ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം ഇന്ന്, വെള്ളിക്കും വീഴ്ച
പവല്‍ സൂചന നല്‍കി, രാജ്യാന്തര വില 2,600 ഡോളറിനു താഴെയെത്തി
മലയാളികള്‍ക്ക് ആശ്വാസം പകർന്ന് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാം വില 65 രൂപ ഇടിഞ്ഞ് 7,070 രൂപയും പവന്‍ വില 520 താഴ്ന്ന് 56,560 രൂപയുമായി. ഡിസംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ 11ന് രേഖപ്പെടുത്തിയ 58,280 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില.
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 50 രൂപ താഴ്ന്ന് 5,840 രൂപയിലെത്തി. വെള്ളി വിലയില്‍ രണ്ട് രൂപയുടെ ഇടിവുണ്ട്. ഗ്രാമിന് 95 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
രാജ്യന്തര വില 2,600 ഡോളറിനു താഴെ
രാജ്യന്തര സ്വര്‍ണ വിലയിലെ വീഴ്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇന്നലെ അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തി. ഇത് വിപണി പ്രതീക്ഷിച്ചതാണ്. എന്നാല്‍ അടുത്ത വര്‍ഷം രണ്ട് തവണയേ പലിശ കുറയ്ക്കൂ എന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ സൂചന നല്‍കിയതാണ് സ്വര്‍ണത്തെ വീഴ്ത്തിയത്. നാല് തവണ പലിശ നിരക്ക് കുറയ്ക്കുമെന്നതായിരുന്നു ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ. ഫെഡ് തീരുമാനത്തിനു പിന്നാലെ രാജ്യാന്തര വില രണ്ടര ശതമാനത്തോളം ഇടിഞ്ഞു. ഇന്നലെ 2,587.63 ഡോളര്‍ വരെ എത്തിയശേഷം ഇന്ന് 2,610 ഡോളറിലേക്ക് തിരിച്ചു കയറി. ഒരു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന വിലയാണ് ഇന്നലെ സ്വര്‍ണത്തിലുണ്ടായത്.
ഒന്ന് രണ്ട് വര്‍ഷത്തിനുള്ളിലേ പണപ്പെരുപ്പ ലക്ഷ്യം രണ്ട് ശതമാനമാകൂ എന്ന് ഫെഡ് കരുതുന്നു. മന്ദഗതിയിലുള്ള വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ഭാവിയിലെ നയക്രമീകരണങ്ങളില്‍ കേന്ദ്ര ബാങ്ക് കൂടുതല്‍ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിച്ചേക്കാമെന്നും നിലവിലെ നിയന്ത്രണങ്ങള്‍ കുറവാണെന്നും ജെറോം പവല്‍ ചൂണ്ടിക്കാട്ടി.
ഇന്ന് ആഭരണം വാങ്ങുന്നോ?
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 56,560 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,223 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.