ഗൾഫ് സ്വർണക്കടത്ത് കുറഞ്ഞു, തൊഴിൽ രഹിതരായി കാരിയർമാർ, കേരള വിപണിക്ക് പ്രവാസി ഊർജം

കേരളത്തില്‍ സ്വര്‍ണ വില്‍പ്പനയില്‍ 10-20 ശതമാനം വര്‍ധന

Update:2024-12-21 13:47 IST

പ്രവാസി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ താത്പര്യം കാണിച്ചിരുന്ന നിക്ഷേപങ്ങളിലാന്നാണ് ഗള്‍ഫ് സ്വര്‍ണം. നാട്ടിലേക്കുള്ള ഓരോ വരവിലും നിശ്ചിത അളവ് സ്വര്‍ണം കൊണ്ടു വരാന്‍ പലരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മക്കളുടെ കല്യാണത്തിനും മറ്റും പലരും ആശ്രയിച്ചിരുന്നതും ഗള്‍ഫ് സ്വര്‍ണത്തെയാണ്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതിത്തീരുവ 15 ശതമാനത്തില്‍ നിന്ന് ആറു ശതമാനത്തിലേക്ക് കുത്തനെ കുറച്ചതോടെ ഗള്‍ഫ് സ്വര്‍ണത്തിന്റെ തിളക്കം മങ്ങി. നാട്ടിലേക്ക് സ്വര്‍ണം കൊണ്ടു വന്നാലും വലിയ മെച്ചമില്ലാന്നായി.

ഗള്‍ഫ് ബിസിനസില്‍ 20 ശതമാനം ഇടിവ്

നേരത്തെ പവന് 5,000 രൂപ വരെയൊക്കെ ലാഭമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1,000 രൂപയില്‍ താഴെയാണ് നേട്ടം. സഞ്ചാരികളായി ദുബൈയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമെത്തുന്നവര്‍ മടങ്ങുമ്പോള്‍ 100 ഗ്രാം വരെ നാട്ടിലേക്ക് കൊണ്ടു വന്നിരുന്നു. പോകാനും വരാനുമുള്ള ചെലവും ഇതിന്റെ ലാഭത്തില്‍ നിന്ന് ലഭിക്കുമെന്നതായിരുന്നു കാരണം. ഇതുകൂടാത കള്ളക്കടത്തും വ്യാപകമായിരുന്നു. ഇപ്പോള്‍ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞതായാണ് വിവരങ്ങള്‍. ഗള്‍ഫ് നാടുകളില്‍ സ്വര്‍ണ ബിസിനസില്‍ 10-20 ശതമാനം വരെ കുറവു വന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ദുബൈയിലേക്ക് സ്വര്‍ണം വാങ്ങാന്‍ പോയിരുന്നവര്‍ ഇപ്പോള്‍ കേരള വിപണിയെയാണ് ആശ്രയിക്കുന്നത്. ഇതോടെ പ്രവാസികളുടെ സ്വര്‍ണം വാങ്ങലില്‍ നവംബര്‍-ഡിസംബര്‍ കാലയളവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 10-15 ശതമാനം വര്‍ധനയുണ്ടായതായാണ് ജുവലറികള്‍ പറയുന്നത്. ഇതോടെ കേരളത്തില്‍ കഴിഞ്ഞ രണ്ട് മാസത്തെ വില്‍പ്പന 80 ടണ്ണിന് അടുത്തെത്തി.

പണിക്കൂലിയും വാറ്റും

ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായതു മാത്രമല്ല മറ്റ് ചില കാര്യങ്ങളും ഇന്ത്യന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്റ് കൂട്ടുന്നുണ്ട്. ദുബൈയെ അപേക്ഷിച്ച് ആഭരണങ്ങളുടെ പണിക്കൂലി ഇവിടെ പകുതിയോളം കുറവാണ്. തൊഴിലാളികളുടെ വേതനം കുറവാണെന്നതാണ് ഇതിനു കാരണം.

ദുബൈയില്‍ സ്വര്‍ണത്തിന് 5 ശതമാനം മൂല്യ വര്‍ധിത നികുതി ഈടാക്കുന്നുണ്ട്. ഇന്ത്യയില്‍ ഇറക്കുമതിത്തീരുവ നിലവില്‍ ആറ് ശതമാനമാണ്. അതുമായി നോക്കുമ്പോൾ ഒരു ശതമാനം മാത്രമാണ് വ്യത്യാസം. പണിക്കൂലി തട്ടിച്ചു നോക്കുമ്പോഴും ഇന്ത്യയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതാണ് നേട്ടം. ഇന്ത്യയില്‍ 10 മുതല്‍ 20 ശതമാനം വരെയാണ് പണിക്കൂലിയെങ്കില്‍ ദുബൈയില്‍ ഇത് 25 മുതല്‍ 35 ശതമാനം വരെയാണ്. ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം കേരളത്തില്‍ സ്വര്‍ണ വ്യാപരമേഖലയിലും കാര്യമായ ഉണര്‍വുണ്ടായതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

പ്രവാസികളെ ആകര്‍ഷിക്കാന്‍ എന്‍.ആര്‍.ഐ ഫെസ്റ്റ്

വിവാഹ സീസണിലും അവധിക്കാലത്തുമാണ് കൂടുതല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഇവരെ ലക്ഷ്യമിട്ട് നാട്ടിലെ ജുവലറികള്‍ പലതും മണ്‍സൂണ്‍ ഫെസ്റ്റ്, എന്‍.ആര്‍.ഐ ഫെസ്റ്റ് എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

ജോയ് ആലുക്കാസിന്റെ ഇന്ത്യയിലെ ഷോറൂമുകള്‍ വഴി പ്രവാസി ഇന്ത്യാക്കാര്‍ വിവാഹ സീസണില്‍ ( നവംബര്‍ 15 -ഡിസംബര്‍ 15 ) നടത്തിയ പര്‍ച്ചേസില്‍ 10 ശതമാനത്തോളം വര്‍ധനയുണ്ടായതായി ചെയര്‍മാന്‍ ജോയ് ആലൂക്കാസ് ഇക്കണോമിക് ടൈംസിനോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം ദുബൈ ഷോറൂമുകള്‍ വഴി വാങ്ങുന്നത് കുറവു വന്നതായും അദ്ദേഹം സൂചിപ്പിച്ചു. കൊച്ചി ആസ്ഥാനമായ ജോയ് ആലൂക്കാസിന് 160 സ്‌റ്റോറുകളാണുള്ളത്. ഇതില്‍ 35 എണ്ണം ദുബൈയിലാണ്.

Tags:    

Similar News