Begin typing your search above and press return to search.
10 മിനിറ്റില്‍ ഫുള്‍ചാര്‍ജിംഗ്; വൈദ്യുത വാഹനരംഗത്ത് വിപ്ലവമാകാന്‍ ഈ കേരള കമ്പനി
വെറും 5-10 മിനിട്ട് കൊണ്ട് വണ്ടിയുടെ ബാറ്ററി ഫുള്‍ ചാര്‍ജ്; ബാറ്ററിക്കോ 25 വര്‍ഷത്തെ ആയുസ്സും! ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് തോന്നുന്നുണ്ടോ? എന്നാല്‍, ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് നമ്മുടെ കേരളത്തില്‍ പിറന്നൊരു വൈദ്യുത വാഹന നിർമാണ കമ്പനി.
മലയാളി സംരംഭകൻ ബിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി തുടങ്ങിയ 'ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സ്' ആണ് ഫീച്ചര്‍ സമ്പന്നവും ആകര്‍ഷക ലുക്കുള്ളതും ഒപ്പം ഉപഭോക്താവിന് ഏറെ പ്രയോജനപ്പെടുന്ന നിരവധി മികവുകളുമൊക്കെയായി വൈദ്യുത ടൂവീലറുകള്‍ വിപണിയിലെത്തിക്കുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെ.എസ്.യു.എം) ഇന്‍കുബേറ്റ് ചെയ്ത ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സ് മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയിലെ ലാന്‍ഡി ലാന്‍സോയുടെ (Landi Lanzo) ബ്രാന്‍ഡ് നാമം സ്വന്തമാക്കിയാണ് വൈദ്യുത വാഹനങ്ങള്‍ വിപണിയിലിറക്കുന്നത്.
തുടക്കം ടൂവീലറുകള്‍, വൈകാതെ എസ്.യു.വിയും
ഇസഡ് (Z) സീരീസില്‍ ലാന്‍ഡി ഇ-ഹോഴ്സ് (Landi e Horse) എന്ന സൂപ്പര്‍ ബൈക്കും ലാന്‍ഡി ഈഗിള്‍ ജെറ്റ് (Landi eagle Jet) സ്‌കൂട്ടറും ബി (B) സീരീസില്‍ ലാന്‍ഡി ഇ റൈഡര്‍ (Landi e Rider) എന്ന സ്‌കൂട്ടറും ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സ് അവതരിപ്പിച്ച് കഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ വില്‍പന ആരംഭിക്കുമ്പോഴേക്കും ഷോറൂമില്‍ 5 ടൂവീലര്‍ മോഡലുകളുണ്ടാകും. ബി സീരീസില്‍ രണ്ട് വ്യത്യസ്ത മോഡലുകള്‍ കൂടി സജ്ജമാവുന്നു.
കമ്പനിയുടെ താരങ്ങള്‍ ടൂവീലറുകളില്‍ ഒതുങ്ങുന്നില്ല. ഇലക്ട്രിക് എസ്.യു.വിയും ഇലക്ട്രിക് മിനി കാറും പണിപ്പുരയിലുണ്ട്. ലാന്‍ഡി ഇ-ഫോഴ്സ് വണ്‍ (Landi e Force1) എന്നാണ് എസ്.യു.വിക്ക് പേരിട്ടിരിക്കുന്നത്. മിനി കാറിന് ലാന്‍ഡി ഇ-കൂപ്പര്‍ (Landi e Cooper) എന്നും.
അതിവേഗത്തിന് ഫ്ളാഷ് ചാര്‍ജ്; തീപിടിക്കുമെന്ന ഭീതിയും വേണ്ട
വൈദ്യുത വാഹനങ്ങള്‍ക്ക് സ്വീകാര്യത കൂടുന്നുണ്ടെങ്കിലും മൂന്ന് പ്രധാന കാര്യങ്ങള്‍ ഉപഭോക്താക്കളെ അലട്ടുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ഇ.വി മാനേജിംഗ് ഡയറക്ടര്‍ ബിജു വര്‍ഗീസ് ധനംഓണ്‍ലൈനിനോട് പറഞ്ഞു.
