കേരളത്തിൽ വളരുന്നു, കോടികള്‍ പൊടിക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്; ​പ്രതിവർഷ വരുമാനം 2,000 കോടിയിലേറെ!

വരാനിരിക്കുന്നത് വമ്പന്‍ പരിപാടികള്‍; കേരളത്തിന് അനന്തസാധ്യത

Update:2024-12-21 11:01 IST

image credit : canva

വിദേശികള്‍ അടക്കമുള്ളവര്‍ എത്തുന്ന വമ്പന്‍ കോണ്‍ഫറന്‍സുകള്‍ക്കും കോടികള്‍ പൊടിക്കുന്ന വിവാഹങ്ങള്‍ക്കും കേരളത്തെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മൈസ് (മീറ്റിംഗ്, ഇന്‍സെന്റീവ്, കോണ്‍ഫറന്‍സ്, എക്‌സിബിഷന്‍) - ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മേഖലയില്‍ കുതിക്കാന്‍ കേരളം.
മനം മയക്കുന്ന പ്രകൃതി ഭംഗിയും മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്ളതാണ് ഇതിനു കാരണമെന്ന് ടൂറിസം - ഇവന്റ് മാനേജ്‌മെന്റ് മേഖലയിലുള്ളവര്‍ പറയുന്നു. ഒരുവര്‍ഷം 18,000ലധികം ഇവന്റുകളിലൂടെ 2,000 കോടിയിലേറെ രൂപ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവക്ക് വരുമാനം ലഭിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ പ്രധാന ഹബ്ബായി മാറാന്‍ കെല്‍പ്പുള്ള കേരളത്തിന്റെ എല്ലാ സാധ്യതകളും ഇതുവരെയും ഉപയോഗപ്പെടുത്താനായിട്ടില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

കോണ്‍ഫറന്‍സുകള്‍ പൊടിപൊടിക്കുന്നു

സെപ്റ്റംബര്‍ മുതല്‍ തുടങ്ങുന്ന കേരളത്തിലെ വിവാഹ സീസണ്‍ ഫെബ്രുവരി, മാര്‍ച്ച് മാസം വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇതേ സമയത്ത് തന്നെയാണ് മെഡിക്കല്‍ കോണ്‍ഫറന്‍സുകളും കോണ്‍ക്ലേവുകളും കോര്‍പറേറ്റ് കമ്പനികള്‍ ജീവനക്കാര്‍ക്ക് വേണ്ടി നടത്തുന്ന ഇവന്റുകളും അരങ്ങേറുന്നത്. കോടികളാണ് ഇവര്‍ കേരളത്തിന്റെ പൊതുവിപണിയിലേക്ക് ഇറക്കുന്നത്. ഇക്കൊല്ലം കൊച്ചിയില്‍ 15,000ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സ് നടന്നിരുന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഈ പരിപാടിയുടെ ഇവന്റ് മാനേജ്‌മെന്റിന് മാത്രം ചെലവിട്ടത് 1.5 കോടി രൂപ. പരിപാടിയുടെ ആകെ ചെലവ് 6-8 കോടി രൂപയോളമാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ നിരവധി മെഡിക്കല്‍ കോണ്‍ഫറന്‍സുകള്‍ക്കാണ് കൊച്ചി വേദിയായത്.

വെഡ്ഡിംഗ് @ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി

കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗും ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു വിവാഹത്തിന് ശരാശരി 25 ലക്ഷം മുതല്‍ 2 കോടി രൂപ വരെ ചെലവാകുമെന്ന് കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷനായ കോണ്‍ഫഡറേഷന്‍ ഓഫ് ഇവന്റ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് മാനേജ്‌മെന്റ് (സീം) സംസ്ഥാന പ്രസിഡന്റായ അന്‍വര്‍ പള്ളിക്കല്‍ പറയുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ആഡംബര വിവാഹങ്ങള്‍ക്ക് പുറമെ ഒരു കോടി രൂപയിലധികം ചെലവിടുന്ന സാധാരണ വിവാഹങ്ങളും ഇപ്പോള്‍ സാധാരണമാണ്. കോവിഡിന് ശേഷം ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് വലിയൊരു വളര്‍ച്ചയുണ്ടായിട്ടുണ്ട്. അടുത്ത വര്‍ഷവും കുറേയധികം പരിപാടികള്‍ നടക്കും. നല്ല ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷ. ഈ രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നാഷണല്‍ ഇവന്റ് മാര്‍ട്ടെന്ന പേരില്‍ വലിയൊരു പരിപാടി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അസോസിയേഷനന്നെും അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് കേരളം

നേരത്തെ ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നടന്നിരുന്ന പല പരിപാടികളും ഇപ്പോള്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്ന് ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജുബിന്‍ പറയുന്നു. മികച്ച താമസ സൗകര്യം, വിമാനത്താവളത്തില്‍ നിന്നും മറ്റും പെട്ടെന്ന് എത്താനുള്ള സൗകര്യം, ഭക്ഷണം, ഇവന്റിന് ശേഷം സന്ദര്‍ശിക്കാന്‍ പറ്റുന്ന സ്ഥലങ്ങള്‍, കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ പറ്റുന്ന കോണ്‍ഫറന്‍സ് ഹാളുകള്‍ എന്നിവ കണക്കിലെടുത്താണ് ആളുകള്‍ കേരളത്തിലെത്തുന്നത്. നിലവില്‍ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത്, ലെ മെരിഡിയന്‍ പോലുള്ള കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ആയിരങ്ങള്‍ക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. സമാന മാതൃകയില്‍ കേരളത്തില്‍ വലിയ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

മാറ്റം വേണം ഇക്കാര്യങ്ങളില്‍

ഇത്രയധികം സാധ്യതകളുണ്ടെങ്കിലും സംസ്ഥാനത്തിന്റെ മദ്യനയമുള്‍പ്പെടെയുള്ളവ മൈസ് - ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ടൂറിസത്തിന് തടസമുണ്ടാക്കുന്നുവെന്ന് അഭിപ്രായം ഉള്ളവരുണ്ട്. മദ്യനയത്തില്‍ വിനോദസഞ്ചാര മേഖലക്ക് അനുകൂലമായ രീതിയില്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതുവഴി സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും സര്‍ക്കാരിന് അധിക വരുമാനം നേടാനാകുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. അതേസമയം, ഒന്നാം തീയതി മദ്യം വിളമ്പുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നയം മാറ്റിയാൽ എതിർപ്പുകൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് സർക്കാർ വിലയിരുത്തുന്നു. 
Tags:    

Similar News