'ഈച്ചയാട്ടി' പലചരക്ക് കടകള്‍; പിടിച്ചുനില്‍ക്കാന്‍ പുതുവഴി അന്വേഷണത്തില്‍

വഴിയൊരുക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ സജീവം

Update:2024-12-19 13:55 IST

ഡിജിറ്റല്‍ കാലത്ത് മാറി മറിയുന്ന വ്യാപാര രീതികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാത്ത മേഖലയാണ് പലചരക്ക് വ്യാപാരം. ഇ കോമേഴ്‌സ് സംവിധാനം ശക്തമായതോടെ ഗ്രാമങ്ങളില്‍ പോലുമുള്ള ഗ്രോസറി ഷോപ്പുകളുടെ ബിസിനസില്‍ വലിയ ഇടിവാണ് സംഭവിക്കുന്നത്. ദേശീയ തലത്തില്‍ ഡാന്റം ഇന്റലിജന്‍സ് എന്ന സ്ഥാപനം നടത്തിയ സര്‍വ്വെയില്‍ പുറത്തു വരുന്നത് ചെറുകിട പലചരക്ക് കടകളുടെ വ്യാപാരത്തില്‍ ഉണ്ടായ ഇടിവിന്റെ കണക്കുകളാണ്. സര്‍വെയോട് പ്രതികരിച്ച ഉപഭോക്താക്കളില്‍ 82 ശതമാനം പേര്‍ അവരുടെ പലചരക്ക് വാങ്ങലിന്റെ 25 ശതമാനം ഇപ്പോള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരിക്കുന്നു. അഞ്ചു ശതമാനം പേര്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ് സാധനങ്ങള്‍ വാങ്ങുന്നത്. ചെറുകിട വ്യാപാരത്തെ ഇ കോമേഴ്‌സ് സംവിധാനം എത്രമാത്രം ബാധിച്ചുവെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രധാന വെല്ലുവിളികള്‍

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കിക്കോ ലൈവ് (kiko live) നടത്തിയ സര്‍വെയിലും ഗ്രോസറി ഷോപ്പുകളുടെ ബിസിനസ് നഷ്ടത്തിന്റെ കണക്കുകളാണ് കണ്ടെത്തിയിട്ടുള്ളത്. ചെറുകിട വ്യാപാരികള്‍ പ്രധാനമായും നേരിടുന്നത് മൂന്ന് തരം വെല്ലുവിളികളാണെന്നും സര്‍വെയില്‍ കണ്ടെത്തി. ഇ കോമേഴ്സ് പ്ലാറ്റ്‌ഫോമുകളില്‍ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലക്ക് ഉപഭോക്താവിന് ലഭിക്കുന്നു. അവര്‍ വേഗത്തില്‍ വീടുകളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ മല്‍സരം മുറുകിയതോടെ ഇക്കാര്യത്തില്‍ വേഗത വര്‍ധിക്കുകയും ചെയ്തു. മൂന്നാമതായി, ചെറുകിട വ്യാപാരികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിലുള്ള കാലതാമസം.

തേടണം പുതുവഴികള്‍

ചെറുകിട വ്യാപാരികള്‍ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ പുതിയ വഴികള്‍ തേടണമെന്ന് കിക്കോ ലൈവ് സഹ സ്ഥാപകനായ അലോക് ചൗള ചൂണ്ടിക്കാട്ടുന്നു. ''കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഗ്രോസറി ഷോപ്പുകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചത്. വീടിന് അടുത്തുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയിരുന്ന ശീലമാണ് ആളുകള്‍ക്കുണ്ടായിരുന്നത്. എന്നാല്‍, ഇ കോമേഴ്‌സില്‍ വലിയ നിക്ഷേപം നടത്തി വന്‍കിട കമ്പനികള്‍ എത്തിയതോടെ ഉപഭോക്താക്കളുടെ സ്വഭാവം മാറി. ചെറിയ കടകള്‍ക്കായി ഓണ്‍ലൈന്‍ വ്യാപാര സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും കടുത്ത മല്‍സരത്തിനിടെ അതിന് മുന്നേറാനാകുന്നില്ല.'' അലോക് ചൗള പറയുന്നു. ചെറുകിട വ്യാപാരികള്‍ ഒരു പൊതു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് കീഴില്‍ എത്തിക്കുന്നതിന് കിക്കോ ലൈവ് സംവിധാനമൊരുക്കി വരികയാണെന്നും അദ്ദേഹം പറയുന്നു.

എങ്ങനെ ഉപയോഗപ്പെടുത്താം

ഇന്ത്യയില്‍ 1.3 കോടി ചെറുകിട ഗ്രോസറി ഷോപ്പുകളാണുള്ളത്. ഇവരുടെ വാര്‍ഷിക വരുമാനം 70,000 കോടിയോളം രൂപയാണ്. ഇത്തരം ചെറു ഷോപ്പുകളെ പൊതു ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേക്ക് ഉള്‍പ്പെടുത്തുകയാണ് കിക്കോ ലൈവ് ചെയ്യുന്നത്. ഓരോ കടകളിലുമുള്ള ഉല്‍പ്പന്നങ്ങളെ കിക്കോ ലൈവില്‍ കാറ്റലോഗ് ചെയ്യുന്നു. ആദ്യഘട്ടത്തില്‍, പോയിന്റ് ഓഫ് സെയില്‍ വഴി ഡിജിറ്റല്‍ ഇന്‍വെന്ററി നടത്തിയിട്ടുള്ള കടകളെയാണ് ഉള്‍പ്പെടുത്തുന്നത്. ഇത്തരം കടകളുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍, കെ.വൈ.സി വിവരങ്ങള്‍ എന്നീ വിവരങ്ങള്‍ ആപ്പില്‍ ചേര്‍ത്താണ് വ്യാപാരം നടത്താനാകുക. കഴിഞ്ഞ വര്‍ഷം ആരംഭിച്ച കിക്കോ ലൈവ് പ്രവര്‍ത്തിക്കുന്നത് ഓപ്പന്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് സംവിധാനത്തിലാണ്. ഡല്‍ഹിയില്‍ മാത്രം അഞ്ചു ലക്ഷം ഓര്‍ഡറുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത മാസം ബംഗളുരുവിലും പ്രവര്‍ത്തനം തുടങ്ങും. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ 84 ശതമാനം വ്യാപാരികള്‍ തയ്യാറാണെന്നാണ് സര്‍വെയില്‍ കണ്ടെത്തിയത്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ബിസിനസ് വര്‍ധിപ്പിക്കാനാകുമെന്നാണ് ഗ്രോസറി ഷോപ്പ് ഉടമകള്‍ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News