ടെക്‌നോളജി സഹായത്തിനില്ല; പാലക്കാട്ടെ കര്‍ഷകര്‍ക്ക് നഷ്ടം വരുന്ന വഴികള്‍
നടീല്‍ യന്ത്രവും ഡ്രോണുകളും ഉപയോഗിക്കുന്നത് വിരളം
പാലക്കാടന്‍ നെല്‍പാടങ്ങളില്‍ ഇപ്പോള്‍ മുണ്ടകന്‍ കൃഷിയുടെ തിരക്കാണ്. വര്‍ഷത്തിലെ ഈ രണ്ടാം വിള ചില പ്രദേശങ്ങളില്‍ വിളവെടുപ്പിനോട് അടുത്തു തുടങ്ങുന്നു. ചില മേഖലകളില്‍ ഞാറ് നടുന്ന തിരക്കാണ്. ജോലികള്‍ക്ക് അതിഥി തൊഴിലാളികളെ കിട്ടാതെ കര്‍ഷകര്‍ വിഷമിക്കുന്നു. അവര്‍ പറയുന്ന തുകക്ക് കരാര്‍ നല്‍കിയാണ് കര്‍ഷകര്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനിടയില്‍ എവിടെയും നടീല്‍ യന്ത്രം കാണാനാകില്ല. കര്‍ഷകര്‍ക്ക് സഹായത്തിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടെത്തിയ നടീല്‍ യന്ത്രം ഇപ്പോഴും വയലിലേക്ക് എത്തിയിട്ടില്ല. അത് പ്രദര്‍ശന വസ്തുവായി എക്‌സിബിഷനുകളിലാണുള്ളത്. തൊഴിലാളികളെ ലഭിക്കാന്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ഏറെ സഹായമാകേണ്ട ഒരു സാങ്കേതിക വിദ്യയാണ് ഇത്തരത്തില്‍ ഉപയോഗശൂന്യമായി മാറുന്നത്. ചിലവ് കുറവ്, സമയലാഭം, കൂടിയ ഉല്‍പാദനക്ഷമത എന്നെല്ലാം വിശേഷിപ്പിച്ചാണ് ഇത്തരം യന്ത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ കൃഷിയിടങ്ങള്‍ ഇപ്പോഴും പാരമ്പര്യത്തിന്റെ മതില്‍കെട്ടുകള്‍ക്കുള്ളില്‍ വട്ടം കറങ്ങുന്നു. നടീല്‍ യന്ത്രം ഒരു ഉദാഹരണം മാത്രം. നെല്‍കൃഷിയില്‍ യന്ത്രങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും കടന്നു വരവ് ഏറെ മന്ദഗതിയിലാണ്. ട്രാക്ടര്‍, കൊയ്ത്ത് യന്ത്രം എന്നിവയെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ജോലികള്‍ക്കുള്ള യന്ത്രങ്ങള്‍ വയലുകളില്‍ കാര്യമായി എത്തുന്നില്ല. ഇതിന് കാരണങ്ങള്‍ ഏറെയാണ്.
ക്ലാസുകളില്‍ ഒതുങ്ങുന്ന സാങ്കേതിക വിദ്യ
കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ കൃഷി വകുപ്പ് നടത്തുന്ന ക്ലാസുകളുടെ എണ്ണവും ഇതിനായുള്ള പണചിലവും ഏറെ. എന്നിട്ടും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടാതെ പോകുന്നത് എന്തു കൊണ്ടാണ്? പരമ്പരാഗത കൃഷി രീതികളില്‍് നിന്ന് മാറി ചിന്തിക്കാന്‍ കര്‍ഷകര്‍ മുന്നോട്ടു വരാത്തതാണ് പ്രധാന കാരണം. കൃഷി രീതികള്‍ മാറ്റുമ്പോള്‍ നഷ്ടം വരുമോ എന്ന ഭയം അവര്‍ക്കുണ്ട്. ഓരോ കര്‍ഷകര്‍ക്കും അവരുടേതായ, അനുഭവ സമ്പത്തില്‍ നിന്ന് ആര്‍ജിച്ച രീതികളാണ് ഉള്ളത്. അതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കൃഷി നടത്താമെന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കാറില്ല. പുതിയ മാറ്റങ്ങളെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും പ്രായോഗിക തലത്തില്‍ വിവരങ്ങള്‍ നല്‍കി കൃഷി രീതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ കൃഷി വകുപ്പിനോ സര്‍വ്വകലാശാലകള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ കഴിയുന്നില്ല. സംസ്ഥാനത്ത് എവിടെയെങ്കിലും ഒരു മാതൃകാ കൃഷി തോട്ടമുണ്ടാക്കി മേനി നടിക്കുകയാണ് ഇത്തരം ഏജന്‍സികള്‍ പലപ്പോഴും ചെയ്യുന്നത്. വിശാലമായ പാടശേഖരങ്ങളില്‍ ടെക്‌നോളജി കാര്യമായ ചലനമുണ്ടാക്കുന്നില്ല. '' നെല്ലിന് മരുന്നടിക്കാന്‍ ഡ്രോണ്‍ ചിലയിടത്തൊക്കെ ഉണ്ടെന്ന് കേള്‍ക്കുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.'' പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരിയിലെ കര്‍ഷകനായ സുരേന്ദ്രന്‍ പറയുന്നു. പുത്തന്‍ സാങ്കേതിക വിദ്യയെ കുറിച്ച് സാധാരണക്കാരായ കര്‍ഷകര്‍ക്കിടയിലുള്ള അജ്ഞത മാറിയിട്ടില്ല.
