പേറ്റന്റ് കവര്‍ന്നെടുത്തതായി ആമസോണിനെതിരെ ഹര്‍ജി

Update:2019-07-30 13:22 IST

ഡിജിറ്റല്‍ അസിസ്റ്റന്റ്  സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ ആമസോണ്‍ പേറ്റന്റുകള്‍ കവര്‍ന്നെടുത്തതായി കോടതിയില്‍ കേസ്. വിബി അസറ്റ്‌സ് എല്‍.എല്‍.സിയാണ് അമേരിക്കയിലെ ഡിലെവേര്‍ ഫെഡറല്‍ കോടതിയില്‍ ആമസോണിനെതിരെ പേറ്റന്റ് ലംഘനമാരോപിച്ച് നഷ്ട പരിഹാര ഹര്‍ജി നല്‍കിയത്.

സംഭാഷണ വോയ്സ് ഇന്റര്‍ഫേസുകള്‍, വാണിജ്യം, പരസ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആറ് പേറ്റന്റുകള്‍ ആമസോണ്‍ ലംഘിച്ചുവെന്ന് ഹര്‍ജിയില്‍ പറയന്നു. സംഭാഷണം മനസിലാക്കാന്‍ കമ്പ്യൂട്ടറിനെ സഹായിക്കുന്ന  സാങ്കേതികത്വത്തില്‍ പ്രാഗത്ഭ്യമുള്ള വോയ്സ്ബോക്സ് കമ്പനി വികസിപ്പിച്ച ചില സാങ്കേതികവിദ്യകളുടെ അവകാശം സ്വന്തമാക്കിയിട്ടുള്ളത് വിബി അസറ്റ്‌സ് എല്‍എല്‍സിയാണ്. 

വോയ്സ്ബോക്സ് ടൊയോട്ട, സാംസങ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വോയ്സ് സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കിയതിനു പിന്നാലെ 2011 ല്‍ ആമസോണും ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടമാക്കി. ഇതേത്തുടര്‍ന്ന് വോയ്സ്‌ബോക്‌സ് പ്രതിനിധികള്‍ ആമസോണ്‍ ജീവനക്കാരുമായും സാങ്കേതികവിദഗ്ദ്ധരുമായും രണ്ട് മീറ്റിംഗുകള്‍ നടത്തി.പക്ഷേ, തുടര്‍ നടപടികളുണ്ടായില്ല.

ആമസോണ്‍ പിന്നീട് വോയ്സ്‌ബോക്സിന്റെ മുഖ്യ ശാസ്ത്രജ്ഞനെ സ്വന്തമാക്കി. മറ്റ് ജീവനക്കാരെ അവിടേക്കു വരാന്‍ പ്രേരിപ്പിക്കുന്നതിനായി പ്രത്യേക റിക്രൂട്ടിംഗ് ഇവന്റ് നടത്തുകയും ചെയ്തു- പരാതിയില്‍ പറയുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ആമസോണ്‍ അവതരിപ്പിച്ച അലക്‌സാ, സിലിണ്ടര്‍ എക്കോ സ്മാര്‍ട്ട് സ്പീക്കര്‍ എന്നിവ വോയ്സ്‌ബോക്‌സ് ടെക്‌നോളജീസിനു പേറ്റന്റ് സ്വന്തമായുള്ള സാങ്കേതികവിദ്യയുമായി സാമ്യമുള്ളതാണെന്നാണ് ഹര്‍ജിയിലെ അവകാശവാദം. ഇതേപ്പറ്റി മാധ്യമങ്ങള്‍ ആമസോണിനോടു തിരക്കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

Similar News