സ്വര്‍ണത്തില്‍ ആദായ വില്‍പ്പന കഴിഞ്ഞു, വില വീണ്ടും മുകളിലേക്ക്, വെള്ളിക്കും കയറ്റം

ഒറ്റയടിക്ക് 480 രൂപയാണ് കേരളത്തില്‍ വര്‍ധിച്ചത്

Update:2024-12-21 09:54 IST

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിനു ശേഷം സ്വര്‍ണ വില ഇന്ന് ഉയരത്തിലേക്ക്. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,100 രൂപായി. പവന്‍ വില 480 രൂപ ഉയര്‍ന്ന് 56,800 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 880 രൂപയാണ് സ്വര്‍ണ വില ഇടിഞ്ഞത്. ഇന്നത്തെ തിരിച്ചു കയറ്റത്തോടെ  വിലക്കുറവ് പാതിയോളമായി.

കഴിഞ്ഞ ഒക്ടോബര്‍ 31ന് രേഖപ്പടുത്തിയ പവന് 59,640 രൂപയാണ് കേരളത്തില്‍ ഇതു വരെയുള്ള റെക്കോഡ്. അതുമായി നോക്കുമ്പോള്‍ 2,840 രൂപയോളം താഴെയാണ് ഇന്നത്തെ സ്വര്‍ണ വില.

18 ഗ്രാം സ്വര്‍ണവും വെള്ളിയും

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 5,865 രൂപയായി. വെള്ളി വിലയും ഇന്ന് മുന്നോട്ടാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 95 രൂപയായി.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷം രണ്ട് തവണമാത്രമേ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കൂ എന്ന സൂചന നല്‍കിയതാണ് സ്വര്‍ണത്തെ കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവിലേക്ക് നയിച്ചത്. പലിശ നിരക്കുകള്‍ കുറഞ്ഞിരിക്കുന്നതാണ് സ്വര്‍ണം പോലുള്ള നിക്ഷേപങ്ങള്‍ക്ക് നല്ലത്. കാരണം കടപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളുടെ പലിശ കുറയുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറും. ഇത് വില ഉയരാന്‍ സഹായിക്കും.
ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഒരു ശതമാനം കുതിച്ച് 2,620 ഡോളറിലെത്തി. ഇതാണ് ഇന്ന് കേരളത്തിലും വില ഉയര്‍ത്തിയത്.

ഇന്ന് ആഭരണത്തിന് മുടക്കേണ്ടത്‌

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 56,800 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,482 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.

Tags:    

Similar News