കൃഷിയുടെ സാമ്പത്തിക ശാസ്ത്രം
കൃഷിയിടങ്ങള്‍ വര്‍ഷം തോറും കുറഞ്ഞു വരുമ്പോള്‍ വിളവ് വര്‍ധിപ്പിക്കല്‍ മാത്രമാണ് പാലക്കാട്ടെ നെല്ലറ നിലനില്‍ക്കാനുള്ള വഴി. ഇതിനാകട്ടെ നിലവിലുള്ള കൃഷി രീതികളില്‍ മാറ്റം ആവശ്യമാകും. സംസ്ഥാന സിവില്‍ സപ്ലൈ കോര്‍പ്പറേഷന്‍ താങ്ങുവിലയില്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നുണ്ടെങ്കിലും പലപ്പോഴും കര്‍ഷകര്‍ നഷ്ടം നേരിടുന്നു. വര്‍ധിച്ചു വരുന്ന കൂലിചിലവ്, കുറഞ്ഞ ഉല്‍പാദനം, വിളനാശം എന്നിവയാണ് കാരണം. സ്വന്തം ഭൂമിയില്‍ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകന് ഒരേക്കറിന് 30,000 രൂപ വരെ ചിലവ് വരുന്നു. പാട്ടത്തിനെടുത്ത സ്ഥലമാണെങ്കില്‍ ഒരു വിളക്ക് 5,000 രൂപ വരെ പാട്ടവും നല്‍കണം. ഏക്കറില്‍ നിന്ന് 2.5 ടണ്‍ നെല്ല് ലഭിക്കുമ്പോള്‍ മാത്രമാണ് ലാഭം ലഭിക്കുന്നത്. എന്നാല്‍ പാലക്കാടന്‍ മേഖലയില്‍ മിക്കയിടത്തും 1.5 ടണ്‍ ആണ് ശരാശരി വിളവ്. ഈ വര്‍ഷം ഒന്നാം വിള കൃഷി ചെയ്തവര്‍ക്ക് ഏക്കറിന് 700 കിലോയാണ് ശരാശരി ലഭിച്ചത്. ഇതോടെ വന്‍ നഷ്ടമുണ്ടായി. ഏക്കറിന് മൂന്ന് ടണ്‍ വരെ ഉല്‍പ്പാദനം നടക്കുന്ന പാടശേഖരങ്ങള്‍ കേരളത്തിലുണ്ട്. എല്ലായിടത്തും ഇതേ വിളവ് ലഭിക്കുന്നതിനുള്ള കൃഷി രീതികള്‍ കര്‍ഷകരെ പഠിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വ്വകലാശാലക്കും കൃഷി വകുപ്പിനും കഴിയേണ്ടതുണ്ട്.
വിള ഇന്‍ഷുറന്‍സിന്റെ സങ്കീര്‍ണത
ഇത്തവണ ഒന്നാം വിള (വിരിപ്പ് കൃഷി) നഷ്ടം നേരിടാന്‍ പ്രധാന കാരണം അമിതമായ മഴയായിരുന്നു. ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ കര്‍ഷകര്‍ക്ക് മാര്‍ഗങ്ങളില്ല. അതേസമയം, വിളനാശത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കേണ്ടതുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വ്യത്യസ്തമായ വിള ഇന്‍ഷുറന്‍സുകള്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ ഇത് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സങ്കീര്‍ണമാണ്. ഏക്കറിന് 100 രൂപ പ്രീമിയമുള്ള സംസ്ഥാന വിള ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കണം. വിളനാശം സംഭവിച്ച വിവരം ബന്ധപ്പെട്ട കൃഷി ഭവനുകളില്‍ അറിയിച്ചാല്‍ ഉദ്യോഗസ്ഥര്‍ വയലില്‍ എത്തി പരിശോധിച്ച് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കണം. ഉദ്യോഗസ്ഥരുടെ ക്ഷാമം മൂലം ഈ നടപടിക്രമം വൈകുന്നു. ഇതോടെ ക്ലെയിം ചെയ്യാന്‍ കര്‍ഷകര്‍ക്ക് കഴിയാതെ പോകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് സാറ്റലൈറ്റ് ബന്ധിതമായതിനാല്‍ ഇത്തരം നൂലാമാലകള്‍ കുറവാണ്. വലിയൊരു പ്രദേശത്ത് സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം സാറ്റലൈറ്റ് വഴി പരിശോധിച്ച് ഇന്‍ഷുറന്‍സിന് പരിഗണിക്കുന്നതാണ് രീതി. ഇതിന് പ്രീമയം തുക കൂടുതലാണെങ്കിലും ക്ലെയിം തുകയും കൂടുതല്‍ ലഭിച്ചു വരുന്നുണ്ട്. പണം അക്കൗണ്ടിലെത്താന്‍ ഒരു വര്‍ഷത്തിലേറെ കാലതാമസമുണ്ടാകുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സും ഇത്തരത്തില്‍ സാറ്റലൈറ്റ് ബന്ധിതമാക്കണമെന്ന ആവശ്യം കര്‍ഷകരില്‍ നിന്ന് ഉയരുന്നുണ്ട്.