ഒന്ന്, ചാര്‍ജിംഗ് സമയമാണ്. രണ്ട്, ബാറ്ററിയുടെ ആയുസ്. തീ പിടിക്കുമോയെന്ന പേടിയാണ് മൂന്നാമത്തേത്. ഈ മൂന്ന് ആശങ്കകള്‍ക്കും പരിഹാരം കണ്ടുകൊണ്ടുള്ളതും നവീന സാങ്കേതിക മികവുകളോടെ തയ്യാറാക്കിയതുമാണ് ഹിന്ദുസ്ഥാന്‍ ഇ.വിയുടെ വൈദ്യുത വാഹനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ലാന്‍ഡി ലാന്‍സോ ഇസഡ് ശ്രേണിയിലെ വാഹനങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിംഗിന് പുറമേ ഇന്ത്യയില്‍ തന്നെ ആദ്യമായി ഫ്ളാഷ് ചാര്‍ജിംഗുമുണ്ട് (Flash Charging).
സാധാരണ വൈദ്യുത സ്‌കൂട്ടറോ കാറോ ബാറ്ററി ചാര്‍ജിംഗിന് 4-6 മണിക്കൂറെങ്കിലും എടുക്കും. ലാന്‍ഡി ലാന്‍സോ ഇസഡ് ശ്രേണിയിലെ വാഹനങ്ങളിലെ ബാറ്ററി ഫാസ്റ്റ് ചാര്‍ജിംഗിലൂടെ ഒരുമണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. ഫ്ളാഷ് ചാര്‍ജിംഗിന് പ്രത്യേക മെഷീനുണ്ട്. ഇത് ലാന്‍ഡി ലാന്‍സോ ഇസഡ് ശ്രേണിയിലെ വാഹനങ്ങളുമായി ഘടിപ്പിക്കാം. അതുവഴി 5-10 മിനിട്ട് കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാം.
ദീര്‍ഘായുസ്സ്
സാധാരണ വൈദ്യുത വാഹനങ്ങളിലെ ബാറ്ററിക്ക് ശരാശരി നാലോ അഞ്ചോ വര്‍ഷമാണ് ആയുസ്. പിന്നീട് ബാറ്ററി മാറ്റേണ്ടി വരുമെന്നതിനാല്‍ ഭാരിച്ച സാമ്പത്തിക ചെലവും വാഹന ഉടമയ്ക്ക് ഇതുണ്ടാക്കുന്നു. എന്നാല്‍, ലാന്‍ഡി ലാന്‍സോ വൈദ്യുത വാഹനങ്ങളിലെ ബാറ്ററിയുടെ ആയുസ് 25 വര്‍ഷമാണെന്ന് ബിജു വര്‍ഗീസ് പറയുന്നു. ഇത് കമ്പനിയുടെ വെറും വാഗ്ദാനമല്ല, വിവിധ ടെസ്റ്റുകളുടെ റിസള്‍ട്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റ് കമ്പനികള്‍ ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുമ്പോള്‍ ലാന്‍ഡി ലാന്‍സോ ഇസഡ് ശ്രേണിയില്‍ ഉപയോഗിക്കുന്നത് ദീര്‍ഘമായ ലൈഫ് സൈക്കിളുള്ള ലിഥിയം ടൈറ്റനേറ്റ് ഓക്സിനാനോ ബാറ്ററിയാണ്. ഈ ബാറ്ററിയാണ് ദീര്‍ഘകാല ആയുസ്സ് വാദ്ഗാനം ചെയ്യുന്നത്. 10 വര്‍ഷം ഗ്യാരന്റിയും 15 വര്‍ഷ വാറന്റിയും കമ്പനി നല്‍കുന്നുമുണ്ട്.
