ഥാര്‍ റോക്സ് 5 ഡോര്‍; കുടുംബത്തിനൊപ്പം ആസ്വദിക്കാം, ഓഫ് റോഡ് യാത്രകള്‍

2010ല്‍ ആണ് മഹീന്ദ്ര ആദ്യമായി ഥാര്‍ നിരത്തിലിറക്കുന്നത്. മഹീന്ദ്ര CL550ന്റെ പകരക്കാരനായി അവതരിച്ച മഹീന്ദ്ര മേജറിന്റെ പിന്‍ഗാമി ആയാണ് ഥാര്‍ ഒന്നാം തലമുറക്കാരന്‍ പുറത്തിറങ്ങിയത്. അതിന് ശേഷം രണ്ടാം തലമുറ ഥാര്‍ വളരെ ഏറെ മാറ്റങ്ങളോടെ, പ്രത്യേക ഡിസൈനില്‍ നിരത്തിലിറങ്ങി. കുറവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരു ലക്ഷത്തില്‍ പരം ഥാറുകളാണ് വിറ്റഴിഞ്ഞത്! ഇപ്പോള്‍ വ്യക്തമായ ഡിസൈന്‍ കണ്‍സപ്റ്റോടെ ഥാര്‍ റോക്സ് 5 ഡോര്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.


ഡിസൈന്‍

ഇംഗ്ലീഷ് അക്ഷരം സി ആകൃതിയുള്ള എല്‍ഇഡി ഡിആര്‍എല്‍ വലയത്തില്‍ എല്‍ഇഡി പ്രോജക്റ്റര്‍ ലാമ്പ് ആണ് മുന്‍വശത്തുള്ളത്. ജീപ്പിന്റെ ഗ്രില്ലിനോട് സാമ്യമുണ്ടെന്ന പരാതി തീര്‍ക്കാനെന്നോണം സിക്സ് പായ്ക്ക് എന്ന വിശേഷണത്തോടെ ഗ്രില്‍ രണ്ടായി തിരിച്ച് ബോഡി കളര്‍ കൊടുത്തിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ എന്ന ഒരു മാറ്റം മാത്രമാണ് ബംപറില്‍ കാണാനുള്ളത്. ബോഡി പാനലുകള്‍ക്ക് പഴയ ഥാറുമായി സാമ്യം തോന്നുമെങ്കിലും അവയെല്ലാം പുതിയതാണ്. വീല്‍ ആര്‍ച്ചിന് മാറ്റമൊന്നുമില്ല. വാഹനത്തിന്റെ വീലുകള്‍ 19 ഇഞ്ച് ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. ത്രികോണാകൃതിയിലുള്ള ക്വാര്‍ട്ടര്‍ ഗ്ലാസ്, ബ്ലാക്ക് റൂഫ് ലൈന്‍ എന്നിവ ചിലര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല. ഥാര്‍ റോക്സിലെ 644 ലിറ്റര്‍ ബൂട്ട് സ്‌പേസ് വളരെ വിശാലത നല്‍കുന്നുണ്ട്. ടെയ്ല്‍ ഗേറ്റ് 3 ഡോര്‍ പോലെ തന്നെ രണ്ടായി ഭാഗിച്ചിരിക്കുന്നു. അതില്‍ താഴത്തെ ഭാഗത്ത് കൊടുത്തിരിക്കുന്ന സ്പെയര്‍ വീലില്‍ റിയര്‍ വ്യൂ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്.
ആറടി ഉയരമുള്ള ആള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നാലും (ബാക്കിലേക്ക് സീറ്റ് ഇറക്കിവെയ്ക്കാനുള്ള സാധ്യത) പിന്‍ സീറ്റിലിരിക്കുന്ന ആള്‍ക്ക് ഏകദേശം ഒന്നര ഇഞ്ച് 'നീ റൂം' (Knee room) കിട്ടും. ഏകദേശം രണ്ട് ഇഞ്ച് ഹെഡ് റൂമും ലഭിക്കും.
പക്ഷേ മുതിര്‍ന്നവരായ മൂന്ന് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പിന്‍സീറ്റില്‍ ഇല്ലെന്നത് ഒരു പോരായ്മയാണ്. പിന്‍ സീറ്റുകള്‍ റീക്ലെയ്ന്‍ ചെയ്യാനും സാധിക്കും. എയര്‍ കണ്ടീഷന്‍ വെന്റിലേഷനും ഫോണ്‍ സ്ലോട്ടും പിന്നെ യുഎസ്ബി സി പോര്‍ട്ടും പുറകില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


