പീപ്പിള്‍സ് റസ്റ്റ് ഹൗസുകള്‍ ക്ലിക്കായി, വരുമാനം ₹20 കോടി, ബുക്കിംഗ് 3.20 ലക്ഷം കടന്നു, ജനുവരിയിലും ഫുള്‍
ടൂറിസം കേന്ദ്രങ്ങളിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിലൊന്നും അടുത്ത മാസം വരെ മുറികള്‍ കിട്ടാനില്ല
കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട വിശ്രമകേന്ദ്രമായി മാറുകയാണ് സര്‍ക്കാര്‍ റെസ്റ്റ് ഹൗസുകള്‍. 2021 നവംബറില്‍ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തതു മുതല്‍ ഇതു വരെ മൂന്ന് ലക്ഷത്തിലധികം ബുക്കിംഗുകളാണ് റെസ്റ്റ് ഹൗസുകളിലുണ്ടായത്. ഇതു വഴി സര്‍ക്കാരിന് ലഭിച്ചത് 20 കോടി രൂപയുടെ അധിക വരുമാനം.
പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നു എന്നതിന്റെ തെളിവാണ് ബുക്കിംഗില്‍ ഉണ്ടാകുന്ന വലിയ വര്‍ധനയെന്നും അവധിക്കാലങ്ങളില്‍ ടൂറിസം കേന്ദ്രങ്ങളിലെയും മറ്റിടങ്ങളിലെയും റസ്റ്റ് ഹൗസുകളില്‍ ഭൂരിഭാഗം മുറികളും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ബുക്കിംഗ് ക്ലോസ് ചെയ്യുന്നതാണ് അനുഭവമെന്നും ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ധനം ഓണ്‍ലൈനിനോട് പറഞ്ഞു. റസ്റ്റ് ഹൗസുകളുടെ നവീകരണം കൂടി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ സൗകര്യം ഒരുക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റൂം കിട്ടാനില്ല
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് ടൂറിസം കേന്ദ്രങ്ങളിലുള്ള പീപ്പിള്‍സ് റസ്റ്റ് ഹൗസുകളെല്ലാം ഇതിനകം തന്നെ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടു. ഇടുക്കി, വയനാട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ ജനുവരിയിലേക്കും ബുക്കിംഗ് ആയിട്ടുണ്ട്.
1,200 റൂമുകള്‍, നവീകരണവും തകൃതി
വെഞ്ഞാറമൂട്, കടയ്ക്കാവൂര്‍, വര്‍ക്കല, പിണറായി, പാറശാല എന്നിവിടങ്ങളില്‍ പണി ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പുതിയ ബ്ലോക്കിന്റെ നിര്‍മാണവും ആരംഭിക്കുകയാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ 4.3 കോടി രൂപ ചെലവില്‍ നവീകരിച്ച സുല്‍ത്താന്‍ ബത്തേരി ഗവ ഗസ്റ്റ് ഹൗസ് ഇന്ന് ഉദ്ഘാടനം ചെയ്യും.
സ്ത്രീകള്‍ക്ക് മാത്രമായുള്ള റെസ്റ്റ് ഹൗസും പദ്ധതിയിലുണ്ട്. ഇതിനായി രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. തൈക്കാടുള്ള റസ്റ്റ് ഹൗസിനോട് അനുബന്ധിച്ചാണ് വുമണ്‍സ് റസ്റ്റ് ഹൗസ് പണിയുക. തലസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന വനിതകള്‍ക്ക് ഗുണകരമായി ഈ റെസ്റ്റ് ഹൗസ് ഭാവിയില്‍ മാറ്റും. 2025ല്‍ റെസ്റ്റ് ഹൗസ് യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.