10 ലക്ഷം പേര്‍ക്ക് തൊഴില്‍; ഐ.ടിയില്‍ പുതിയ മാറ്റങ്ങള്‍; അവസരങ്ങള്‍ ഈ മേഖലകളില്‍
ഡിമാന്റ് കൂടുതല്‍ ബംഗളൂരുവില്‍, രണ്ടാം സ്ഥാനത്ത് ഹൈദരാബാദ്
അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍. ഐ.ടിയില്‍ പരമ്പരാഗത മേഖലകള്‍ മാറുമ്പോള്‍, പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്കൊപ്പം തൊഴിലവസരങ്ങളുടെ പുതിയ ലോകമാണ് തുറക്കപ്പെടുന്നത്. ക്വാണ്ടം കംപ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ എന്നീ മേഖലകളില്‍ 2030 നുള്ളില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ഐടി മേഖലയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ക്വസ് ഐടി സ്റ്റാഫിംഗ് (Quess IT Staffing) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ 2050 ആകുമ്പോഴേക്ക് ഇന്ത്യക്ക് 1,27,000 കോടി രൂപയുടെ വരുമാനമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ സയന്‍സ്, ബ്ലോക്ക് ചെയിന്‍ എന്നീ സാങ്കേതിക വിദ്യകള്‍ ഐടി മേഖലയെ മാറ്റി മറിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ബംഗളൂരു തന്നെ മുന്നില്‍
ടെക്കികളുടെ നഗരമായ ബംഗളുരു തന്നെയാണ് വരാനിരിക്കുന്ന വര്‍ഷങ്ങളിലും അവസരങ്ങളുടെ വാതിലുകള്‍ തുറക്കുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ മൊത്തം ടെക് തൊഴിലവസരങ്ങളില്‍ 43.5 ശതമാനം ബംഗളൂരുവിലാകും. ഹൈദരാബാദില്‍ 13.4 ശതമാനവും പൂനെയില്‍ 10 ശതമാനവും ഡിമാന്റുണ്ടാകും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഐ.ടി മേഖലയില്‍ മൊത്തത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ടെക് പ്രൊഫഷണലുകള്‍ വലിയ മാറ്റത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. പരമ്പരാഗതമായ ഇ.പി.ആര്‍ (enterprise resource planning) പോലുള്ള ശൈലികള്‍ പുതിയ ടെക്‌നോളജികള്‍ക്ക് വഴിമാറുകയാണെന്ന് ക്വസ് ഐടി സ്റ്റാഫിംഗ് സി.ഇ.ഒ കപില്‍ ജോഷി ചൂണ്ടിക്കാട്ടി.