സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 250 കോടി, എംഎസ്എംഇ വായ്പയ്ക്ക് 500 കോടി - സംരംഭക രംഗത്തെ പ്രഖ്യാപനങ്ങള്‍
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാ പരിധി രണ്ട് കോടി രൂപയായി വര്‍ധിപ്പിക്കും
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 250 കോടി രൂപ വകയിരുത്തമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ആശയ രൂപീകരണം, ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ഉല്‍പ്പന്ന പരീക്ഷണം, വാണിജ്യവല്‍ക്കരണം, വിപുലീകരണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും സഹായം ലഭ്യമാക്കുന്ന രീതിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതിയെ പുനരാവിഷ്‌കരിക്കും. സ്റ്റാര്‍ട്ടപ്പ് ഗ്യാരണ്ടി ഫണ്ടില്‍ ഉള്‍പ്പെടുത്തി കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ പര്‍ച്ചേയ്‌സ് ഓര്‍ഡറുകള്‍, വെഞ്ച്വര്‍ ഡെബ്റ്റ് ഉള്‍പ്പെടെ ലളിതമായ വ്യവസ്ഥയില്‍ 10 കോടി രൂപ വരെ വായ്പ അനുവദിക്കുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെ മന്ത്രി വ്യക്തമാക്കി.
കൂടാതെ, മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പദ്ധതിയുടെ വായ്പാ പരിധി രണ്ട് കോടി രൂപയായി വര്‍ധിപ്പിച്ച്, 500 കോടി രൂപ വായ്പ നല്‍കുന്ന രീതിയില്‍ പുനരാവിഷ്‌കരിക്കും. ഈ പദ്ധതിക്ക് പലിശയിളവ് നല്‍കുന്നതിനായി 18 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
ചെറുകിട ഇടത്തര സംരംഭമേഖലയിലെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിനായി പുതിയൊരു സ്‌കീം കെഎഫ്‌സി നടപ്പാക്കും. ഇതിനായി 1000 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ചെറുകിട ഇടത്തരം സംരഭങ്ങളുടെ പ്രവര്‍ത്തനമൂലധന വായ്പയ്ക്കായി 500 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.