വീട്ടിലിരുന്ന് ജോലി ചെയ്യുകയാണോ? ഇതാ വീഡിയോ കോണ്‍ഫറന്‍സിംഗിന് പറ്റിയ ഏറ്റവും മികച്ച ആപ്പുകള്‍

Update:2020-03-24 09:30 IST

വെര്‍ച്വല്‍ ഓഫീസ് എന്ന ആശയത്തിന് കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുകയാണ് ഇപ്പോള്‍. കോവിഡ് 19 എന്ന മഹാമാരിയെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി മിക്ക സ്ഥാപനങ്ങളുടെയും ഓഫീസുകള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഇവ വെര്‍ച്വലായി പ്രവര്‍ത്തിക്കുന്നു. ഓഫീസുകളില്‍ പോകാതെ വര്‍ക് ഫ്രം ഹോം ശൈലി സ്വീകരിച്ച് പുതിയൊരു ശൈലിയിലേക്ക് മാറുകയാണ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍. റിമോട്ട് വര്‍ക്കിംഗ് ശൈലി പിന്തുടരുമ്പോള്‍ ഉപയോഗിക്കാന്‍ പറ്റിയ മികച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍ ഏതൊക്കെയാണ്?

സൂം

ബിസിനസ് ആവശ്യങ്ങള്‍ക്ക് പറ്റിയ മികച്ചൊരു ആപ്ലിക്കേഷനാണ് സൂം. വീഡിയോ, ഓഡിയോ കോണ്‍ഫറന്‍സിംഗ്, ചാറ്റ്, വെബിനാര്‍ ഫീച്ചറുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഈ ആപ്പ് മൊബീലിലോ, ഡെസ്‌ക്ടോപ്പിലോ, ഫോണിലോ ഒക്കെ ഉപയോഗിക്കാനാകും. ഇതിന്റെ ബേസിക് വകഭേദത്തില്‍ 100 പേരെ വരെ ചേര്‍ക്കാനാകും. ഗ്രൂപ്പ് മീറ്റിംഗ് ആണെങ്കില്‍ 40 മിനിറ്റ് വരെ എന്ന സമയപരിധിയുണ്ട്.

എന്നാല്‍ രണ്ടുപേര്‍ തമ്മിലുള്ള വീഡിയോ കോള്‍ ആണെങ്കില്‍ സമയത്തില്‍ പരിധിയില്ല. സൂമിന് ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കുള്ള വകഭേദവും എന്റര്‍പ്രൈസ് വേര്‍ഷനുമുണ്ട്. ഇതിന് മാസം 20 ഡോളര്‍ മാത്രമാണ് ചെലവ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് തെരഞ്ഞെടുക്കാനാകുന്ന മികച്ച ആപ്പ് തന്നെയാണിത്. കേരളത്തിലെ പല സ്ഥാപനങ്ങളും ഇത് ഉപയോഗിക്കുന്നു.

ഗൂഗിള്‍ ഹാങൗട്ട്‌സ്

കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഏറെ വ്യാപകമായ ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനമാണ് ഹാങൗട്ട്‌സ്. പെയ്ഡ് സേവനമായ ഗൂഗിള്‍ ബിസിനസ് ഹാങൗട്ട്‌സ് ആണ് കോര്‍പ്പറേറ്റ് കമ്പനികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ സാധാരണ ഗൂഗിള്‍ ഹൗങൗട്ട്‌സ് സൗജന്യമാണ്. ഉപയോഗിക്കാനുള്ള എളുപ്പം, നിരവധി ഫീച്ചറുകള്‍ തുടങ്ങി അനേകം സവിശേഷതകളുണ്ട്.

ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഇത് ഉപയോഗിക്കാം. സൗജന്യമായ വകഭേദത്തില്‍ ഒരേ സമയം 25 പേര്‍ക്കുവരെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുക്കാനാകും. എന്നാല്‍ എന്റര്‍പ്രൈസ് വേര്‍ഷനില്‍ 250 പേരുമായി വരെ വീഡിയോ കോള്‍ നടത്താന്‍ സാധിക്കും. മീറ്റിംഗുകള്‍ റെക്കോര്‍ഡ് ചെയ്യാനും സേവ് ചെയ്യാനും സാധിക്കും. കോവിഡ് 19 സാഹചര്യത്തില്‍ ജി സ്യൂട്ട്, എഡ്യുക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ എന്റര്‍പ്രൈസ് ലെവല്‍ വേര്‍ഷന്‍ ഗൂഗിള്‍ ജൂലൈ ആദ്യം വരെ സൗജന്യമാക്കിയിട്ടുണ്ട്.

സ്‌കൈപ്പ്

വീഡിയോ കോളിംഗ് സാധാരണക്കാര്‍ക്കിടയില്‍ ജനകീയമാക്കിയെന്ന ഖ്യാതി സ്‌കൈപ്പിന് മാത്രം അവകാശപ്പെട്ടതാണ്. വീഡിയോ, ഓഡിയോ, മെസേജിംഗ് സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. മൈക്രോസോഫ്റ്റിന്റെ അധീനതയിലുള്ള സ്‌കൈപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, മാക് തുടങ്ങിയവയിലെല്ലാം പ്രവര്‍ത്തിക്കും. പരമാവധി 50 പേരുമായി ഓഡിയോ കോണ്‍ഫറന്‍സിംഗ് നടത്താമെങ്കിലും വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താവുന്ന ആളുകളുടെ എണ്ണം നാം ഉപയോഗിക്കുന്ന സിസ്റ്റം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്ന് കമ്പനി പറയുന്നു. വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും സേവ് ചെയ്യാനും ഷെയര്‍ ചെയ്യാനുമൊക്കെ ഇതില്‍ സാധിക്കും.

ഫേസ്ബുക്ക് മെസഞ്ചര്‍

സൗജന്യവും ലളിതവുമായ രീതിയിലാണ് ഫേസ്ബുക്ക് മെസഞ്ചര്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണയായി മെസേജ് അയയ്ക്കാന്‍ ഉപയോഗിക്കുന്ന ഈ ആപ്പിള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യവുമുണ്ട്. ഇത് തികച്ചും സൗജന്യമാണ്. മെസഞ്ചറില്‍ ഒരേ സമയം 50 പേരുമായി വരെ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താനാകും. എന്നാല്‍ ഫേസ്ബുക്ക് മെസഞ്ചര്‍ പ്രൊഫഷണല്‍ തലത്തില്‍ ഉപയോഗിക്കാറില്ല. കൂടുതലായി വീട്ടുകാരും സുഹൃത്തുക്കളുമായി സംവദിക്കാനുള്ള ആപ്പ് എന്ന നിലയിലാണ് അറിയപ്പെടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News