വാഹന വിപണിയിലാകെ ആദായ വില്‍പ്പനക്കാലം

വിപണികളെ മാന്ദ്യത്തില്‍ നിന്നു കര കയറ്റാന്‍ വിലയില്‍ വന്‍ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു വാഹന നിര്‍മ്മാതാക്കള്‍. കാര്‍, ഇരുചക്ര, ട്രക്ക് ഉത്പാദകര്‍ അടുത്ത കാലത്തായി ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കിഴിവുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഉത്സവ സീസണില്‍ ഡിമാന്‍ഡ് ഉയരാന്‍ ഇതുപകരിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. 2020 ഏപ്രില്‍ മുതല്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ വരുന്നതു മുന്നില്‍ക്കണ്ടുള്ള തന്ത്രം കൂടിയാണിതിനു പിന്നില്‍.

മുന്‍ മാതൃകകള്‍ പിന്തുടരുന്ന പക്ഷം ഈ വര്‍ഷം പ്രതീക്ഷിക്കാമായിരുന്നത് 5-7 % കിഴിവായിരുന്നെന്ന് നിരീക്ഷകര്‍ പറയുന്നു.അതേസമയം, വിപണിയില്‍ യാത്രാ വാഹനങ്ങള്‍ക്കുള്ള വിലയിളവ് ഇപ്പോള്‍ 29% വരെ ഉയര്‍ന്നതാണ്, ട്രക്ക് നിര്‍മ്മാതാക്കള്‍ 20-25% വരെ നല്‍കുന്നു. മാന്ദ്യം മൂലം കണക്കുകള്‍ തെറ്റിയതോടെ വാഹന കമ്പനികള്‍ സ്റ്റോക്ക് ക്‌ളിയര്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുമുണ്ട്.

വ്യവസായത്തില്‍ പ്രമുഖ സ്ഥാനമുണ്ടായിട്ടും ഏറ്റവും യാഥാസ്ഥിതിക സ്വഭാവം പുലര്‍ത്തിപ്പോന്ന മാരുതി സുസുക്കി 30,000 -1.2 ലക്ഷം രൂപ കിഴിവുമായി പുതിയ പ്രവണതയെ നയിക്കുന്നു. എന്‍ട്രി മോഡല്‍ ആള്‍ട്ടോയ്ക്ക് സ്റ്റിക്കറിലെ വിലയേക്കാള്‍ 18-20 ശതമാനം കുറവ് ലഭ്യമാകുന്നു. ഹ്യൂണ്ടായിയുടെ ഗ്രാന്‍ഡ് ഐ 10 15% കിഴിവാണു വാഗ്ദാനം ചെയ്യുന്നത്.ഇളവുകളുടെ ബലത്തില്‍ വിപണിയില്‍ മല്ല സൂചനകള്‍ വന്നുതുടങ്ങിയതായി മാരുതി സുസുക്കിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മേധാവി ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

വിലയിലെ കിഴിവ് കൂടിവരുന്നതോടെ ഓരോ യൂണിറ്റില്‍ നിന്നും കമ്പനിക്കു കിട്ടുന്ന വരുമാനം ഇടിയുന്നത് രണ്ടാം പാദ ലാഭത്തെ ബാധിക്കുമെന്ന ആശങ്ക മാരുതി സുസുക്കി പങ്കുവയക്കുന്നുമുണ്ട്. പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏഴ് മോഡലുകളാണ് മാരുതി സുസുക്കി പുറത്തിറക്കിയിട്ടുള്ളത്. ഈ ബിഎസ്- 6 വാഹനങ്ങള്‍ക്ക് വലിയ ഡിസ്‌കൗണ്ട് വാഗ്ദാനമാണുള്ളത്.

ടൊയോട്ട കിര്‍ലോസ്‌കര്‍ യാരിസിന് 2,50,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഹോണ്ട 42,000-4,00,000 രൂപ വരെയും. സിആര്‍വിയില്‍ ഏറ്റവും ഉയര്‍ന്ന ഇളവ് വാഗ്ദാനം ചെയ്യുന്നു.റെനോയും നിസ്സാനും വില 1.5 ലക്ഷത്തിലധികം വരെ കുറച്ചു. അടുത്ത വര്‍ഷത്തെ സമയപരിധിക്ക് മുമ്പായി സ്റ്റോക്കുള്ള ബിഎസ്-4 മുഴുവനും വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുകയാണെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. ചില ഡീലര്‍മാര്‍ക്ക് 2017-2018 ലെ പഴയ സ്റ്റോക്ക് നിസ്സാര വിലയ്ക്ക് കയ്യൊഴിയേണ്ടി വന്നേക്കാം.

ഇരുചക്രവാഹന വാഹന വിപണിയിലെ ഇപ്പോഴത്തെ വിലക്കിഴിവ് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒരിക്കലും കാണാത്ത വിധത്തിലുള്ളതാണെന്ന് ഒരു പ്രമുഖ ഡീലര്‍ പറഞ്ഞു.മുന്‍നിര കമ്പനികള്‍ ക്യാഷ് വില്‍പനയ്ക്ക് 1,000-1,500 രൂപ കിഴിവനുവദിക്കുന്നു. വാണിജ്യ വാഹന വിഭാഗത്തിലെ വിലയിളവുകളും വളരെ ഉയര്‍ന്ന നിരക്കിലുള്ളതാണ്. പ്രമുഖ നിര്‍മ്മാതാക്കളുടെ ഇടത്തരം, ഹെവി ട്രക്കുകള്‍ക്ക് 3,50,000-375,000 രൂപ വരെ.

Related Articles
Next Story
Videos
Share it