അതായത്, പതിറ്റാണ്ടിന് മുകളില്‍ വാഹനം ടെന്‍ഷനില്ലാതെ ഉപയോഗിക്കാമെന്ന് ബിജു വര്‍ഗീസ് പറയുന്നു. ചാര്‍ജിംഗ് വേളയിലോ മറ്റ് സമയത്തോ താപം സൃഷ്ടിക്കാത്ത കാര്‍ബണ്‍ലെസ് ബാറ്ററി പാക്കേജാണ് ലാന്‍ഡി ലാന്‍സോയിലുള്ളത്. അതിനാല്‍ തീ പിടിക്കുമെന്ന ആശങ്കയും വേണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വൈദ്യുത ബൈക്കും സ്‌കൂട്ടറും
ലോകത്തെ ഏത് ബ്രാന്‍ഡിനോടും കിടപിടിക്കുന്ന ലുക്കും ഫീച്ചറുകളും ആയുധമാക്കിയാണ് ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സ് ലാന്‍ഡി ലാന്‍സോ മോഡലുകള്‍ അവതരിപ്പിക്കുന്നത്. യുവാക്കളെ ത്രസിപ്പിക്കുന്ന സൂപ്പര്‍ബൈക്ക് ലുക്കാണ് ലാന്‍ഡി ഇ ഹോഴ്സിനുള്ളത്. 125 കിലോഗ്രാം ഭാരമുള്ളതാണ് ഈ ഇ-ബൈക്ക്. സ്പോര്‍ട്സ് മോഡില്‍ മണിക്കൂറിൽ 80-100 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഒറ്റ ചാര്‍ജിംഗില്‍ 80-100 കിലോമീറ്ററാണ് റേഞ്ച്. വാഹനത്തിന്റെ കരുത്ത് 3-5 കിലോവാട്ട്.
മണിക്കൂറിൽ 75 കിലോമീറ്ററാണ് 3 കിലോവാട്ട് കരുത്തുള്ള വൈദ്യുത സ്‌കൂട്ടര്‍ ലാന്‍ഡി ഈഗിള്‍ ജെറ്റിന്റെ ടോപ് സ്പീഡ്. റേഞ്ച് 75-100 കിലോമീറ്റര്‍. ലിഥിയം ബാറ്ററിയുള്ളതാണ് ബി സീരീസ്. ഈ ശ്രേണിയിലുള്ള ലാന്‍ഡി ഇ-റൈഡറിന്റെ പരമാവധി വേഗം മണിക്കൂറിൽ 45 കിലോമീറ്റര്‍; റേഞ്ച് 75-100 കിലോമീറ്റര്‍. കടുത്ത 1.2 കിലോവാട്ട്.
ഫ്രാഞ്ചൈസി മോഡലില്‍ വിപണിയിലേക്ക്
എറണാകുളത്താണ് ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സിന്റെ ഫാക്ടറി. പ്രതിമാസം 300 മോഡലുകള്‍ പുറത്തിറക്കാനുള്ള ശേഷി നിലവില്‍ ഫാക്ടറിക്കുണ്ട്. ഫ്രാഞ്ചൈസികളിലൂടെ വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള നടപടികളാണ് ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സ് കൈക്കൊള്ളുന്നത്.
4-5 മാസത്തിനകം വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പനയ്ക്ക് തുടക്കമാകും. കൊച്ചിയിലാകും ആദ്യ ഷോറൂം. പിന്നീട് കേരളമാകെയും തമിഴ്നാട്ടിലും സാന്നിധ്യമറിയിക്കും. തുടര്‍ന്ന്, അഖിലേന്ത്യാ തലത്തിലേക്കും പ്രവര്‍ത്തനം ഉയര്‍ത്തുമെന്ന് ബിജു വര്‍ഗീസ് പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ഇ.വി ഓട്ടോ ഹബ്ബും കേരള പെരുമയും
കേരളത്തിന്റെ സ്വന്തം വൈദ്യുത വാഹന ബ്രാന്‍ഡെന്ന പെരുമയുമായി ആഗോളതലത്തിലേക്ക് ഉയരുകയാണ് ലക്ഷ്യമെന്ന് ബിജു വര്‍ഗീസ് പറഞ്ഞു. 'ഹിന്ദുസ്ഥാന്‍ ഓട്ടോ ഇ.വി ഹബ്ബ്' എന്ന നിലയിലാകും ഷോറൂമുകള്‍ ഒരുക്കുക. സമ്പൂര്‍ണ ഇ.വി ഹബ്ബുകളായിരിക്കും ഇത്.
