എച്ച്.പിയുമായി ചേര്‍ന്ന് രാജ്യത്തുടനീളം ഇ.വി ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് കമ്പനി
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എനര്‍ജി ടെക് സ്റ്റാര്‍ട്ടപ്പാണ് ചാര്‍ജ്‌മോഡ്
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (എച്ച്.പി.സി.എല്‍) സഹകരിച്ച് രാജ്യത്തുടനീളം ഇ.വി ഫാസ്റ്റ് ചാര്‍ജറുകളും ഒസിപിഐ റോമിംഗും സ്ഥാപിക്കാന്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എനര്‍ജി ടെക് സ്റ്റാര്‍ട്ടപ്പായ ചാര്‍ജ്‌മോഡ്.
ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്.പി.സി.എല്‍ ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകളും പരിധിയില്ലാതെ ഉപയോഗപ്പെടുത്താന്‍ ചാര്‍ജ്‌മോഡ് ആപ്പിലൂടെ സാധിക്കും. ഒന്നിലധികം അക്കൗണ്ടുകളോ ആപ്പുകളോ ഇല്ലാതെ തന്നെ എച്ച്.പി.സി.എല്ലിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഉപയോഗിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുമെന്ന് ചാര്‍ജ്‌മോഡ് സഹസ്ഥാപകനും സി.ഇ.ഒയുമായ എം. രാമനുണ്ണി പറഞ്ഞു.
ഇതിനോടകം ഇന്ത്യയിലുടനീളം നാലായിരത്തിലേറെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2025 മാര്‍ച്ചോടെ മെട്രോ നഗരങ്ങളിലും പ്രധാന ഹൈവേകളിലും 2100ലേറെ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് ചാര്‍ജ്‌മോഡ്.
കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ബിടെക് പഠനത്തിന് ശേഷം എം രാമനുണ്ണി, അനൂപ് വി, അദ്വൈത് സി, ക്രിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് 2019 ലാണ് ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. കേരളത്തിലെ വൈദ്യുത വാഹന ചാര്‍ജിംഗ് ശൃംഖലയില്‍ 90 ശതമാനം പങ്കാളിത്തവും ചാര്‍ജ് മോഡിനാണ്.