4 ലക്ഷം കടന്ന് കേരളത്തിലെ വനിതാ ബിസിനസ് സംരംഭങ്ങള്‍; രാജ്യത്ത് ഏറ്റവും പിന്നില്‍ ലക്ഷദ്വീപ്

സി.ജി.ടി.എം.എസ്.ഇ സ്‌കീം പ്രകാരം കേരളത്തിലെ വനിതാ സംരംഭങ്ങള്‍ നേടിയത് ₹2,800 കോടി

Update:2024-02-08 16:03 IST
കേരളത്തില്‍ വനിതകള്‍ ഉടമസ്ഥരായുള്ള 4.04 ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുണ്ടെന്ന് (MSMEs) കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഉദ്യം പോര്‍ട്ടല്‍ (Udyam Portal), ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം (Udyam Assist platform) എന്നിവ അടിസ്ഥാനമാക്കി ഈ മാസം ഫെബ്രുവരി 5 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.
എം.എസ്.എം.ഇകള്‍ക്ക് പലിശ ഇളവോടെയും ഈടുരഹിതമായും സബ്‌സിഡികളോടെയും വായ്പകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തന സാഹചര്യം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രം ആവിഷ്‌കരിച്ചതാണ് ഉദ്യം പോര്‍ട്ടല്‍. എം.എസ്.എം.ഇകള്‍ നിര്‍ബന്ധമായും ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
കേരളത്തില്‍ ഉദ്യം പോര്‍ട്ടല്‍ പ്രകാരം 1.43 ലക്ഷം എം.എസ്.എം.ഇ സംരംഭങ്ങളാണ് വനിതകളുടെ ഉടമസ്ഥതയിലുള്ളത്. ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം പ്രകാരം 2.61 ലക്ഷം വനിതാ സംരംഭങ്ങളുമുണ്ട്.
മുന്നില്‍ ബംഗാള്‍, പിന്നില്‍ ലക്ഷദ്വീപ്
വനിതകള്‍ നയിക്കുന്ന സംരംഭങ്ങള്‍ ഏറ്റവുമധികമുള്ളത് ബംഗാളിലാണ് (19.81 ലക്ഷം). ദക്ഷിണേന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലേക്കാള്‍ കൂടുതല്‍ വനിതാ സംരംഭങ്ങളുണ്ട്. തമിഴ്‌നാട്ടില്‍ 11.46 ലക്ഷം, കര്‍ണാടകയില്‍ 8.10 ലക്ഷം, ആന്ധ്രയില്‍ 7.7 ലക്ഷം, തെലങ്കാനയില്‍ 5.79 ലക്ഷം എന്നിങ്ങനെയാണവ.
137 സംരംഭങ്ങളേ വനിതകളുടെ ഉടമസ്ഥതയില്‍ ലക്ഷദ്വീപിലുള്ളൂ എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും പിന്നിലുമാണ് ലക്ഷദ്വീപ്. ഇന്ത്യയിലാകെ 1.4 കോടി എം.എസ്.എം.ഇ സംരംഭങ്ങളെ നയിക്കുന്നത് വനിതകളാണ്.
ഗ്രാന്റ് 2,800 കോടി
സൂക്ഷ്മ, ചെറുകിട (micro and small/MSEs) സംരംഭങ്ങള്‍ക്ക് സിഡ്ബിയുമായി (SIDBI) ചേര്‍ന്ന് കേന്ദ്രം വായ്പാ സഹായം ലഭ്യമാക്കുന്ന സ്‌കീമാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (CGTMSE). ഇതുപ്രകാരം രാജ്യത്താകെ 2000 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലയളവില്‍ 83,222 കോടി രൂപയുടെ വായ്പാസഹായം ലഭ്യമാക്കിയിട്ടുണ്ട്. 16.91 ലക്ഷം സംരംഭങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്ന് എം.എസ്.എം.ഇ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ കേരളത്തില്‍ നിന്നുള്ള 1.28 ലക്ഷം സംരംഭങ്ങളുണ്ട്. ഇവ ആകെ നേടിയ സഹായം 2,802 കോടി രൂപയാണ്.
പി.എം.ഇ.ജി.പിയില്‍ 11,000 സംരംഭങ്ങള്‍
വനിതാ സംരംഭങ്ങള്‍ക്ക് വായ്പയായി മൂലധനം ഉറപ്പാക്കാന്‍ സഹായിക്കുന്ന കേന്ദ്രത്തിന്റെ മറ്റൊരു പദ്ധതിയാണ് പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (PMEGP). വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിപ്രകാരം 2008-09 മുതല്‍ ഈ വര്‍ഷം ജനുവരി 31 വരെ 3.01 ലക്ഷം വനിതാ സംരംഭങ്ങള്‍ക്കായി 9,074 കോടി രൂപയുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. 11,097 വനിതാ സംരംഭങ്ങളാണ് കേരളത്തില്‍ നിന്ന് സഹായം നേടിയത്. 211.46 കോടി രൂപയുടെ സഹായം ഇവര്‍ക്ക് ലഭിച്ചു.
സംരംഭത്തിന് ആവശ്യമായ മൂലധനത്തിന്റെ 95 ശതമാനം തുക ബാങ്കുകള്‍ വായ്പയായി അനുവദിക്കുന്ന പദ്ധതിയാണിത്. ഇതില്‍ 15 മുതല്‍ 35 ശതമാനം വരെ തുക സബ്‌സിഡിയായി കേന്ദ്രം അനുവദിക്കും. ബാക്കി 60-75 ശതമാനം തുക ബാങ്കുകള്‍ വായ്പ നല്‍കുകയാണ് ചെയ്യുന്നത്.
Tags:    

Similar News