തല്‍ക്കാലം അനക്കമില്ല, എന്നാല്‍ സ്വര്‍ണ മുന്നേറ്റത്തിന് ഇനിയും സാധ്യത കാണുന്നത് എന്തുകൊണ്ട്?

ബുധനാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിലാണ് നിക്ഷേപകരുടെ ശ്രദ്ധ

Update:2024-12-16 10:11 IST
Image: Canva

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,140 രൂപയിലും പവന് 57,120 രൂപയിലുമാണ് വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5,895 രൂപയില്‍ തുടരുന്നു.

വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 97 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
കഴിഞ്ഞയാഴ്ച സ്വര്‍ണ വിലയില്‍ പവന് 1,160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ മൂന്നു ദിവസം വലിയ മുന്നേറ്റം കാഴ്ചവച്ച സ്വര്‍ണ വില പിന്നീട് താഴേക്ക് പോവുകയായിരുന്നു.

രാജ്യാന്തര തലത്തില്‍ വില്‍പ്പന സമ്മര്‍ദ്ദം

വ്യാഴാഴ്ച യു.എസ് ഉത്പാദന വില സൂചിക (Producer Price Index /PPI) കണക്കുകള്‍ പുറത്തു വന്നതിനു ശേഷമാണ് രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിലും വെള്ളിയിലും ശക്തമായ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായത്. നവംബറില്‍ മൂന്ന് ശതമാനമാണ് പി.പി.ഐ. യു.എസ് ഫെഡറല്‍ റിസര്‍വ് ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. കഴിഞ്ഞയാഴ്ച പുറത്തുവന്ന യു.എസ് സാമ്പത്തിക കണക്കുകളും സമ്മിശ്രമായിരുന്നെങ്കിലും ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച നടക്കുന്ന മീറ്റിംഗില്‍ നിരക്ക് കുറയ്ക്കാനാണ് സാധ്യത. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ 2025ല്‍ വീണ്ടും നിരക്ക് കുറയ്ക്കുന്ന കാര്യം സംശയമാണെന്ന് നിരീക്ഷകര്‍ പറയുന്നു. സാമ്പത്തിക കണക്കുകളോട് ബുള്ള്യന്‍ വിപണി നെഗറ്റീവായാണ് പ്രതികരിച്ചത്.

 ഇന്നലെ 0.12 ശതമാനത്തിന്റെ നേരിയ നേട്ടത്തില്‍ 2,651 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 2,655 ഡോളര്‍ വരെ എത്തിയെങ്കിലും പിന്നീട് താഴ്ന്നു.നിക്ഷേപകര്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നതാണ് വിപണിയിലെ മന്ദതയ്ക്ക് കാരണം.

വില കുറയുമോ?

ഈ വര്‍ഷം സ്വര്‍ണ വില ഗണ്യമായ വര്‍ധന നേടിയിട്ടുണ്ട്. യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും പലിശ നിരക്ക് കുറയ്ക്കലുകളും കേന്ദ്ര ബാങ്കുകളുടെ വാങ്ങലും താരതമ്യേന സ്ഥിരതയോടെ നിന്ന ഡോളറുമൊക്കെ സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് സഹായകമായിരുന്നു. ഡിസംബര്‍ 13 വരെ 22 ശതമാനത്തോളം വര്‍ധനയാണ് ആഭ്യന്തര വിലയിലുണ്ടായത്. നിഫ്റ്റിയുടെ 14 ശതമാനം വളര്‍ച്ചയുമായി നോക്കുമ്പോള്‍ കാര്യമായ വര്‍ധനയുണ്ട്. അടുത്ത വര്‍ഷവും സ്വര്‍ണത്തില്‍ മുന്നേറ്റത്തിനു സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 
 മറ്റ് ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും ചൈനയിലെ ഉത്തേജക പാക്കേജുകളും സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നുണ്ട്.

ഒരു പവന്‍ ആഭരണത്തിന് വില

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,120 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,828 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
Tags:    

Similar News