സസ്പന്‍ഷന്‍
മഹീന്ദ്ര നിരത്തിലിറക്കിയ ഥാറുകളില്‍ ഏറ്റവും റിഫൈന്‍ഡ് ആയിട്ടുള്ള ഡ്രൈവിംഗ് ഓഫര്‍ ചെയ്യുന്നത് 5 ഡോര്‍ ഥാര്‍ റോക്സ് തന്നെയാണ്. സ്‌കോര്‍പിയോയില്‍ നിന്ന് കടമെടുത്ത സ്റ്റിയറിംഗ് വീല്‍ ആവശ്യത്തിലധികം ലൈറ്റാണ്. കുഴികളിലൂടെ പോകുമ്പോള്‍ ഉണ്ടാകുന്ന ചെറിയ കുലുക്കം ഒഴിച്ചാല്‍ സഞ്ചാരം വളരെ സുഖകരമാക്കുന്നത് വീല്‍ബേസ് തന്നെയാണ്. 3 ഡോര്‍ ഥാറിനേക്കാള്‍ 400 എംഎം വീല്‍ബേസ് കൂടുതലാണ് 5 ഡോര്‍ ഥാറിനുള്ളത്. മുന്നിലെ ഇന്‍ഡിപെന്‍ഡന്റ് സസ്പന്‍ഷനുകളും പിന്നിലെ പെന്റാലിങ്ക് സസ്പന്‍ഷനും ചേര്‍ന്ന് 5 ഡോര്‍ ഥാറിന്റെ റൈഡ് ക്വാളിറ്റി ഉറപ്പുവരുത്തുന്നു. പെന്റാ ലിങ്ക് സസ്പെന്‍ഷന്‍ മഹീന്ദ്രയുടെ സ്‌കോര്‍പിയോയിലും കാണാമെങ്കിലും ഇവിടെ പിന്നിലെ ആക്സിലിന്റെ വശങ്ങളിലേക്കുള്ള ചലനം നിയന്ത്രിക്കാന്‍ വാട്ട്സ് ലിങ്കേജ് കൊടുത്തിരിക്കുന്നതിനാല്‍ കോര്‍ണറിംഗ് സുഗമമാകുന്നു. കൂടാതെ ഫ്രീക്വന്‍സി അഡാപ്റ്റീവ് സസ്പന്‍ഷന്‍ ഡാംപര്‍ ആണ് ഇതിലുള്ളത്. അതിനാല്‍ വലിയ കുഴികളില്‍ ചാടുമ്പോള്‍ ഉണ്ടാകുന്ന ആഘാതം കുറയുന്നു.


എന്‍ജിന്‍
2.2 ലിറ്റര്‍ സിആര്‍ഡിഐ ടെക്നോളജി എംഹൗക്ക് ഡീസല്‍ എന്‍ജിന്‍ ഉള്ള വാഹനം 172 ബിഎച്ച്പി ഊര്‍ജവും 370 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പെട്രോള്‍ വേരിയന്റിന്റെ 160 ബിഎച്ച്പി ഊര്‍ജവും 330 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ആണുള്ളത്. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സിനോടാണ് ഈ എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നത്. ഇതുകൂടാതെ മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റും മഹീന്ദ്ര ഓഫര്‍ ചെയ്യുന്നുണ്ട്. ഡീസല്‍ വേരിയന്റില്‍ മാത്രമാണ് ഇപ്പോള്‍ 4 വീല്‍ ഡ്രൈവ് ഓപ്ഷനുള്ളത്. ചെളിയിലും മരുഭൂമിയിലും മലയിലും കാട്ടിലും സുഖമായി ഓടിക്കാല്‍ കെല്‍പ്പുള്ളതാണ് റോക്സിന്റെ 4 വീല്‍ ഡ്രൈവ്. 650 എംഎം വരെ ആഴമുള്ള വെള്ളത്തില്‍ ഇറങ്ങാന്‍ സാധിക്കുമെന്നതാണ് മറ്റൊരു കാര്യം. കൂടാതെ അപ്രോച്ച് ആംഗ്ള്‍ 41.7 ഡിഗ്രിയും ഡിപ്പാര്‍ച്ചര്‍ ആംഗ്ള്‍ 36.1 ഡിഗ്രിയും ആണ്.
അകത്തേക്ക് കയറാന്‍ വശങ്ങളില്‍ സൈഡ് ബാറും എ പില്ലറിലും ബി പില്ലറിലും ഗ്രാബ് ഹാന്‍ഡിലും കൊടുത്തിട്ടുണ്ടെങ്കിലും പ്രായമായവര്‍ക്ക് അകത്തു കയറാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടാകും. ഡ്രൈവര്‍ സീറ്റിന് ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ് ഉണ്ട്. മുന്നിലെ രണ്ട് സീറ്റുകളും വെന്റിലേറ്റഡാണ്. സ്റ്റിയറിംഗ് വീല്‍ ഹൈറ്റ് അഡ്ജസ്റ്റബ്ള്‍ ആണെങ്കിലും ടെലിസ്‌കോപിക് റീച്ച് അഡ്ജസ്റ്റബിള്‍ അല്ല.

