രണ്ട് കേരള സ്റ്റാർട്ട് അപ്പുകൾ നിർണായക ചുവടുവെയ്പിൽ; കേന്ദ്ര ടെലികോം വകുപ്പുമായി തദ്ദേശ സാങ്കേതികവിദ്യ വികസനത്തിന് കരാര്‍
ട്രോയിസ് ഇന്‍ഫോടെക്, സിലിസിയം സര്‍ക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കരാര്‍ ഒപ്പിട്ടത്
വാര്‍ത്താവിനിമയ മേഖലയില്‍ അത്യാധുനിക തദ്ദേശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സുമായി (സി-ഡോട്ട്) കരാര്‍ ഒപ്പിട്ടു. കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ആര്‍ & ഡി കേന്ദ്രമാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ്.
ടെക്‌നോപാര്‍ക്ക് ആസ്ഥാനമായുള്ള ട്രോയിസ് ഇന്‍ഫോടെക്കും കൊച്ചി ആസ്ഥാനമായുള്ള സിലിസിയം സര്‍ക്യൂട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് സി-ഡോട്ടുമായി കരാര്‍ ഒപ്പിട്ടത്. തദ്ദേശീയ ടെലികോം സാങ്കേതികവിദ്യകളുടെ വികസനത്തിനായുള്ള പ്രധാന ചുവടുവെപ്പുകളിലൊന്നാണിത്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ അത്മനിര്‍ഭര്‍ ഭാരത് എന്ന ബ്യഹത്തായ ആശയവുമായി യോജിച്ച് പോകുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുക.
ഇരു കരാറുകളും കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ടെലികോം ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് പദ്ധതിയുടെ ഭാഗമായുള്ളതാണ്. ടെലികമ്മ്യൂണിക്കേഷന്‍ ഉത്പന്നങ്ങളും പരിഹാരങ്ങളും രൂപകല്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും വാണിജ്യവത്ക്കരിക്കുന്നതിനുമായി സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമികള്‍, ഗവേഷണ-വികസന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.
കരാർ ഇക്കാര്യങ്ങൾക്ക്
മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോണ്‍ ക്യാമറകളുടെ നിര്‍മ്മാണത്തിനായാണ് ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പായ ട്രോയിസ് ഇന്‍ഫോടെക്കുമായി സി-ഡോട്ട് കരാര്‍ ഒപ്പിട്ടത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ട്രോയിസ് ഇന്‍ഫോടെക് 2018 ലാണ് ആരംഭിച്ചത്.
ലിയോ സാറ്റലൈറ്റ് നിര്‍മ്മാണത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ സിലിസിയം സര്‍ക്യൂട്ടുകളുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായാണ് സിലിസിയം സര്‍ക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍. സെമികണ്ടക്ടര്‍ ഐപി വിജയകരമായി അവതരിപ്പിച്ച, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പാണ് സിലിസിയം സര്‍ക്യൂട്ട്‌സ്. ഇന്ത്യയുടെ ബഹിരാകാശ പ്രതിരോധ മേഖലകളില്‍ നിര്‍ണായക മുന്നേറ്റമാകും ഈ ചിപ്പുകളുടെ ഉപയോഗം വഴി സാധ്യമാകുക.
ട്രോയിസ് ഇന്‍ഫോടെക്കുമായുള്ള കരാറില്‍ സി-ഡോട്ട് സിഇഒ ഡോ. രാജ് കുമാര്‍ ഉപാധ്യായ, ട്രോയിസ് ഇന്‍ഫോടെക് സിഇഒ ജിതേഷ് ടി, സിഐഒ നന്ദകുമാര്‍ ടി ഇ എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു. സി-ഡോട്ട് ഡയറക്ടര്‍മാരായ ഡോ. പങ്കജ് ദലേല, ശിഖ ശ്രീവാസ്തവ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഡോ. പരാഗ് അഗര്‍വാള്‍, വിനോദ് കുമാര്‍ എന്നിവരും പങ്കെടുത്തു.
സിലിസിയം സര്‍ക്യൂട്ടുകള്‍ക്കായുള്ള കരാറില്‍ സി-ഡോട്ട് സിഇഒ ഡോ. രാജ് കുമാര്‍ ഉപാധ്യായയും സിലിസിയം സര്‍ക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ റിജിന്‍ ജോണും ഒപ്പുവച്ചു. സി-ഡോട്ട് ഡയറക്ടര്‍മാരും കേന്ദ്രവാര്‍ത്താവിനിമയ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.