കുരുമുളകിന് വ്യാപക നാശം, പ്രതിസന്ധിയില്‍ കര്‍ഷകര്‍, ഇറക്കുമതിയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍
ഉത്പാദനം പാതിയായി കുറയുമെന്ന് കര്‍ഷകര്‍
സംസ്ഥാനത്ത് കുരുമുളക് ഉത്പാദനത്തില്‍ വലിയ കുറവ്. കാലാവസ്ഥാ വ്യതിയാനം കാരണം പല സ്ഥലങ്ങളിലും കുരുമുളക് കൃഷിയില്‍ വ്യാപകമായ നാശമുണ്ടായതാണ് വിളവെടുപ്പ് സീസണായിട്ടും വിപണിയില്‍ ലഭ്യത കുറയുന്നത്. പതിവിലും കൂടുതല്‍ മഴ നീണ്ടു നിന്നതിനാല്‍ പല കൃഷിയിടങ്ങളിലും കായ മൂക്കും മുമ്പു തന്നെ കീടങ്ങളുടെ ആക്രമണം മൂലം ഇവ കൊഴിഞ്ഞു പോകുകയാണന്ന് കര്‍ഷകര്‍ പറയുന്നു.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും തന്നെ കുരുമുളക് കര്‍ഷകര്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. മഴ നീണ്ടു നിന്നതിനാല്‍ കായ മൂക്കാന്‍ വൈകുന്നതാണ് കീടങ്ങള്‍ വരാന്‍ കാരണം. മൂത്തുകഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമുണ്ടാകാറില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഉത്പാദനം പാതിയാകും
സാധാരണ ഡിസംബറില്‍ വലിയ തോതില്‍ വിളവെടുപ്പ് നടക്കാറുള്ളതാണ്. ഇത്തവണ ഇനിയും രണ്ടു മാസം കൂടി എടുത്താലെ വിളവെടുക്കാനാകൂ. ബാങ്ക് വായ്പകളെയും മറ്റും ആശ്രയിച്ച് കൃഷി നടത്തുന്ന കര്‍ഷകര്‍ ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലാകും. ഇനി വരുന്ന ആഴ്ചയിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. അങ്ങനെയെങ്കില്‍ വിളവെടുക്കാന്‍ കൂടുതല്‍ താമസിക്കും. മാത്രമല്ല ഉത്പാദനം 50 ശതമാനം വരെ കുറയാനും സാധ്യതയുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കുരുമുളക് വില കിലോയ്ക്ക് 21 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കുരുമുളക് ഇറക്കുമതി ചെയ്യുന്നതിനാല്‍ വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. ശ്രീലങ്കയില്‍ നിന്നെത്തിയ വീര്യം കുറഞ്ഞ കുരുമുളക് നാടന്‍ കുരുമുകളുമായി ചേര്‍ത്ത് ഇറക്കുമതിക്കാര്‍ മസാല കമ്പനികള്‍ക്ക് വിറ്റെങ്കിലും അവര്‍ ചരക്ക് മടക്കി. ഇത് ഹൈറേഞ്ച് കുരുമുളകിന് പ്രിയം കൂടാന്‍ കാരണാകുന്നുണ്ട്. കൊച്ചിയില്‍ ഗാര്‍ബ്ള്‍ഡ് കുരുമുളക് കിലോയ്ക്ക് 665 രൂപയും അണ്‍ഗാര്‍ബ്ള്‍ഡ് 645 രൂപയുമാണ്.