ഇനി വണ്ടികളുടെ സ്പെയര്‍ പാര്‍ട്സുകള്‍ക്കും അതിവേഗ ഡെലിവറി! കേരളത്തില്‍ ഉടനെത്തും
ഓര്‍ഡറുകള്‍ ലഭിച്ച് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ ഉപയോക്താവിന് ഡെലിവറി
വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും ലൂബ്രിക്കന്റുകളും അതിവേഗത്തില്‍ ഡെലിവറി ചെയ്യാന്‍ മൈ ടി.വി.എസ്. ഓര്‍ഡറുകള്‍ ലഭിച്ച് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ ഉപയോക്താവിന് ഡെലിവറി സാധ്യമാക്കാനാണ് നീക്കം. മൈ ടി.വി.എസ് ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന ബ്രാന്‍ഡിന് കീഴിലാകും വാഹനലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തീരുമാനം നടപ്പിലാക്കുന്നത്. വിവിധ ഘട്ടങ്ങളായി പദ്ധതി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് മൈ ടി.വി.എസ് എം.ഡി ജി.ശ്രീനിവാസ രാഘവന്‍ പറഞ്ഞു.
ഓട്ടോമോട്ടീവ് പാര്‍ട്ടുകള്‍ വില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് മൈ ടി.വി.എസ്. ബി ടു ബി ( ബിസിനസ് ടു ബിസിനസ്) സെഗ്‌മെന്റിലാണ് അതിവേഗ ഡെലിവറി. രാജ്യത്താകെ 22,000 റീട്ടെയില്‍ വ്യാപാരികളെയും 30,000 ഗ്യാരേജുകളെയും കൂട്ടിയിണക്കിയാണ് കമ്പനി ഇത് സാധ്യമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,900 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. അടുത്ത വര്‍ഷങ്ങളില്‍ 10-12 ശതമാനം വരെ വിപണി വിഹിതമാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ ഉടനെത്തും
ഏതാണ്ട് 1.2 കോടി സ്‌പെയര്‍ പാര്‍ട്‌സുകള്‍ ആദ്യ ഘട്ടത്തില്‍ മൈ ടി.വി.എസ് ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന് പേരിട്ട 50 ഡാര്‍ക്ക് സ്റ്റോറുകളിലൂടെ വിതരണം ചെയ്യും. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാകും ആദ്യ സ്റ്റോറുകള്‍ തുറക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്റ്റോറുകളുടെ എണ്ണം 200 ആയി വര്‍ധിപ്പിക്കും. ഇതുവഴി സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിതരണം ചെയ്യുന്നതിന് ചെലവാകുന്ന തുകയില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്നും മൈ ടി.വി.എസ് പറയുന്നു.