറയുന്നത് ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസമാണ്. വിശദാംശങ്ങള്‍ക്ക് വായിക്കുക: അക്ഷയ തൃതീയ ഇങ്ങെത്തി; ഉപയോക്താക്കള്‍ എന്തുചെയ്യണം? (click here)
Tags:    

Similar News