ബ്രേക്കില്ലാതെ യൂബര്‍ ബില്‍! ആദ്യം 7 കോടി രൂപ! പിന്നെ ഒരു കോടി! യാത്രക്കാര്‍ക്ക് ഷോക്ക്

നോയിഡയ്ക്ക് പിന്നാലെ ബംഗളൂരുവിലും ബില്ലില്‍ വട്ടം കറക്കി യൂബര്‍

Update: 2024-04-02 07:32 GMT

കഴിഞ്ഞ ദിവസമാണ് ഓട്ടോ യാത്ര നടത്തിയ നോയിഡ സ്വദേശിക്ക് ഏഴ് കോടി രൂപയുടെ ബില്ല് നല്‍കി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ ഞെട്ടിച്ചത്. ഇപ്പോള്‍ ഇതാ 10 മിനിറ്റ് യാത്രയ്ക്ക് ഒരു കോടി രൂപയുടെ ബില്ല് ലഭിച്ചെന്ന ആരോപണവുമായി ഹൈദരാബാദുകാരനായ വ്‌ളോഗറും യൂബറിനെതിരെ എത്തിയിരിക്കുന്നു. യൂബര്‍ ആപ്പിലെ കണക്കുകളെ കുറിച്ച് ആളുകളില്‍ സംശയം ഉയര്‍ത്തിയിരിക്കുകയാണ് ഈ രണ്ട് സംഭവങ്ങളും.

ശ്രീരാജ് നിലേഷ് എന്ന യുവാവും ഭാര്യയും ബംഗളൂരുവിലെ കെ.ആര്‍ പുരയെന്ന സ്ഥലത്ത് നിന്ന് വളരെ അടുത്തുള്ള കോറമംഗല എന്ന സ്ഥലത്തേക്കാണ് യൂബര്‍ ഓട്ടോ വിളിച്ചത്. 207 രൂപയായിരുന്നു നിരക്ക് കാണിച്ചത്. പക്ഷെ സ്ഥലത്തെത്തി ക്യു.ആര്‍ കോഡ് വഴി പണം അടയ്ക്കാന്‍ നോക്കിയപ്പോള്‍ ബിൽ തുക  1,03,11,055 രൂപയായി.
എന്ത് സാങ്കേതിക തകരാറാണ് സംഭവിച്ചതെന്നും കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ലെന്നും അതാണ് തെളിവിനായി വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും നിലേഷ് പറയുന്നു.
ആവർത്തനം 
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സമാനമായ രീതിയില്‍ നോയിഡ സ്വദേശിയായ ദീപക് ടെന്‍ഗുരിയയ്ക്ക് 7.66 കോടി രൂപയുടെ ബില്‍ നല്‍കിയത്. 62 രൂപയുടെ ബില്ലിനു പകരമാണ് ഞെട്ടിപ്പിക്കുന്ന തുക കാണിച്ചത്. ദീപക്കിന്റെ സുഹൃത്ത് ഇതേകുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റിട്ടിരുന്നു.
പലസ്ഥലത്തു നിന്നും എതിർപ്പ് ഉയർന്നതോടെ യൂബര്‍ ഇന്ത്യ കസ്റ്റമര്‍ കെയര്‍ ഖേദപ്രകടനവുമായി എത്തിയിട്ടുണ്ട്. മാത്രമല്ല കൃത്യമായ അന്വേഷണം നടത്തി സാങ്കേതിക പ്രശ്‌നം കണ്ടെത്തുമെന്ന് ഉപയോക്താക്കള്‍ക്ക് ഉറപ്പും നല്‍കിയിട്ടുണ്ട് യൂബര്‍.
Tags:    

Similar News