ഇനി വാട്‌സാപ്പിലൂടെ സിനിമയും അയക്കാം, അഡ്മിന്റെ പവര്‍ കൂടും; പുതിയ മാറ്റങ്ങള്‍ അറിയാം

ഗ്രൂപ്പിലെ പരമാവധി അംഗങ്ങളുടെ എണ്ണം 512 ആയി ഉയര്‍ത്തും

Update:2022-05-10 10:20 IST

വലിയ ഫയലുകള്‍ അയക്കാന്‍ സാധിക്കില്ല എന്ന പോരായ്മ വാട്‌സാപ്പ് (Whatsapp) ഉപഭോക്താക്കള്‍ നാളുകളായി ചൂണ്ടിക്കാട്ടുന്നതാണ്. ഒടുവില്‍ ഈ വിഷയത്തില്‍ വാട്‌സാപ്പ് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ 2 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ ആപ്പിലൂടെ അയക്കാം. അതായത് ഒരു സിനിമ അയക്കാന്‍ വരെ സാധിക്കും എന്നര്‍ത്ഥം.

നിലവില്‍ പരമാവധി 100 എംബി വരെ വലുപ്പമുള്ള ഫയലുകള്‍ മാത്രമാണ് അയക്കാന്‍ സാധിക്കുക. അയക്കാന്‍ സാധിക്കുന്ന ഫയലുകളുടെ വലുപ്പം വര്‍ധിപ്പിക്കുന്നതോടെ ടെലഗ്രാം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാ്ട്‌സാപ്പിനാവും.

പുതിയ പരിഷ്‌കാരങ്ങളില്‍ പ്രധാനം ഗ്രൂപ്പിലെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരം അഡ്മിന് ലഭിക്കും എന്നതാണ്. ഗ്രൂപ്പിലെ അംഗങ്ങള്‍ ഇടുന്ന അനാവശ്യ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് അവരുടെ അനുവാദം ആവശ്യമുണ്ടാകില്ല.

ഒരു ഗ്രൂപ്പിലെ പരമാവധി അംഗങ്ങളുടെ എണ്ണം 256ല്‍ നിന്ന് 512 ആയും വാട്‌സാപ്പ് ഉയര്‍ത്തും. നിലവില്‍ ഗ്രൂപ്പില്‍ ചേര്‍ക്കാവുന്ന അംഗങ്ങള്‍ക്ക് പരിധിയുള്ളതിനാല്‍ പല ബിസിനസ് സ്ഥാപനങ്ങളും ഒന്നിലധികം ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നുണ്ട്.

വോയ്‌സ് കോളില്‍ (Voice Call) ഒരേ സമയം പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കും. നിലവവിലെ എട്ട് പേരില്‍ നിന്ന് 32 ആയി വോയ്‌സ് കോളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം ഉയരും. 32 പേരില്‍ കൂടുതലുള്ള വോയ്‌സ് കോളുകള്‍ക്കായി ഉപ്പോഴുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം ഉപയോഗിക്കാം.

വരുന്ന അപ്‌ഡേറ്റുകളിലൂടെ പുതിയ സൗകര്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തും. ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായി സന്ദേശങ്ങള്‍ക്ക് ഇമോജി റിയാക്ഷന്‍ നല്‍കാനുള്ള സൗകര്യം പുതിയ അപ്‌ഡേറ്റില്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു.

Tags:    

Similar News