സുരക്ഷ

ഥാര്‍ റോക്സിനെ വേറെ ലെവലാക്കുന്നത് ലെവല്‍ രണ്ട് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റമാണ് (ADAS). ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഫോര്‍േവഡ് കൊളിഷന്‍ വാണിംഗ്, സ്റ്റോപ്പ് ആന്‍ഡ് ഗോ ഉള്ള അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലേന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലേന്‍ കീപ്പ് അസിസ്റ്റന്റ്, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍ എന്നീ ഫീച്ചറുകള്‍ ആണ് പ്രധാനപ്പെട്ടത്.


ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റം
10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ഇഞ്ച് ടച്ച് സ്‌ക്രീനും ഇന്‍ഫോട്ടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഉണ്ട്. അഡ്രിനോക്സ് കണക്റ്റഡ് ഫീച്ചറാണ് ഥാര്‍ റോക്സില്‍ ഉള്ളത്. 9 സ്പീക്കറോട് കൂടിയ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം ആണ് ഇതിലുള്ളത്. വയര്‍ലസ് ചാര്‍ജിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോള്‍സ്, ഫ്രണ്ട് വ്യൂ ക്യാമറ, ബ്ലൈന്‍ഡ് വ്യൂ ക്യാമറ, ഒബ്സ്റ്റക്കിള്‍ വ്യൂ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡ് ഉള്ള ഇലക്ട്രിക് പാര്‍ക്ക് ബ്രേക്ക് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ വിവിധ വകഭേദങ്ങളിലായി ഥാര്‍ റോക്സ് ഏഴ് നിറങ്ങളില്‍ ലഭ്യമാണ്. 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം വരെയാണ് ഥാര്‍ റോക്സ് 5 ഡോറിന്റെ എക്സ് ഷോറൂം വില (4x4 വേരിയന്റിന്റെ വില പരസ്യപ്പെടുത്തിയിട്ടില്ല).

ഇഷ്ടമായ കാര്യങ്ങൾ

* ആകര്‍ഷകമായ ഡിസൈന്‍, ടഫ് ബില്‍ഡ് ക്വാളിറ്റി.
* 3 ഡോര്‍ ഥാറിനേക്കാള്‍ മികച്ച ഇന്റീരിയര്‍ ഡിസൈന്‍ സ്ഥല സൗകര്യം, സുഗമമായ ഉപയോഗ സൗകര്യങ്ങള്‍.
* ഫീച്ചര്‍ ലോഡഡ്, 9 സ്പീക്കര്‍ ഹാരന്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, സെഗ്മെന്റില്‍ ഏറ്റവും വലിയ പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ് മുതലായവ.
* റിഫൈന്‍ഡ് പെട്രോള്‍, ഡീസല്‍ എന്‍ജിന്‍.
* 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ്.
* ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് പഴയ ഹൈഡ്രോളിക് സ്റ്റിയറിംഗില്‍ നിന്നും വളരെ മെച്ചപ്പെട്ടു.
* 4X4 ഓഫ്റോഡ് കഴിവുകള്‍.
* പ്രായോഗികമായ കാബിന്‍ സ്ഥല സൗകര്യങ്ങള്‍.
* 644 ലിറ്റര്‍ ബൂട്ട് സ്പേസ്.
* ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകള്‍, 6 എയര്‍ ബാഗുകള്‍, ലെവല്‍ രണ്ട് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിങ്ങനെ 35ല്‍ പരം സുരക്ഷാ ഫീച്ചറുകള്‍.
ഇഷ്ടമാകാത്തവ
* എസ്യുവി എന്ന നിലയില്‍ കാണുമ്പോള്‍ റൈഡ് ക്വാളിറ്റി എക്സ്യുവി 7HH പോലെയോ മറ്റ് മോണോ കോക്ക് ക്രോസ് ഓവര്‍ പോലെയോ മികച്ചതല്ല.
* സ്റ്റൈലിംഗ് ആകര്‍ഷകമാണെങ്കിലും അല്‍പ്പം കൂടിപ്പോയോ എന്ന തോന്നല്‍ ചിലയിടങ്ങളില്‍ ഉണ്ടാകും.
* വെള്ള നിറത്തിലുള്ള സീറ്റുകള്‍ പെട്ടെന്ന് അഴുക്കാകാന്‍ സാധ്യതയുണ്ട്.
* പ്രായമായവര്‍ക്ക് അകത്ത് കയറാന്‍ ബുദ്ധിമുട്ടാകും.
* ഡീസല്‍ വേരിയന്റില്‍ മാത്രമെ 4x4 ലഭ്യമാകുകയുള്ളൂ.
* സ്റ്റിയറിംഗ് റീച്ച് അഡ്ജസ്റ്റും കീ ലെസ് എന്‍ട്രിയും ഇല്ല.
(സീനിയര്‍ ഓട്ടോമൊബൈല്‍ ജേണലിസ്റ്റായ ലേഖകന്‍ പ്രമുഖ ഇംഗ്ലീഷ്, മലയാളം ഓട്ടോമൊബൈല്‍ മാഗസീനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. sureshfx@gmail.com. ഫോണ്‍: 81786 61221)
Suresh Narayanan
Suresh Narayanan - Senior Automobile Journalist  

Related Articles

Next Story

Videos

Share it