നടീല്‍ യന്ത്രം മുതല്‍ ഡ്രോണ്‍ വരെ
യന്ത്രവല്‍ക്കരണത്തിന്റെ സാധ്യതകള്‍ വളരെ കുറച്ചാണ് കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നത്. പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ട്രാക്ടര്‍, ട്രില്ലര്‍, രണ്ട് പതിറ്റാണ്ടിനുള്ളില്‍ വ്യാപകമായ കൊയ്ത്ത് യന്ത്രം എന്നിവക്കപ്പുറം യന്ത്രവല്‍ക്കരണത്തിന് മുന്നേറാനായിട്ടില്ല. കൊയ്ത്ത് യന്ത്രം വയലുകളില്‍ ഉണ്ടാക്കിയത് വലിയ വിപ്ലവമാണ്. ചിലവ് കുറച്ചതിനൊപ്പം സംസ്‌കരണത്തിന്റെ ഘട്ടങ്ങള്‍ കുറക്കാന്‍ ഇത് കൊണ്ട് കഴിയുന്നു. മുന്‍ കാലങ്ങളില്‍ കൊയ്‌തെടുത്ത നെല്ല് മെതിച്ച്, ചേറിയാണ് ചാക്കില്‍ നിറച്ചിരുന്നത്. യന്ത്രങ്ങള്‍ ഇതെല്ലാം ഒന്നിച്ച് ചെയ്യുന്നു. ഇതോടെ പ്രത്യേക മെതിയന്ത്രത്തിന്റെ ആവശ്യമില്ലാതായി. ഇപ്പോഴും വയലുകളില്‍ നടീല്‍ പ്രക്രിയക്ക് യന്ത്രവല്‍ക്കരണം വ്യാപകമായിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ കരാര്‍ അടിസ്ഥാനത്തിലാണ് നടീല്‍ നടത്തുന്നത്. നടീല്‍ യന്ത്രങ്ങള്‍ പൊതുവില്‍ ഫലവത്താണെങ്കിലും വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ വിമുഖരാണ്. മണ്ണിന്റെ സ്വഭാവം ചിലയിടങ്ങളില്‍ നടീല്‍ യന്ത്രങ്ങള്‍ക്ക് അനുയോജ്യമല്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. മണല്‍ പ്രദേശങ്ങളില്‍ മാത്രമാണ് നടീല്‍ യന്ത്രം വിജയിക്കുന്നത്. ചെളി പ്രദേശങ്ങളിലും നിരപ്പല്ലാത്ത പാടശേഖരങ്ങളിലും ഇത് പ്രായോഗികമാകുന്നില്ല. സാധാരണ രീതിയിലുള്ള നടീലിന് ആവശ്യമായ വിത്തിന്റെ പകുതി മാത്രമാണ് യന്ത്രമുപയോഗിച്ചുള്ള നടീലിന് ആവശ്യമായി വരുന്നത് എന്നത് അനുകൂല ഘടകമാണ്. എന്നാല്‍ നിലവിലുള്ള പോരായ്മകള്‍ പരിഹരിച്ചു കൊണ്ടുള്ള യന്ത്രം ആവശ്യമാണെന്ന് കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
കീടങ്ങള്‍ക്കെതിരെ മരുന്നടിക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്ന ഹാന്‍ഡ് സ്‌പേയര്‍ വിദ്യ ചിലവേറിയതും സമയമെടുക്കുന്നതുമാണ്. ഇതിന് പരിഹാരമാകാന്‍ ഡ്രോണുകള്‍ക്ക് കഴിയും. എന്നാല്‍ ഡ്രോണുകള്‍ വ്യാപകമാകാത്തതും ബോധവല്‍ക്കരണ കുറവും ഈ സാങ്കേതിക വിദ്യയെയും പാടശേഖരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. ചിലയിടങ്ങളില്‍ സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്തുകള്‍ ഡ്രോണ്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും വ്യാപകമായിട്ടില്ല. നാനോ വളങ്ങള്‍ വിപണിയില്‍ എത്തുമ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗം നെല്‍കൃഷിയില്‍ കൂടുതല്‍ ഫലവത്താകും.