ദുബൈ വഴി തായ്‌ലാന്റിലേക്ക്; ഇ വിസ ജനുവരി ഒന്നു മുതല്‍; കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ സൗകര്യം

ഇനി എംബസിയിലും കോണ്‍സുലേറ്റിലും പോകേണ്ടതില്ല

Update:2024-12-28 11:33 IST

image credit : Thailand Tourism

തായ്‌ലാന്റിലെ ടൂറിസം ആസ്വദിക്കാന്‍ കാത്തിരിക്കുന്ന യു.എ.ഇയിലെ പ്രവാസികള്‍ക്ക് ഇനി വേഗത്തില്‍ വിസ സ്വന്തമാക്കാം. യു.എ.ഇയില്‍ നിന്നുള്ള ഇ വിസ സൗകര്യം ജനുവരി ഒന്നു മുതല്‍ ആരംഭിക്കുമെന്ന് തായ്‌ലാന്റ് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഏതാനും രാജ്യങ്ങളില്‍ നിന്ന് ഈ സൗകര്യം നേരത്തെ നിലവിലുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 60 ദിവസത്തേക്ക് വിസ ഇല്ലാതെ തായ്‌ലാന്റില്‍ പോകാന്‍ സൗകര്യമുണ്ട്. തായ്‌ലാന്റിന്റെ എംബസികളും കോണ്‍സുലേറ്റുകളും പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും പുതുവര്‍ഷത്തില്‍ ഇ വിസ അനുവദിക്കാനാണ് തീരുമാനം. 94 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും. 

പ്രവാസികള്‍ക്ക് ഗള്‍ഫില്‍ നിന്ന് പറക്കാം

തായ്‌ലാന്റ് യാത്ര പ്ലാന്‍ ചെയ്യുന്ന യു.എ.ഇ പ്രവാസികള്‍ക്ക് അബുദബിയിലെ റോയല്‍ തായ് എംബസിയിലോ ദുബൈയിലെ തായ് കോണ്‍സുലേറ്റിലോ പോകേണ്ടി വരില്ല. ഒഫീഷ്യല്‍ വിസ പോര്‍ട്ടലായ www.thaievisa.go.th വഴി അപേക്ഷിക്കാം. ടൂറിസ്റ്റുകള്‍, ബിസിനസുകാര്‍, ഹ്രസ്വകാല താമസത്തിന് പോകുന്നവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ വഴി വിസ കിട്ടും. ആറു മാസം വരെയാണ് വിസ കാലാവധി. 400 ദിര്‍ഹമാണ് (9,200 രൂപ)ഫീസ്.

ആവശ്യമുള്ള രേഖകള്‍

കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടിന്റെ കോപ്പി, ഫോട്ടോ, താമസ സ്ഥലത്തിന്റെ രേഖ, വിമാന ടിക്കറ്റ്, തായ്‌ലാന്റിലെ ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍ എന്നിവയാണ് പ്രധാനമായും ആവശ്യമുള്ളത്. ചിലപ്പോള്‍ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, സാലറി സര്‍ട്ടിഫിക്കറ്റ്, യു.എ.ഇ റെസിഡന്‍സ് പെര്‍മിറ്റ്, മാതാപിതാക്കളുടെയോ ഭര്‍ത്താവിന്റെയോ് വിസയില്‍ ഉള്ളവര്‍ക്ക് സ്‌പോണ്‍സറുടെ എന്‍.ഒ.സി എന്നിവയും ആവശ്യമായി വരാം.

www.thaievisa.go.th എന്ന വെബ്‌സൈറ്റില്‍ ഇമെയില്‍ വിലാസം ഉപയോഗിച്ച് അകൗണ്ട് തുടങ്ങി അപേക്ഷിക്കാം. ആവശ്യമുള്ള രേഖകള്‍ ചേര്‍ക്കുന്നതിനും അപേക്ഷാ ഫീസ് അടക്കുന്നതിനും നിര്‍ദേശം ലഭിക്കും. അപേക്ഷ അംഗീകരിച്ചാല്‍ ഓണ്‍ലൈന്‍ വഴി വിസ ലഭിക്കും.

Tags:    

Similar News