കേരളത്തില്‍ സ്വര്‍ണത്തിന് നേരിയ മുന്നേറ്റം, വെള്ളി വിലയ്ക്ക് അനക്കമില്ല
നാളെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തീരുമാനം വരാനിരിക്കെ രാജ്യാന്തര വിലയും നേരിയ കയറ്റത്തില്‍
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ മുന്നേറ്റം. ഗ്രാം വില 10 രൂപ വര്‍ധിച്ച് 7,15 രൂപയും പവന്‍ വില 80 രൂപ വര്‍ധിച്ച് 57,200 രൂപയുമായി.
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5,900 രൂപയിലെത്തി. വെള്ളി ആഭരണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 97 രൂപയില്‍ തുടരുന്നു.
രാജ്യാന്തര വില രണ്ടര ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ നേരിയ തിരിച്ചു വരവ് കാണിച്ചതാണ് കേരളത്തിലും സ്വര്‍ണ വിലയെ ബാധിച്ചത്. ഔണ്‍സിന് 2,652 ഡോളറിലാണ് ഇന്ന് വ്യാപാരം. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനത്തിന് കാതോര്‍ത്തിരിക്കുകയാണ് സ്വര്‍ണം. നാളെ തീരുമാനം അറിവായതിനു ശേഷം ചെറിയ മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു.
ഒരു പവന്‍ ആഭരണത്തിന് വില
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,200 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,915 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.