ഇന്ത്യക്ക് വേണം സ്വന്തം സ്വർണ എക്സ്ചേഞ്ച്; കേരളം നെടുംതൂണെന്ന് വേൾഡ് ഗോൾഡ് കൗണ്‍സില്‍
കള്ളക്കടത്തിന് തടയിടാന്‍ ഇറക്കുമതിച്ചുങ്കം കുറയണം
ഇന്ത്യന്‍ സ്വര്‍ണ വിപണിയുടെ നെടുംതൂണ്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന കേരളമാണെന്നും കേരളത്തിലെ ട്രെന്‍ഡിനനുസരിച്ചാണ് ദേശീയ വിപണിയുടെ സഞ്ചാരമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ സി.ഇ.ഒ സച്ചിന്‍ ജെയിന്‍ പറഞ്ഞു. കേരളത്തിലെ സ്വര്‍ണാഭരണ വിപണി ദേശീയതലത്തില്‍ തന്നെ മാതൃകയാണ്. പ്രതിശീര്‍ഷ ഉപഭോഗവും കേരളത്തിലാണ് കൂടുതല്‍.
സ്വര്‍ണക്കള്ളക്കടത്തിന് ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഒരു കാരണമാണ്. ഇത് കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണത്തിളക്കം തുടരും
1,238 ടണ്ണായിരുന്നു ഈവര്‍ഷം ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ആഗോള സ്വര്‍ണ ഡിമാന്‍ഡ്. 2016ന് ശേഷം ഒരു പാദത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയരമാണിത്.
ഇന്ത്യയിലും ചൈനയിലും ഉപഭോഗം കൂടിയതും ഇന്ത്യ, ചൈന, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും ആഗോള സമ്പദ്‌മേഖലയിലെ അസ്ഥിരതയും സ്വര്‍ണ ഡിമാന്‍ഡും വിലയും കൂടാന്‍ വഴിയൊരുക്കി.
വ്യവസായരംഗത്തെ ആവശ്യകതയും ഗോള്‍ഡ് ഇ.ടി.എഫുകള്‍ക്ക് സ്വീകാര്യത കൂടിയതും സ്വര്‍ണവിലയെ മുന്നോട്ട് നയിക്കുകയാണ്. ഇ.ടി.എഫുകള്‍ ഡിജിറ്റലാണെങ്കിലും അവയുടെ അടിസ്ഥാനം തത്തുല്യമായ ഭൗതിക സ്വര്‍ണം തന്നെയാണ്.
ഇക്കുറി ജനുവരി-മാര്‍ച്ചില്‍ 19 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് വാങ്ങിയത്. 2023ല്‍ ആകെ വാങ്ങിയത് 16 ടണ്ണായിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് റിസര്‍വ് ബാങ്ക് അടുത്തിടെ 100 ടണ്ണിലേറെ സ്വര്‍ണം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നതും സച്ചിന്‍ ജെയിന്‍ ഓര്‍മ്മിപ്പിച്ചു. 2023ല്‍ ഇന്ത്യ 760 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. 2024ല്‍ ഇത് 800 ടണ്ണിലെത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
വേണം ഏകീകൃത വില
ഇന്ത്യയില്‍ സ്വര്‍ണത്തിന് ഓരോ സംസ്ഥാനത്തും ഓരോ വിലയാണ്. ഇന്ത്യക്ക് സ്വര്‍ണം ഇറക്കുമതിക്കായി പ്രത്യേക ഗോള്‍ഡ് എക്‌സ്‌ചേഞ്ച് കാര്യക്ഷമമായി പ്രവർത്തനം ആരംഭിക്കാത്തതാണ് ഇതിന് കാരണമെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും സച്ചിന്‍ ജെയിന്‍ 'ധനംഓണ്‍ലൈനോട്' പറഞ്ഞു. നിലവില്‍ പല മാര്‍ഗങ്ങളിലൂടെ സ്വര്‍ണം രാജ്യത്തേക്ക് വരുന്നത് പലവിലയ്ക്ക് കാരണമാകുന്നു.
സ്വര്‍ണവില റെക്കോഡ് ഉയരത്തിലാണെങ്കിലും വിറ്റുവരവിനെ ബാധിച്ചിട്ടില്ലെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍, വിറ്റഴിയുന്ന അളവ് കുറഞ്ഞിട്ടുണ്ട്.
ഇറക്കുമതിച്ചുങ്കവും ജി.എസ്.ടിയുമടക്കം 15 ശതമാനത്തിലധികമാണ് ഇന്ത്യയില്‍ സ്വര്‍ണനികുതി. രാജ്യാന്തര വിലയേക്കാള്‍ ഗ്രാമിന് 1,000 രൂപയിലധികമാണ് ഇന്ത്യയില്‍ വില. ഇതാണ് കള്ളക്കടത്തിന് കാരണമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇറക്കുമതിച്ചുങ്കം പരമാവധി 6 ശതമാനത്തിലേക്ക് കുറച്ചാല്‍ കള്ളക്കടത്ത് 10 ശതമാനത്തിലേക്ക് താഴ്ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കുടുംബങ്ങളുടെ പക്കല്‍ 25,000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇത് വിപണിയിലേക്ക് തിരിച്ചെത്തിച്ച് പുനരുപയോഗിക്കുന്നതിലൂടെ ഇറക്കുമതി ഒരുപരിധി വരെ കുറയ്ക്കാനാകും. ഇതിനുള്ള പദ്ധതി ആവിഷ്‌കരിക്കണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നില്‍ ഉയര്‍ത്തിയിരുന്നു.
സ്വര്‍ണ ഹബ്ബാകാന്‍ കേരളം
സ്വര്‍ണാഭരണ രൂപകല്‍പന, നിര്‍മ്മാണം, വിതരണം തുടങ്ങിയവയ്ക്കായി കേരളത്തില്‍ ഗോള്‍ഡ് പാര്‍ക്ക് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് എ.കെ.ജി.എസ്.എം. പാര്‍ക്ക് വരുന്നതോടെ ഇന്ത്യയുടെ സ്വര്‍ണ ഹബ്ബായി വളരാന്‍ കേരളത്തിന് കഴിയും. പാര്‍ക്കിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് തൃശൂരിലാണ്.
പ്രതിവര്‍ഷം 200-225 ടണ്‍ വില്‍പനയുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണവിപണിയാണ് കേരളമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. 15,000ഓളം സ്വര്‍ണ വ്യാപാരികള്‍ കേരളത്തിലുണ്ട്. ഇന്ത്യയില്‍ 100 ശതമാനം എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) നടപ്പായ ആദ്യ സംസ്ഥാനവുമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.