ബിസിനസുകള്‍ക്ക് വളരാന്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ്; നിക്ഷേപകര്‍ക്ക് ലാഭവും നേടാം

പണമായോ, സാങ്കേതിക തലത്തിലുള്ള വൈദഗ്ധ്യം, ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നതിലെ അനുവഭവപരിചയം എന്നിങ്ങനെയുള്ള പിന്തുണയായോ നല്‍കാം

Update: 2024-04-24 14:12 GMT

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനം ഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ പതിനഞ്ചാം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച വളര്‍ച്ചാസാധ്യതയുള്ള, ഉയര്‍ന്നുവരുന്ന തുടക്കക്കാരായ കമ്പനികള്‍ക്കും നിക്ഷേപകര്‍ നല്‍കുന്ന ഒരു പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിംഗാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ (വി.സി) ഫണ്ടിംഗ്. ഇത് പണമായോ, സാങ്കേതിക തലത്തിലുള്ള വൈദഗ്ദ്യം, ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നതിലെ അനുവഭവപരിചയം എന്നിങ്ങനെയുള്ള പിന്തുണയായോ നല്‍കാം.

വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളാണ് വി.സി ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. വളരെയധികം റിസ്‌കുള്ള, അതോടൊപ്പം മികച്ച റിട്ടേണ്‍ ലഭിക്കുമെന്നുറപ്പുള്ള രംഗങ്ങളിലാണ് ഈ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത്. പലപ്പോഴും ഈ സ്ഥാപനങ്ങള്‍ ഫണ്ടിംഗിനായി തിരഞ്ഞെടുക്കുന്നത് ഏറെക്കാലത്തെ നിക്ഷേപവും തുടര്‍ച്ചയായ മാര്‍ഗനിര്‍ദ്ദേശങ്ങളും ആവശ്യമായ കമ്പനികളെയാണ്.
നിക്ഷേപം നടത്തുന്ന കമ്പനികളില്‍ ന്യൂനപക്ഷ അവകാശവും (മൈനോരിറ്റി സ്റ്റേക്ക്) ലാഭത്തിന്റെ വലിയൊരു വിഹിതവും (ഓവര്‍ സൈസ്ഡ് റിട്ടേണ്‍സ്) ഈ സ്ഥാപനങ്ങള്‍ സ്വന്തമാക്കാറുണ്ട്. കമ്പനിയുടെ സ്ഥാപകര്‍, ബൗദ്ധികാവകാശം, ആ സമയത്തെ സമ്പദ് വ്യവസ്ഥ (ഇക്കോണമി) എന്നിവയാണ് വി.സി ഫണ്ടിംഗ് നല്‍കണോ വേണ്ടയോ എന്ന തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.
ഫണ്ടിംഗ് വിടവിന് പരിഹാരം 
പുതിയ സംരംഭങ്ങള്‍ക്കും ബിസിനസ് മേഖലകള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്നതിലൂടെ സമ്പദ് വ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍. പരമ്പരാഗത ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍ക്കും ബാങ്ക് വായ്പകള്‍ക്കും നികത്താന്‍ കഴിയാത്ത ഒരു വിടവാണ് ഇവര്‍ ഇല്ലാതാക്കുന്നത്. മറ്റ് സ്ഥാപനങ്ങള്‍ ഒഴിവാക്കുന്ന റിസ്‌ക് ഏറ്റെടുക്കുന്നതുകൊണ്ട്, മികച്ച വളര്‍ച്ചാ സാധ്യതയുള്ള കമ്പനികള്‍ക്ക് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ അത്യന്താപേക്ഷിതമാണ്.
പലപ്പോഴും കമ്പനിയിലെ ഓഹരികള്‍ക്ക് പകരമായാണ് വി.സി ഫണ്ടിംഗ് നല്‍കുന്നത്. ബാങ്ക് വായ്പ പോലെ നിശ്ചിതകാലയളവില്‍ തിരിച്ചടക്കേണ്ടതുമില്ല. ദീര്‍ഘകാലത്തെ വളര്‍ച്ച കണക്കിലെടുക്കുന്ന വി.സികള്‍ മികച്ച റിട്ടേണുകള്‍ പ്രതീക്ഷിച്ചാണ് നിക്ഷേപം നടത്തുന്നത്.
ആർക്കൊക്കെ പ്രയോജനപ്പെടുത്താം 