ഇവിടെ ലാന്‍ഡി ലാന്‍സോ മോഡലുകളുടെ വില്‍പന, സര്‍വീസ് എന്നിവയ്ക്ക് പുറമേ ഏത് വൈദ്യുത വാഹനവും ചാര്‍ജ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. ഉപയോക്താക്കള്‍ക്കായി സൗജന്യ ഹോം തിയേറ്റര്‍, മിനി സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവയും ഇവിടെയുണ്ടാകും. പെട്രോള്‍/ഡീസല്‍ ഔട്ട്ലെറ്റുകളുമുണ്ടാകും. സമാനതകളില്ലാത്ത വൈദ്യുത വാഹനങ്ങളും ഷോറൂമും - ഇതാണ് ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സിന്റെ ലക്ഷ്യമെന്നും ബിജു വര്‍ഗീസ് പറഞ്ഞു.
വിലനിലവാരം
2.85 ലക്ഷം രൂപയാണ് ലാന്‍ഡി ലാന്‍സോ ഇ ഹോഴ്സ് ബൈക്കിന് എക്സ്ഷോറൂം വില. മറ്റ് വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് ഒന്നരലക്ഷത്തിന് മുകളില്‍ വിലയുള്ളപ്പോള്‍ ലാന്‍ഡി ലാന്‍സോ സ്‌കൂട്ടറുകള്‍ പുറത്തിറക്കുക 85,000 മുതല്‍ ഒന്നരലക്ഷം രൂപവരെ ശ്രേണിയിലായിരിക്കും. ഉദ്ഘാടന ഓഫറുകളുമുണ്ടാകുമെന്നതിനാല്‍ ആകര്‍ഷക വിലയ്ക്ക് മോഡലുകള്‍ സ്വന്തമാക്കാമെന്നും ബിജു വര്‍ഗീസ് പറഞ്ഞു. 6-7 മാസത്തിനകം ലാന്‍ഡി ലാന്‍സോ വൈദ്യുത കാറുകളും വിപണിയിലെത്തിക്കാനാണ് ശ്രമം.
പരിവാഹന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് ലാന്‍ഡി ലാന്‍സോ വാഹനങ്ങള്‍. ഇവ ഓടിക്കാന്‍ ഉപയോക്താവിന് ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമാണ്. വാഹനം രജിസ്റ്റര്‍ ചെയ്യുകയും വേണം. വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ അമേരിക്കയിലെ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനിയേഴ്സിന്റെ (SAE) വേള്‍ഡ് മാനുഫാക്ചറര്‍ ഐഡന്റിഫിക്കേഷനന്‍ (WMI) കോഡ് ലഭിച്ചിട്ടുള്ള കേരളത്തിലെ മൂന്നാമത്തെ മാത്രം കമ്പനിയാണ് ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സ്.
കെ.എസ്.ആര്‍.ടി.സിയുടെ 3,500 ഡീസല്‍ ബസുകള്‍ വൈദ്യുത വാഹനങ്ങളായി പരിവര്‍ത്തനം ചെയ്യാനുള്ള ചുമതലയും ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സിന് ലഭിച്ചിട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങളോടെയാണ് ബസുകള്‍ ഇ.വിയാക്കുക. ഇത് കെ.എസ്.ആര്‍.ടി.സിക്ക് പ്രവര്‍ത്തനച്ചെലവില്‍ വന്‍ ലാഭം ഉറപ്പാക്കുമെന്നാണ് വിലയിരുത്തലുകള്‍.
Next Story
Videos