സെപ വഴി യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതിയില്‍ സ്വര്‍ണം ഇറക്കുമതി, കേരളത്തിലെ ചെറുകിടക്കാര്‍ക്കും മാര്‍ച്ച് വരെ അവസരം
പതിനഞ്ചോളം ജുവലറികളാണ് കേരളത്തില്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നത്, ഈ വര്‍ഷം 140 ടണ്‍ സ്വര്‍ണമാണ് ഇളവുകളോടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനാകുക
യു.എ.ഇയില്‍ നിന്ന് നികുതി ഇളവോടെ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കേരളത്തിലെ ചെറുകിട ജുവലറികള്‍ക്കും മാര്‍ച്ച് വരെ അപേക്ഷിക്കാം. കേരളത്തില്‍ 15 ഓളം ജുവലറികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ 150 ഓളം ജുവലറികളും കര്‍ണാടകയില്‍ നൂറോളം ജുവലറികളും സെപാ കരാര്‍ വഴി സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് അനുമതി നേടിയിട്ടുണ്ട്.
ഉഭയകക്ഷി സ്വതന്ത്ര വ്യാപാരം (ഫ്രീ ട്രേഡ്) ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2022ലാണ് ഇന്ത്യയും യു.എ.ഇയും തമ്മില്‍ പത്തുവര്‍ഷത്തെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA/സെപ) ഒപ്പു വച്ചത്. 2022 മേയ് ഒന്നിന് ഇത് പ്രാബല്യത്തില്‍ വന്നു. സ്വര്‍ണം ഇറക്കുമതിക്ക് ഇന്ത്യ ഈടാക്കുന്ന മൊത്തം ഇറക്കുമതിച്ചുങ്കം ഇക്കഴിഞ്ഞ ജൂലൈ വരെ 15 ശതമാനമായിരുന്നു. സെപ പ്രകാരം യു.എ.ഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് ഒരു ശതമാനം ഇളവുണ്ട് (താരിഫ് റേറ്റ് ക്വാട്ട/TRQ). അതുപ്രകാരം 14 ശതമാനം ഇറക്കുമതിച്ചുങ്കം നല്‍കിയാല്‍ മതിയായിരുന്നു. കഴിഞ്ഞ ജൂലൈ മുതൽ ഇന്ത്യ ഇറക്കുമതിച്ചുങ്കം 15 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി കുറച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു ശതമാനം സെപ ആനുകൂല്യം കൂടി ലഭിക്കുന്നതോടെ ഇറക്കുമതിക്കാർക്ക് അഞ്ച് ശതമാനം ഇറക്കുമതിച്ചുങ്കം നല്‍കിയാല്‍ മതി.
കരാര്‍ ഇങ്ങനെ
2031-32 വരെയുള്ള പത്ത് വര്‍ഷത്തേക്കാണ് കരാര്‍. ഇതനുസരിച്ച് 2022-23 ല്‍ 120 ടണ്‍, 2023-24ല്‍ 140 ടണ്‍, 2024-25ല്‍ 160 ടണ്‍, 2025-26ല്‍ 180 ടണ്‍, 2026-27 മുതല്‍ ശേഷിക്കുന്ന അഞ്ചുവര്‍ഷം 200 ടണ്‍ വീതം എന്നിങ്ങനെയാണ് ഇറക്കുമതി അനുവദിച്ചിരിക്കുന്നത്.
സെപ കരാര്‍ അനുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2024-25) 160 ടണ്‍ സ്വര്‍ണമാണ് ക്വാട്ട അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് (IIBX) വഴി 60 ടണ്‍ സ്വര്‍ണമാണ് ഇതുവരെയായി ഇറക്കുമതി ചെയ്തിട്ടുള്ളത്.
2022 ല്‍ ഐ.ഐ.ബി.എക്‌സ് നിലവില്‍ വരുന്നതിന് മുമ്പ് എം.എം.ടി.സി, ഡയമണ്ട് ഇന്ത്യ, സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്നിവ വഴിയും സെപ കരാര്‍ അനുസരിച്ച് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ബാങ്കുകള്‍ വഴി ജുവലറികളും ഇറക്കുമതി ചെയ്യുന്നുണ്ട്.
നിലവില്‍ രാജ്യത്ത് ഏകദേശം 800 ഓളം ജ്വല്ലറികള്‍ ദുബായില്‍ നിന്നും സെപ കരാര്‍ വഴി സ്വര്‍ണ്ണം താരിഫ് റേറ്റ് ക്വാട്ടായിലൂടെ (TRQ) ഇറക്കുമതി ചെയ്യുന്നുണ്ട്.
