ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യയെ പിന്തുടര്‍ന്ന് ലോകം; എട്ട് വര്‍ഷം കൊണ്ട് 80 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കിയ മാതൃക!
വേറിട്ട ആശയങ്ങളും പ്രഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായി മണി കോണ്‍ക്ലേവ് 2024
ഫിന്‍ടെക് മേഖലയില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ ലോകത്തെ ഒരു രാജ്യത്തിനും സ്വപ്നം കാണാന്‍ പോലുമാകില്ലെന്ന് കൊച്ചിയില്‍ നടക്കുന്ന മണി കോണ്‍ക്ലേവ് 2024 ദ്വിദിന ഉച്ചകോടിയില്‍ വിദഗ്ധര്‍. ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യയെ ലോകം പിന്തുടരുകയാണെന്നാണ് ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.
ഇന്ത്യയിലെ ഫിന്‍ടെക്കിന്റെ പരിണാമം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അന്താരാഷ്ട്ര വിദഗ്ധരടക്കം പങ്കെടുത്തു. ഐ.എം.പിഎസ് എന്ന സാങ്കേതികവിദ്യയുടെ വരവാണ് ഇന്ത്യയിലെ ഫിന്‍ടെക് മേഖലയിലെ നാഴികക്കല്ലെന്ന് സെസ്റ്റ് മണിയുടെ മുന്‍ സി.ഇ.ഒ ലിസി ചാപ്മാന്‍ പറഞ്ഞു. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിലും ഫിന്‍ടെക്കിലും ഇന്ത്യ നേടിയ നേട്ടങ്ങള്‍ വികസിതമെന്ന പറയുന്ന രാജ്യങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്നും അവര്‍ പറഞ്ഞു.
കൊവിഡ് കാലത്താണ് ഇന്ത്യയിലെ ഫിന്‍ടെക്കിന്റെ വില ലോകമറിഞ്ഞതെന്ന് എന്‍.പി.സി.ഒ ചീഫ് ബിസിനസ് ഓഫീസര്‍ രാഹുല്‍ ഹന്‍ഡ പറഞ്ഞു. കേവലം എട്ടു വര്‍ഷം കൊണ്ട് 80 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കുകയെന്നത് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച അടിസ്ഥാന സൗകര്യങ്ങളും അതുപയോഗിക്കാനുള്ള ജനങ്ങളുടെ മനസുമാണ് ഇന്ത്യയിലെ ഫിന്‍ടെക് രംഗത്തിന്റെ വിജയമെന്ന് വൈ കോംബിനേറ്റര്‍ സ്ഥാപകന്‍ മാധവന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ വരവോടെ അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ ഇംഗ്ലീഷും കണക്കും അല്‍പം പ്രായോഗിക ബുദ്ധിയുമുള്ളവര്‍ക്ക് ഫിന്‍ടെക് പ്രൊഡക്റ്റ് നിര്‍മ്മിക്കുകയെന്നത് വളരെ എളുപ്പമായിരിക്കും. ഇന്ത്യയിലെ ധനവകുപ്പ് പുരോഗമനപരമായാണ് ആഗോള സാമ്പത്തിക രംഗത്ത് മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. കോംഗ്ലോ വെഞ്ച്വേഴ്‌സ് സഹസ്ഥാപകന്‍ വിനീത് മോഹന്‍ മോഡറേറ്ററായിരുന്നു.
നിരവധി ചർച്ചകൾക്ക് വേദിയായി
ഇന്ത്യയുടെ സാമ്പത്തിക വിപണിയുടെ പശ്ചാത്തലത്തില്‍ സുസ്ഥിര സമ്പത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ വില്‍ഗ്രോ ഇനോവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആനന്ദ് അരവമുടന്‍, കാസ്പിയന്‍ ഇന്‍വസ്റ്റ്മന്റ് ഡയറക്ടര്‍ ഇമ്മാനുവേല്‍ മുറേ, ഭാരത് ഇന്നോവേഷന്‍ ഫണ്ട് വെഞ്ച്വര്‍ പാര്‍ട്ണര്‍ ഹേമേന്ദ്ര മാഥുര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് അസി. പ്രൊഫ. ഡോ. മുഹമ്മദ് മിറാജ് ഇനാംദാര്‍, ഫണ്‍സോ സ്ഥാപകന്‍ സീഷാന്‍ നോഫില്‍ എന്നിവര്‍ സംസാരിച്ചു.
ഓഹരി-അന്താരാഷ്ട്ര വിപണി എന്ന വിഷയത്തില്‍ എന്‍.എക്‌സ്.ജി മാര്‍ക്കറ്റ്‌സ് സി.ഇ.ഒ സാറ അഹമ്മദി, ഡെല്‍റ്റ ട്രേഡിംഗ് അക്കാദമി ജനറല്‍ മാനേജര്‍ ജോണ്‍ ജോയി പനയ്ക്കല്‍, ജെ.എന്‍.യു സീനിയര്‍ റിസര്‍ച്ച് ഫെലോ അബ്ദുള്‍ ലത്തീഫ് ഷേഖ് എന്നിവര്‍ സംസാരിച്ചു.
പേഴ്‌സ്ണല്‍ ഫിനാന്‍സ് ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ ഗോള്‍സ് എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ബ്രിഡ്ജ് വേ ഗ്രൂപ്പ് സി.ഇ.ഒ ജാബര്‍ അബ്ദുള്‍ വഹാബ്, ബ്രഹ്‌മ ലേണിംഗ് സൊല്യൂഷന്‍സ് സി.ഇ.ഒ എ. ആര്‍ രഞ്ജിത്ത്, എക്‌സ്പ്രസോ ഗ്ലോബല്‍ സിഇഒ അഫ്താബ് ഷൗക്കത്ത് പി വി എന്നിവര്‍ പങ്കെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പിച്ചിംഗ് പരിപാടിയും നടത്തിയിരുന്നു. ഇതില്‍ വിജയികളാകുന്നവര്‍ക്ക് 10000 ഡോളറാണ് ഇക്വിറ്റിഫ്രീ ഗ്രാന്റായി നല്‍കുന്നത്.