ജെബിഎൽ, സോണി, സെൻഹെയ്‌സർ തുടങ്ങിയ വമ്പന്മാർ അരങ്ങുവാഴുന്ന ഇലക്ട്രോണിക് ആക്സസറി രംഗത്തേയ്ക്കാണ് 2015-ൽ 'ബോട്ട്' (boAt) കടന്നുവന്നത്. കുറച്ചു നാൾക്കുള്ളിൽ ജെൻ Z കാർക്കിടയിൽ ബോട്ട് പ്രിയ ബ്രാൻഡായി മാറി. മൂന്ന് വർഷത്തിനുള്ളിൽ ബോട്ടിന്റെ നിർമാതാക്കളായ ഇമാജിൻ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് ലാഭം നേടുകയും ചെയ്തു.
ഇത്ര കടുത്ത മത്സരത്തിനിടയിൽ എങ്ങനെയാണ് ഈ സ്റ്റാർട്ടപ്പ് നേട്ടം കൈവരിച്ചത്.
ഇവരുടെ സക്സസ് സ്ട്രാറ്റജി വളരെ ലളിതമാണ്. കുറഞ്ഞ വിലയ്ക്ക് മികച്ച ഉൽപന്നം. എല്ലാ ഉപഭോക്താക്കളുടേയും ആവശ്യം ഇതുതന്നെയല്ലേ?
ഒരു ദിവസം 8000 യൂണിറ്റും ഒരു മിനിറ്റിൽ ശരാശരി 5 യൂണിറ്റും വിറ്റുപോകുന്നുണ്ടെന്നാണ് ബോട്ട് അവകാശപ്പെടുന്നത്. പ്രധാന ഇ-കോമേഴ്‌സ് സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്‌നാപ്ഡീൽ തുടങ്ങിയവയിലെല്ലാം ചൂടപ്പം പോലെയാണ് ബോട്ട് ഉൽപന്നങ്ങൾ വിൽക്കുന്നത്. ഓൺലൈനിൽ മാത്രമല്ല ഓഫ് ലൈൻ സ്റ്റോറുകളിലും ഇവ ഇപ്പോൾ ലഭ്യമാണ്.
ഉപഭോക്താക്കളുടെ മാത്രമല്ല, നിക്ഷേപകരുടേയും ഫേവറിറ്റ് ആയി മാറിയിരിക്കുകയാണ് ബോട്ട്. 2018 മേയിൽ കമ്പനി ഫയർ സൈഡ് വെൻച്വേഴ്‌സിൽ നിന്ന് 6 കോടി രൂപ സമാഹരിച്ചിരുന്നു. ഏറ്റവും പ്രധാന നിക്ഷേപം വന്നത് ഫ്ലിപ്കാർട്ട് സ്ഥാപകൻ സച്ചിൻ ബൻസാലിന്റെ കൈയ്യിൽ നിന്നാണ്. 20 കോടി രൂപയാണ് അദ്ദേഹം കമ്പനിയിൽ നിക്ഷേപിച്ചത്.
റിസർച്ച് പ്ലാറ്റ് ഫോം ടോഫ്‌ളറുടെ കണക്കനുസരിച്ച് 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 6 കോടി രൂപയാണ് കമ്പനി ലാഭം നേടിയത്. ആ വർഷത്തെ 108 കോടി രൂപയാണ്. തൊട്ടു മുൻപത്തെ വർഷത്തേക്കാളും 300% വർധന.
സോണി ഉൾപ്പെടെയുള്ള കമ്പനികൾ ബോട്ടിന്റെ വളർച്ച നിരീക്ഷിക്കുന്നുണ്ട്. ബോട്ടിന്റെ 'വാല്യൂ ഫോർ മണി' എന്ന തന്ത്രം അവരും സ്വീകരിക്കുമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.