ചുങ്കം കുറഞ്ഞതോടെ ഇറക്കുമതി കൂടും
കഴിഞ്ഞവര്‍ഷം 140 ടൺ ഇറക്കുമതി ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നെങ്കിലും ഏകദേശം 25 ടണ്ണില്‍ താഴെ മാത്രമാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. നിബന്ധനകള്‍ ഗൗരവമേറിയതായതുകൊണ്ടായിരുന്നു കഴിഞ്ഞവര്‍ഷത്തെ ഇറക്കുമതിയില്‍ കുറവ് വന്നത്.
മാത്രമല്ല കഴിഞ്ഞവര്‍ഷം ഇറക്കുമതി ചുങ്കം കൂടുതലായിരുന്നു. മുഴുവന്‍ ഇറക്കുമതിച്ചങ്കവും അടച്ചതിനുശേഷം മാത്രമാണ് അതില്‍ നിന്ന് ഒരു ശതമാനം കുറവ് കൊടുത്തിരുന്നത്. എന്നാല്‍ ഡയറക്ടറേറ്റ് ഇനറല്‍ ഓഫ് ട്രേഡിന്റെ (ഡി.ജി.എഫ്.ടി) നിര്‍ദ്ദേശമനുസരിച്ച് ഇത്തവണ എല്ലാ ഇറക്കുമതി അനുമതി ലഭിച്ചവരും ഐ.ഐ.ബി.എക്‌സ് വഴി ഇറക്കുമതി ചെയ്യാനും ഇപ്പോഴുള്ള നികുതി ആറ് ശതമാനത്തില്‍ നിന്നും ഒരു ശതമാനം കുറച്ച് 5% അടച്ചാല്‍ മതിയെന്നും ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഇറക്കുമതി കൂടും. ഇറക്കുമതി ചെയ്യുന്ന മെറ്റല്‍ ബാറുകള്‍ അതേപടി വില്‍ക്കാന്‍ പാടില്ല എന്നുള്ള നിബന്ധനയും ഉണ്ടായിരുന്നു. ഇപ്പോള്‍ അതിലും ഇളവ് വന്നിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
40 ലക്ഷം വിറ്റുവരവുള്ളവര്‍ക്ക് അപേക്ഷിക്കാം
ആദ്യം വര്‍ഷം 25 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള 78 വന്‍കിടക്കാര്‍ക്ക് മാത്രമായിരുന്നു സെപ പ്രകാരമുള്ള ഇറക്കുമതിക്കാരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഒരുവിഭാഗം ജുവലറിക്കാര്‍ മാത്രം നികുതി ഇളവിന്റെ ആനുകൂല്യം നേടുന്ന സ്ഥിതി ഒഴിവാക്കണമെന്ന ഇന്‍ഡസ്ട്രിയുടെ അപേക്ഷ പരിഗണിച്ച് പിന്നീട് ഇതില്‍ ഇളവ് വരുത്തി. നിലവില്‍ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള, 40 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവുള്ള ജുവലറിക്കാര്‍ക്കും ഇതിനായി അപേക്ഷിക്കാം.
ഐ.ഇ.സി സര്‍ട്ടിഫിക്കറ്റ്, ഡി.ജി.എഫ്.ടി ലോഗിന്‍ വിവരങ്ങള്‍, ജി.എസ്.ടി ലോഗിന്‍ വിവരങ്ങള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, പ്രീപര്‍ച്ചേസ് എഗ്രിമെന്റ് (ഓപ്ഷണല്‍), ഇറക്കുമതി ചെയ്യുന്ന സാധനത്തിന്റെ ഐ.ടി.സി (എച്ച്.എസ്) കോഡ്. ടി.ആര്‍.ക്യുവിന് അപേക്ഷിക്കുന്ന സ്വര്‍ണത്തിന്റെ അളവ്, ഇറക്കുമതി ചെയ്യുന്ന സാധനത്തിന്റെ സാങ്കേതികമായ വിശദാംശങ്ങള്‍, മൂല്യം, ഓതറൈസ്ഡ് ആയിട്ടുള്ള വ്യക്തിയുടെ ഡി.എസ്.സി എന്നിവയാണ് അപേക്ഷകന്റെ കൈവശമുണ്ടാകേണ്ടത്. ഈ രേഖകളെല്ലാം കൃത്യമാണെങ്കില്‍ ദുബൈയില്‍ നിന്ന് അഞ്ചു ശതമാനം നികുതി പ്രകാരം സ്വര്‍ണം ഇറക്കുമതി ചെയ്യാം.