യഥാര്‍ത്ഥത്തില്‍, നിക്ഷേപത്തിലൂടെ ഒരു സംരംഭകന്റെ ആശയത്തില്‍ ഒരു അവകാശം നേടിയെടുത്ത്, കുറേക്കാലം അതിനെ വളര്‍ത്തിയശേഷം വിട്ടുപോരുക എന്നതാണ് വി.സി ഫണ്ടിംഗ് അര്‍ത്ഥമാക്കുന്നത്. എങ്കിലും, ഇന്നത്തെ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ പരമ്പരാഗത ബാങ്കുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഏറ്റവും നല്ല മേഖലകള്‍ തിരഞ്ഞെടുത്ത്, റിസ്‌ക് കുറച്ച് ലാഭം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ കരാറുകളുണ്ടാക്കും. മൂലധനം ആവശ്യമുള്ള സംരംഭകര്‍ക്കും നിക്ഷേപ സ്ഥാപനങ്ങള്‍ക്കും വില്‍പ്പനയ്ക്ക് തയ്യാറായ കമ്പനികളെ ലക്ഷ്യമിടുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് വി.സി ഫണ്ടിംഗ്.
വി.സി ഫണ്ടിംഗിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാകുന്ന ഗുണങ്ങളില്‍ ചിലത് ഇവയാണ്:
1. മികച്ച വളര്‍ച്ച നേടാനുള്ള അവസരം
വളരെ മികച്ച രീതിയില്‍ വളരാന്‍ സാധ്യതയുള്ള ഒരു കമ്പനിക്ക് അതിന്റെ വികസനം കൂടുതല്‍ വേഗത്തിലാക്കാന്‍ വി.സി ഫണ്ടിംഗ് സഹായിക്കും. കൂടുതല്‍ മൂലധനം ലഭിക്കുന്നത് ബിസിനസുകളുടെ ഗുണകരമായ വളര്‍ച്ചയിലേയ്ക്കാണ് നയിക്കുന്നത്.
2. സൗകര്യപ്രദമായ ഫണ്ടിംഗ്
പരമ്പരാഗത ബാങ്ക് വായ്പകളില്‍ നിന്ന് വ്യത്യസ്തമായി ഈ നിക്ഷേപം സംരംഭകരോ ബിസിനസ് ഉടമകളോ തിരിച്ചടയ്‌ക്കേണ്ടതില്ല. കമ്പനി പരാജയപ്പെട്ടാല്‍ പോലും തിരിച്ചടവ് ഒരു ബാധ്യതയാകില്ല.
3. ബിസിനസ് രംഗത്തെ വൈദഗ്ദ്യം
ബിസിനസ് മേഖലകളില്‍ ഏറെക്കാലത്തെ അനുഭവപരിചയവും വൈദഗ്ദ്യവുമുള്ളവരാണ് വി.സി നിക്ഷേപകര്‍. മികച്ച തീരുമാനങ്ങളെടുക്കാന്‍- പ്രത്യേകിച്ചും ജീവനക്കാരുടെ കാര്യത്തിലും പണം കൈകാര്യം ചെയ്യുന്നതിലും- കമ്പനി ഉടമകളെ സഹായിക്കാന്‍ ഇവര്‍ക്ക് കഴിയും.
4. നെറ്റ്‌വര്‍ക്കിംഗ്
ബിസിനസ് മേഖലകളില്‍ ആവശ്യമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സംരംഭകരെ വി.സികള്‍ സഹായിക്കും. മാര്‍ക്കറ്റിംഗിനും ബിസിനസ് പ്രൊമോഷനും ഇത് ഏറെ ഗുണം ചെയ്യും.
5. കൂടുതല്‍ ശ്രദ്ധയും ദൃശ്യതയും
ബിസിനസ് രംഗത്ത് ഏറെ പ്രശസ്തിയും ബ്രാന്‍ഡ് മികവുമുള്ള ഒരു വി.സിയുമായി ചേരുന്നത് പുതിയ സംരംഭത്തിനും ഉടമകള്‍ക്കും കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ സഹായിക്കും.
6. ഒന്നിലേറെ പ്രാവശ്യം ഫണ്ട് നേടാനുള്ള അവസരം
സംരംഭകര്‍ക്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ പല തവണ ലഭിക്കാനുള്ള അവസരമുണ്ട്. ഇതിലൂടെ സാരമായ മൂലധനം ലഭിക്കുന്നത് കമ്പനിയുടെ വളര്‍ച്ച കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കും.
7. ആധുനികമായ സാങ്കേതികവിദ്യ
ചെറിയ ബിസിനസുകള്‍ക്ക് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ ആവശ്യമായ ഫണ്ടുകള്‍ വിസികള്‍ ലഭ്യമാക്കും. ബിസിനസ് മേഖലയില്‍ എതിരാളികളേക്കാള്‍ മുന്നിട്ട് നില്‍ക്കാന്‍ ഇതവരെ സഹായിക്കും.
വി.സി ഫണ്ടിംഗിന് ഗുണങ്ങള്‍ പലതുണ്ടെങ്കിലും ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫണ്ട് ലഭിക്കുമ്പോള്‍ സംരംഭകര്‍ ആ ബിസിനസില്‍ അവര്‍ക്കുള്ള അവകാശത്തിന്റെ ഒരു പങ്ക് നഷ്ടപ്പെടുത്തേണ്ടിവരും. മികച്ച വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് നിക്ഷേപകര്‍ വിശ്വസിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട കമ്പനികള്‍ക്കുമാണ് ഫണ്ടിംഗ് ലഭിക്കുന്നത്. രാജ്യത്തെ സമ്പദ് ഘടനയുടെ അവസ്ഥ മുതല്‍ കമ്പനി സ്ഥാപിച്ച ടീമും ബിസിനസിന്റെ ബൗദ്ധികാവകാശവും വരെയുള്ള പല കാര്യങ്ങള്‍ വിസി ഫണ്ടിംഗ് നടപടിക്രമങ്ങളെ സ്വാധീനിക്കുകയും ചെയ്യും.
Tags:    

Similar News