രണ്ട് ടയറില്‍ ഒരു എസ്.യു.വി! പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, നേട്ടങ്ങളിലേക്ക് കുതിക്കാന്‍ മലയാളി കമ്പനി
യമഹ, അല്‍ഫുത്തൈം മോട്ടോര്‍സ് തുടങ്ങിയ വമ്പന്‍ന്മാരാണ് റിവറിലെ നിക്ഷേപകര്‍
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍ കേരളത്തിലും. സംസ്ഥാനത്തെ ആദ്യ ഷോറൂം കൊച്ചി വെണ്ണല എന്‍.എച്ച് ബൈപ്പാസില്‍ പുതിയ റോഡിന് സമീപം തുടങ്ങി. കമ്പനിയുടെ പുതിയ മോഡലായ ഇന്‍ഡി, ആക്‌സസറികള്‍ തുടങ്ങിയവ ഇവിടെ നിന്നും ലഭിക്കും. അടുത്തിടെ പുറത്തിറങ്ങിയ പ്രേമലു സിനിമയിലൂടെ ശ്രദ്ധേയമായ മോഡലാണ് ഇന്‍ഡി. സ്‌കൂട്ടറുകള്‍ക്കിടയിലെ എസ്.യു.വി എന്നറിയപ്പെടുന്ന ഇന്‍ഡിയുടെ സ്ഥാപകര്‍ മലയാളികളാണെന്നതും ശ്രദ്ധേയം.
മലയാളി കമ്പനി
തിരുവനന്തപുരം സ്വദേശിയായ അരവിന്ദ് മണിയും കോഴിക്കോടുകാരന്‍ വിപിന്‍ ജോര്‍ജും 2021ലാണ് റിവര്‍ സ്ഥാപിക്കുന്നത്.
രണ്ടര വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം 2023 ഒക്ടോബറില്‍ ആദ്യ മോഡലായ ഇന്‍ഡി പുറത്തിറക്കി. നിലവില്‍ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലായി എട്ട് ഷോറൂമുകളാണുള്ളത്. കമ്പനിയുടെ ഒമ്പതാമത്തെ ഷോറൂമാണ് കൊച്ചിയില്‍ തുറന്നത്. റിവറെന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ മനോഹരമായ രീതിയിലാണ് ഷോറൂം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത് തന്നെ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും ഷോറൂമുകള്‍ തുടങ്ങും. അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ രാജ്യത്ത് 25 സ്റ്റോറുകള്‍ ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ഇതുവരെ 575 കോടി നിക്ഷേപം
ആഗോള കമ്പനികളായ യമഹ മോട്ടോര്‍, അല്‍ഫുത്തൈം മോട്ടോര്‍സ് തുടങ്ങിയ നിക്ഷേപകരിലൂടെ ഏതാണ്ട് 575 കോടി രൂപ കമ്പനി സമാഹരിച്ചതായി റിവര്‍ ഉപസ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് മണി ധനം ഓണ്‍ലൈനോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ നിക്ഷേപകരെ കണ്ടെത്താന്‍ വലിയ പ്രയാസമായിരുന്നു. ഓരോ ഘട്ടം കടക്കുമ്പോഴും പുതിയ വാതിലുകള്‍ തുറന്നുവെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കും. കേരളത്തിലെ വിപണിയില്‍ വലിയ പ്രതീക്ഷയാണുള്ളത്. അടുത്ത വര്‍ഷം രാജ്യത്താകെ 20,000 മുതല്‍ 25,000 വരെ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. വാഹനം വില്‍ക്കുന്നതിനോടൊപ്പം ഉപയോക്താക്കള്‍ക്ക് മികച്ച വില്‍പ്പനാനന്തര സേവനങ്ങളും കമ്പനി ഉറപ്പാക്കുന്നുണ്ട്.
പ്രേമലു
ഇക്കൊല്ലം പുറത്തിറങ്ങിയ പ്രേമലു സിനിമയിലേക്ക് റിവർ ഇന്‍ഡി എത്തിയതെങ്ങനെയെന്നും അരവിന്ദ് മണി വിശദീകരിച്ചു.
കമ്പനിയുടെ യൂട്യൂബ് ചാനലില്‍ വീഡിയോ ചെയ്ത ഒരാളായിരുന്നു പ്രേമലു സിനിമയില്‍ സിനിമാറ്റോഗ്രാഫര്‍. സിനിമയിലെ ഒരു സീനിന് വേണ്ടി വണ്ടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ചാണ് വാഹനം നല്‍കിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് തിരികെ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിവര്‍ ഇന്‍ഡി
സ്‌കൂട്ടറുകളിലെ എസ്.യു.വി എന്ന പേരിലെത്തുന്ന ഇന്‍ഡി പ്രായോഗികതക്ക് പ്രാമുഖ്യം നല്‍കുന്ന വാഹനമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ കാണാന്‍ പറ്റും. വലിയ സ്‌കൂട്ടറുകള്‍ക്കുള്ളത് പോലെ 14 ഇഞ്ച് വീലുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മികച്ച സ്‌റ്റോറേജ് കപ്പാസിറ്റി മറ്റൊരു പ്രത്യേകതയാണ്. 43 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട് ഗ്ലോവ് ബോക്സും വാഹനത്തിലുണ്ട്. രണ്ട് ഫുള്‍ ഫേസ് ഹെല്‍മറ്റുകള്‍ സീറ്റിനടിയില്‍ സൂക്ഷിക്കാന്‍ കഴിയും. ഇന്‍ഡിയുടെ സിഗ്‌നേച്ചര്‍ ട്വിന്‍ ബീം ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പ് ഡിസൈനും സ്‌കൂട്ടറിന് വേറിട്ട രൂപം നല്‍കുന്നു. അടുത്തിടെ വാഹനത്തിനെ ചെയിന്‍ ഡ്രൈവിലേക്ക് മാറ്റിയിരുന്നു. രാജ്യത്ത് ചെയിന്‍ ഡ്രൈവില്‍ പുറത്തിറങ്ങുന്ന ഏക ഇവി സ്‌കൂട്ടറാണിതെന്നും കമ്പനി പറയുന്നു.
ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണുള്ളത്. 4 കിലോവാട്ടിന്റെ ബാറ്ററി പാക്കാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 26 എന്‍.എം ടോര്‍ക്കും 6.7 കിലോവാട്ട് വരെ പവറും ഉത്പാദിപ്പിക്കാന്‍ വാഹനത്തിനാകും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 6 മണിക്കൂറിലും സ്പീഡ് ചാര്‍ജര്‍ ഉണ്ടെങ്കില്‍ 1.5 മണിക്കൂറിലും വാഹനം ഫുള്‍ ചാര്‍ജ് ചെയ്യാവുന്നതാണ്. 161 കിലോമീറ്ററാണ് വാഹനത്തിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. ഒറ്റച്ചാര്‍ജില്‍ 110 കിലോമീറ്ററില്‍ കുറയാതെ സഞ്ചരിക്കാന്‍ കഴിയും. 1,42,999 രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.